
കാലാവധി തീർന്ന മരുന്നുകൾ എന്തു ചെയ്യണം?
ന്യൂഡൽഹി: കാലാവധി തീർന്ന മരുന്നുകൾ എന്തു ചെയ്യണമെന്നതിൽ പലർക്കും വലിയ ധാരണയില്ല. സാധാരണയായി വീടിനുള്ളിൽ തന്നെ എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്. പക്ഷേ ഇത്തരത്തിൽ കാലാവധി തീർന്ന ഗുളികകളും മരുന്നുകളും പെട്ടെന്ന് തന്നെ ടോയ്‌ലെറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത് ഇല്ലാതാക്കണമെന്നാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ് സിഒ) മാർഗ നിർദേശം. ഇത്തരത്തിൽ പെട്ടെന്ന് ഒഴിവാക്കേണ്ട 17 മരുന്നുകളുടെ പട്ടികയും പുറത്തു വിട്ടിട്ടുണ്ട്.
സാധാരണയായി വേദന, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾ ഇല്ലാതാക്കാനായി ഉപയോഗിക്കുന്ന മരുന്നുകളാണ് ഇവയിൽ ഭൂരിപക്ഷവും. വീട്ടിൽ വച്ചു കൊണ്ടിരുന്നാൽ ഇവ മനുഷ്യർക്കോ മൃഗങ്ങൾക്കോ ദോഷം ചെയ്യാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
കാലാവധി കഴിഞ്ഞാൽ ഫ്ലഷ് ചെയ്ത് നശിപ്പിക്കേണ്ട മരുന്നുകൾ
ഫെന്‍റാനിൽ
ഫെന്‍റാനിൽ സിട്രേറ്റ്
ഡയസെപം
ബൂപെർനോർഫിൻ
ബൂപെർനോർഫിൻ ഹൈഡ്രോക്ലോറൈഡ്
മോർഫിൻ സൾഫേറ്റ്
മെത്തഡൻ ഹൈഡ്രോക്ലോറൈഡ്
ഹൈഡ്രോമോർഫിൻ ഹൈഡ്രോക്ലോറൈഡ്
ഹൈഡ്രോക്ലോറൈഡ് ബൈടാർട്രേറ്റ്
ടാപെന്‍റഡോൾ
ഓക്സിസോഡോൺ ഹൈഡ്രോക്ലോറൈഡ്
ഓക്സിസോഡോൺ
ഓക്സിമോർഫിൻ ഹൈഡ്രോക്ലോറൈഡ്
സോഡിയം ഓക്സിബേറ്റ്
ട്രമെഡോൾ
മീഥൈൽഫീനിഡേറ്റ്
മെപെറിഡിൻ ഹൈഡ്രോക്ലോറൈഡ്
കാലാവധി കഴിഞ്ഞും ഉപയോഗിച്ചാൽ മാരകമാണ് ഇവയിൽ പല മരുന്നുകളും. അതുകൊണ്ടു തന്നെ ഇവ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. വീടിന്‍റെ പരിസരത്തോ വഴിയിലോ മരുന്നുപേക്ഷിക്കുന്നതും അപകടകരമാണ്. ഒരിക്കൽ ഉപയോഗിച്ചാൽ അഡിക്ഷൻ ഉണ്ടാകും വിധം നാർക്കോട്ടിക്സ് ഉപയോഗിച്ച് നിർമിക്കുന്നതാണ് ഇവയിൽ പലതും. അതു കൊണ്ടു തന്നെ ഇവ ഉപയോഗിച്ച് കുട്ടികൾ ഉൾപ്പെടെയുള്ളവരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് കാര്യക്ഷമമായി മരുന്നുകൾ ഇല്ലാതാക്കാനുളഅള നിർദേശം സിഡിഎസ് സിഒ മുന്നോട്ടു വച്ചിരിക്കുന്നത്.