

എൻഎംഒ ഏഴാമത് ഇന്ദ്രപ്രസ്ഥ മെഡിക്കൽ സർവീസ് യാത്ര സംഘടിപ്പിച്ചു
file photo
ന്യൂഡൽഹി: പാവപ്പെട്ടവർക്കും ദരിദ്രർക്കും ചേരി നിവാസികൾക്കും ആരോഗ്യ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ നാഷണൽ മെഡിക്കോസ് ഓർഗനൈസേഷൻ (എൻഎംഒ) സേവാ വകുപ്പുമായി സഹകരിച്ച് ഏഴാമത് ഇന്ദ്രപ്രസ്ഥ മെഡിക്കൽ സർവീസ് യാത്ര വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
ദേശീയ തലസ്ഥാനത്തെ വിവിധ സർവീസ് സെറ്റിൽമെന്‍റുകളിലും പാർശ്വവത്കരിക്കപ്പെട്ട പ്രദേശങ്ങളിലുമായി ആകെ 305 സൗജന്യ ജനറൽ ഹെൽത്ത് ക്യാംപുകൾ നടത്തി. "ആസക്തി നിർമാർജനം' എന്നതായിരുന്നു ഈ വർഷത്തെ പ്രത്യേക വിഷയം.
വൈദ്യചികിത്സയിൽ മാത്രമല്ല സാമൂഹിക അവബോധത്തിലും ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചു. ആരോഗ്യ സേവനങ്ങൾക്കൊപ്പം, ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്‍റെ ദോഷകരമായ ശാരീരിക, മാനസിക, സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും മയക്കുമരുന്ന് രഹിത ജീവിതം നയിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രത്യേക സെഷനുകളും നടന്നു.
ഈ വർഷത്തെ യാത്രയുടെ ഏകോപനത്തിന് ഡോ. പ്രവേശ് (ചർമരോഗ വിദഗ്ധൻ), ഡോ. ദേവ് (സൈക്യാട്രിസ്റ്റ്), നിതേഷ് (എംബിബിഎസ് വിദ്യാർഥി, ബിഎസ്എ ആശുപത്രി), മുസ്കാൻ (എൽഎച്ച്എംസി) എന്നിവരുൾപ്പെടെയുള്ള കൺവീനർമാർ നേതൃത്വം നൽകി.
ആസക്തിയിൽ നിന്ന് വിട്ടുനിൽക്കാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും സുരക്ഷിതമായ കുടുംബവും സമൂഹവും കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകാനും ക്യാംപുകളിലൂടെ ആളുകളെ പ്രോത്സാഹിപ്പിച്ചു.ക്യാംപുകളിൽ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്ക് സൗജന്യ മെഡിക്കൽ കൺസൾട്ടേഷനുകൾ, അവശ്യ മരുന്നുകൾ, പ്രാഥമിക രോഗനിർണയ സേവനങ്ങൾ എന്നിവ നൽകി.
രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര എന്നിവയ്ക്കായി പ്രത്യേക സ്ക്രീനിങ്ങുകൾ നടത്തി, രക്താതിമർദം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ജീവിതശൈലി രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിച്ചു. പ്രദേശവാസികൾക്ക് വളരെ ആവശ്യമായ നേത്രരോഗ കൺസൽറ്റേഷൻ നൽകുന്നതിനായി നിരവധി സ്ഥലങ്ങളിൽ നേത്ര പരിശോധനാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഈ ബൃഹത്തായ സേവന ക്യാംപെയിനിൽ 450ലധികം ഡോക്റ്റർമാർ, 650 മെഡിക്കൽ വിദ്യാർഥികൾ, 400 നഴ്‌സിങ്, അനുബന്ധ ആരോഗ്യ പ്രവർത്തകർ എന്നിവർ സജീവ പങ്കാളിത്തം വഹിച്ചു. ഏകദേശം 23,500 രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്തു. വിപുലമായ പരിചരണം ആവശ്യമുള്ള നിരവധി രോഗികളെ തുടർ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്തു.
"സ്വാസ്ഥ്യ സേവാ സേ രാഷ്‌ട്ര സേവാ' (ആരോഗ്യ സേവനത്തിലൂടെ രാഷ്‌ട്ര സേവനം) എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ഡോക്റ്റർമാരുടെയും മെഡിക്കൽ വിദ്യാർഥികളുടെയും രാജ്യവ്യാപകമായ സംഘടനയാണ് നാഷണൽ മെഡിക്കോസ് ഓർഗനൈസേഷൻ (എൻഎംഒ). 1977 മുതൽ പിന്നാക്ക സമൂഹങ്ങളിലുടനീളം ആരോഗ്യ സംരക്ഷണം, ബോധവത്കരണ പ്രവർത്തനങ്ങൾ, രാഷ്‌ട്രനിർമാണ പ്രവർത്തനങ്ങൾ എന്നിവയിൽ സംഘടന സജീവമായി ഏർപ്പെട്ടിരിക്കുന്നു.