
'ടോട്ടൽ ഷുഗർ', 'സാച്ചുറേറ്റ് ഫാറ്റ്' എന്നിവയും 'ഉപ്പി'നൊപ്പം ആശങ്കാജനകമായ പോഷകങ്ങളായി പരിഗണിക്കണം.
magnific.com
AI generated summary, newsroom reviewed
ന്യൂഡൽഹി: ബിസ്കറ്റോ ചിപ്സോ പാനീയമോ വാങ്ങുമ്പോൾ പാക്കറ്റിനു മുന്നിൽ 'ഹൈ ഷുഗർ'എന്ന ചുവന്ന മുന്നറിയിപ്പ് ഇനി കാണേണ്ടിവരും. പാക്കേജ്ഡ് ഭക്ഷ്യോത്പന്നങ്ങളുടെ ലേബലിങ് കർശനമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
പാക്കറ്റിന്റെ മുൻവശത്തെ പോഷകവിവര ലേബലിങ്ങിൽ (ഫ്രണ്ട്-ഓഫ്-പാക്കേജ് ന്യൂട്രീഷൻ ലേബലിങ്, എഫ്ഒപിഎൻഎൽ) 'ടോട്ടൽ ഷുഗർ', 'സാച്ചുറേറ്റ് ഫാറ്റ്' എന്നിവയും 'ഉപ്പി'നൊപ്പം ആശങ്കാജനകമായ പോഷകങ്ങളായി പരിഗണിക്കണമെന്നാണു ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും കെ. വിനോദ് ചന്ദ്രനും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. 'ആഡഡ് ഷുഗർ', 'ആഡഡ് ഫാറ്റ്'എന്നിവ മാത്രം പരിഗണിച്ചാൽ പോരെന്നും കോടതി വ്യക്തമാക്കി.
ഉപഭോക്താക്കൾക്കു വാങ്ങുംമുൻപുതന്നെ ഭക്ഷണത്തെക്കുറിച്ചു വിവേകപൂർവം തീരുമാനമെടുക്കാൻ സഹായിക്കുന്ന ചിത്രരൂപത്തിലുള്ള വിവരമാണ് എഫ്ഒപിഎൻഎൽ.
നാലുമാസം: എഫ്എസ്എസ്എഐ (ഭക്ഷ്യസുരക്ഷാ മാനദണ്ഡ അഥോറിറ്റി) സ്വയം നിർദേശിച്ച നാലുമാസത്തിനകം എഫ്ഒപിഎൻഎൽ ചട്ടങ്ങൾ പ്രാബല്യത്തിലാക്കണം. കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ മുൻകരുതൽ നടപടികളും സ്വീകരിക്കണം.
ഓരോ പോഷകത്തിനും പ്രത്യേക ഷഡ്ഭുജം: ഓരോന്നിലും മുന്നറിയിപ്പു ചിത്രവും 'ഹൈ ഫാറ്റ്', 'ഹൈ ഷുഗർ', 'ഹൈ സോൾട്ട്'എന്ന വാക്കും വേണം. എല്ലാം ചേർന്ന ഒറ്റ ഷഡ്ഭുജം പാടില്ല.
പരിധി പുനഃപരിശോധിക്കണം: ഓരോ പോഷകത്തിന്റെയും പരിധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഉയർത്തിയോ കുറച്ചോ പുനർനിശ്ചയിക്കണം. പരിധി വളരെ കുറഞ്ഞാൽ മിക്കവാറും എല്ലാ ഉത്പന്നത്തിലും മുന്നറിയിപ്പു വരും; അപ്പോൾ ഉപഭോക്താക്കൾ ലേബൽ ശ്രദ്ധിക്കാതാകുന്ന 'ലേബൽ ക്ഷീണം'ഉണ്ടാകും. നിലവിലെ പരിധി ഈ ഗണത്തിലാണെന്നു കോടതി വിലയിരുത്തി. പരിധി വളരെ ഉയർന്നാൽ മിക്ക ഉത്പന്നങ്ങളും ലേബലിൽനിന്നു രക്ഷപ്പെടുകയും ഉപഭോക്താക്കൾ അറിയാതെ ഹാനികരമായ അളവിൽ പൂരിത കൊഴുപ്പും പഞ്ചസാരയും ഉപ്പും കഴിക്കുകയും ചെയ്യും.
സമയം നീട്ടില്ല: പരിവർത്തന കാലയളവ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് എഫ്എസ്എസ്എഐ ഉറപ്പാക്കണം. “ഇനി സമയം നീട്ടിനൽകില്ല; പാലിക്കാത്ത കമ്പനികൾക്കെതിരേ നിയമപ്രകാരം കർശന നടപടിയുണ്ടാകും”എന്ന് കോടതി പറഞ്ഞു.
