
ഇന്ത്യക്കാർ ഡോളോ കഴിക്കുന്നത് ജെംസ് കഴിക്കുന്നതു പോലെ
ജലദോഷത്തിന്‍റെ ചെറിയ ലക്ഷണം കണ്ടാൽപ്പോലും ഡോളോ വാങ്ങിക്കഴിക്കുന്നത് സാധാരണമാണ് ഇന്ത്യയിൽ. കാഡ്ബറി ജെംസ് കഴിക്കുന്നതു പോലെയാണീ മരുന്ന് സേവ എന്നൊരു ഡോക്റ്റർ എക്സിൽ പങ്കുവച്ച കുറിപ്പാണിപ്പോൾ വൈറലായിരിക്കുന്നത്. ഡോ. പളനിയപ്പൻ മാണിക്യം എന്ന ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റിന്‍റേതാണ് കുറിപ്പ്.
പനി, തലവേദന, ശരീരവേദന എന്നിവയ്ക്കൊക്കെ ഡോക്റ്റർമാർ ഡോളോ 650 നിർദേശിക്കാറുണ്ട്. പ്രിസ്ക്രിപ്ഷൻ അനുസരിച്ച് കഴിച്ചാൽ പൊതുവേ സുരക്ഷിതവുമാണിത് എന്നാൽ, മറ്റേതു മരുന്നും പോലെ ഡോളോയുടെയും അമിത ഉപയോഗം അപകടമാണ്, പ്രത്യേകിച്ച് കരളിന്. അതുകൊണ്ടു തന്നെ ഡോക്റ്റർ നിർദേശിക്കുന്ന അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.
കൊവിഡ്-19 കാലഘട്ടത്തിലാണ് ഇന്ത്യയിലെ ഡോളോ 650 ഉപയോഗത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. വാക്സിനെടുത്ത ശേഷം പനിയുടെ ലക്ഷണങ്ങൾ നേരിടാൻ പാരസെറ്റമോൾ കഴിക്കണമെന്ന ഉപദേശം അന്നു വ്യാപകമായി നൽകിയിരുന്നു.
ഡോളോപാർ ഗുളികയുടെ പിൻഗാമിയാണ് ഇന്നത്തെ ഡോളോ 650. പാരസെറ്റമോൾ തന്നെ ഇതിന്‍റെ പ്രധാന ഘടകം. വേദനയും പനി കാരണമുള്ള ശരീരോഷ്മാവും അനുഭവപ്പെടുത്തുന്ന പ്രോസ്റ്റാഗ്ലാൻഡിൻ ഉത്പാദനം തടയുക വഴിയാണ് ഇതിന്‍റെ പ്രവർത്തനം.
2020ൽ കൊവിഡ് വ്യാപനത്തിനു ശേഷം 350 കോടി ഡോളോ ഗുളികകാണ് വിറ്റഴിക്കപ്പെട്ടത്. ഒറ്റ വർഷം മൈക്രോ ലാബ്സിന് ഇതിൽനിന്നു കിട്ടിയ വരുമാനം 400 കോടി രൂപയായിരുന്നു. മഹാമാരി പടരും മുൻപ് ഏഴരക്കോടി സ്ട്രിപ്പുകൾ മാത്രം വിറ്റിരുന്ന സ്ഥാനത്ത്, അതിനു ശേഷം 9.4 കോടി സ്ട്രിപ്പുകളായി വിൽപ്പന വർധിച്ചിരുന്നു.