

കുട്ടികള്‍ക്ക് അമിതമായി ഫ്രൂട്ട് ജ്യൂസ് കൊടുക്കല്ലേ, പ്രായമാകുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടും
മധുര പാനിയങ്ങളും ഫ്രൂട്ട് ജ്യൂസും സ്ഥിരമായി കഴിക്കുന്ന കുട്ടികള്‍ പ്രായമാകുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമെരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ സര്‍ക്യുലേഷന്‍ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
കുട്ടിക്കാലത്ത് ഒരുപാട് മധുരപാനിയങ്ങളും ഫ്രൂട്ട് ജ്യൂസുകളും കുടിക്കുന്നവരില്‍ പ്രായമാകുമ്പോള്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വരാന്‍ സാധ്യത കൂടുതലാണ്. അത് ഹൃദ്രോഗം, സ്‌ട്രോക് എന്നിവയ്ക്കും കാരണമാകുമെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയത്. 25 വയസുകാരായ 25,000 യുഎസ് പൗരന്മാരിലാണ് പഠനം നടത്തിയത്. 9 വയസു മുതല്‍ 16 വയസുവരെയുമുള്ള ഇവരുടെ ഭക്ഷണ ശീലവും തുടര്‍ന്ന് പ്രായമായതിനു ശേഷമുള്ള ഇവരുടെ ഭക്ഷണ ശീലവുമാണ് പഠനത്തിന് വിധേയമാക്കിയത്.
ദിവസം രണ്ടോ അതില്‍ അധികമോ മധുരപാനിയങ്ങള്‍ കുടിച്ചവരില്‍ 52 ശതമാനം പേര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായി. സോഡകളും സ്‌പോര്‍ട്‌സ് ഡ്രിങ്കുകളുമെല്ലാം രോഗസാധ്യത കൂട്ടി. ദിവസവും സോഡ കുടിക്കുന്നവരില്‍ 23 ശതമാനവും സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍ കുടിക്കുന്നവരില്‍ 36 ശതമാനവും രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത കൂടുതലാണ്. പലരും വിചാരിക്കുന്നത് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളില്ല എന്നാണ്. എന്നാല്‍ ദിവസവും ഒന്നില്‍ അധികം ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത 35 ശതമാനം കൂടുതലാണ്.