എഫ്എസ്എസ്എഐ നിർദേശിച്ച ആഡഡ് ഫാറ്റ് എന്ന ആശയം ലോകത്ത് എവിടെയുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കൊഴുപ്പിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങളും കൊഴുപ്പും സാച്ചുറേറ്റഡ് ഫാറ്റും സാച്ചുറേറ്റഡ് ഫാറ്റ് മാത്രമോ ആണ് പരിഗണിക്കുന്നത്.
പഞ്ചസാരയുടെ കാര്യത്തിൽ കാനഡ, ചിലി, കൊളംബിയ, ഇസ്രയേൽ, മെക്സിക്കോ, പെറു, ഉറുഗ്വേ, ഇറാൻ, ഇന്തൊനീഷ്യ, ശ്രീലങ്ക, സിംഗപ്പൂർ, യുഎഇ എന്നീ നിർബന്ധിത രാജ്യങ്ങളും ബ്രിട്ടൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ എന്നീ സ്വമേധയാ രാജ്യങ്ങളും 'ആകെ പഞ്ചസാര'യാണു കണക്കിലെടുക്കുന്നത്. വെനസ്വേല, ബ്രസീൽ, അർജന്റീന, അമേരിക്ക എന്നിങ്ങനെ ചുരുക്കം രാജ്യങ്ങൾ മാത്രമാണ് 'ആഡഡ് ഷുഗർ'പരിഗണിക്കുന്നത്.
ചില ബഹുരാഷ്ട്ര ഭക്ഷ്യകമ്പനികൾ ഇന്ത്യയിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിൽ വിദേശത്തെ അതേ നിലവാരം പാലിക്കുന്നില്ലെന്ന ആക്ഷേപം ബെഞ്ച് പരിഗണിച്ചു. ഉത്പന്നത്തിന്റെ ഘടനയിലും ലേബലിലെ വിവരങ്ങളിലും ഇന്ത്യക്കാർക്ക് ഇത്തരം കമ്പനികൾ മറ്റു രാജ്യങ്ങളിലെ ഉപഭോക്താക്കളോടുള്ളതിൽനിന്നു വ്യത്യസ്തമായ രീതി സ്വീകരിക്കുന്നുവെന്നാണ് ആക്ഷേപം.
ഇത്തരം കമ്പനികൾ മറ്റു രാജ്യങ്ങളിൽ എഫ്ഒപിഎൻഎൽ പാലിക്കുന്നു, ചിലപ്പോൾ സ്വമേധയാ സ്വീകരിക്കുകപോലും ചെയ്യുന്നു; എന്നിട്ടും ഇവിടെ എതിർക്കുന്നു. ഇതു ശരിയാണെങ്കിൽ ഇത്തരം ഇരട്ടത്താപ്പ് അത്യന്തം ആശങ്കാജനകമാണ്- കോടതി പറഞ്ഞു. അമേരിക്കയിലെയോ ബ്രിട്ടനിലെയോ ഉപഭോക്താവിനു ലഭിക്കുന്നതിൽ കുറഞ്ഞ സംരക്ഷണമല്ല ഇന്ത്യയിലെ ഉപഭോക്താവിനു ലഭിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.
എല്ലാ രാജ്യത്തും ഒരേ നിലവാരം പാലിക്കാനും ഇന്ത്യൻ ഉപഭോക്താക്കളുടെ ആരോഗ്യത്തിനും ഇതേ പരിഗണന നൽകാനും ബഹുരാഷ്ട്ര കമ്പനികളോടു കോടതി ആവശ്യപ്പെട്ടു.
പോഷകസാക്ഷരത രാജ്യത്തിന്റെ ആരോഗ്യത്തിലും ഉത്പാദനക്ഷമതയിലുമുള്ള നിക്ഷേപമാണെന്നു നിരീക്ഷിച്ച ബെഞ്ച്, കുട്ടികൾക്കായുള്ള ഭക്ഷ്യസുരക്ഷാ-സന്തുലിത ഭക്ഷണ ചട്ടങ്ങൾ (സ്കൂളുകളിൽ സുരക്ഷിത ഭക്ഷണവും സന്തുലിത ആഹാരക്രമവും, 2020) അക്ഷരത്തിലും ആത്മാവിലും നടപ്പാക്കാൻ കേന്ദ്രത്തോടു നിർദേശിച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തുന്നതിനൊപ്പം ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ കുട്ടികൾക്കു പോഷകസാക്ഷരത പരിശീലിക്കാൻ അവസരം നൽകണമെന്നും കോടതി പറഞ്ഞു.
പൊതുജനക്ഷേമ ട്രസ്റ്റായ '3എസ് ആൻഡ് ഔർ ഹെൽത്ത് സൊസൈറ്റി'നൽകിയ ഹർജിയിലെ അപേക്ഷയിലാണു വിധി. പാക്കേജ്ഡ് ഭക്ഷ്യോത്പന്നങ്ങളിൽ എഫ്ഒപിഎൻഎൽ നിർബന്ധമാക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകണമെന്നായിരുന്നു ആവശ്യം. കേസ് 10 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.