
വാർധക്യസഹജമായ അസുഖമെന്നു കരുതപ്പെട്ടിരുന്ന ഈ രോഗാവസ്ഥ ഇന്നു യുവാക്കളിലും വ്യാപകം.
ഡോ. പോൾ ജെ. ആലപ്പാട്ട്
നമ്മുടെ വീട്ടിലോ അയൽപക്കത്തോ ആരെങ്കിലും പെട്ടെന്നൊരു നിമിഷം സംസാരശേഷി നഷ്ടപ്പെട്ടോ ശരീരം തളർന്നോ വീഴുന്നതു നാം കണ്ടിട്ടുണ്ടാകാം. നിമിഷനേരംകൊണ്ട് ഒരാളുടെ ജീവിതം കീഴ്മേൽ മറിക്കുന്ന, ചിന്തിക്കാനും ചലിക്കാനുമുള്ള ശേഷി കവർന്നെടുക്കുന്ന നിശ്ശബ്ദ വില്ലനാണീ പക്ഷാഘാതം അഥവാ സ്ട്രോക്ക്. വാർധക്യസഹജമായ അസുഖമെന്നു കരുതപ്പെട്ടിരുന്ന ഈ രോഗാവസ്ഥ ഇന്നു യുവാക്കളിലും വ്യാപകം.
തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴലുകളിൽ രക്തക്കട്ടയടിഞ്ഞു രക്തയോട്ടം നിലയ്ക്കുമ്പോഴാണ് ഇസ്കീമിക് സ്ട്രോക്ക് (Ischemic Stroke) ഉണ്ടാകുന്നത്. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ലക്ഷക്കണക്കിനു നാഡീകോശങ്ങളാണു നശിക്കുന്നത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ എന്ന ഉറ്റവരുടെ ആശങ്കയ്ക്കു മുന്നിലേക്കാണ് ആധുനിക വൈദ്യശാസ്ത്രം പ്രതീക്ഷയുടെ പുതുവഴി തുറക്കുന്നത്. സ്ട്രോക്ക് ചികിത്സ ഒരുകാലത്ത് രക്തക്കട്ട അലിയിക്കാനുള്ള മരുന്നുകളിൽ ഒതുങ്ങിനിന്നിരുന്നു. അതിനപ്പുറം, തളർന്നുപോയ കൈകാലുകളെ മിനിറ്റുകൾക്കകം പൂർവസ്ഥിതിയിലാക്കാൻ സഹായിക്കുന്ന വിപ്ലവകരമായ അത്യാധുനിക ചികിത്സയാണ് മെക്കാനിക്കൽ ത്രോംബക്ടമി (Mechanical Thrombectomy) എന്ന നൂതന എൻഡോവാസ്കുലർ ചികിത്സാരീതി.
സ്ട്രോക്ക് വന്ന് ആദ്യത്തെ നാലര മണിക്കൂറിനുള്ളിൽ എത്തുന്ന രോഗികളിൽ രക്തക്കട്ട അലിയിക്കാൻ ത്രോംബോളിസിസ് (Thrombolysis) കുത്തിവയ്പ്പ് നൽകാറുണ്ട്. എന്നാൽ, വലിയ രക്തക്കുഴലുകളിൽ വലിയ കട്ടകൾ അടയുമ്പോൾ ഈ മരുന്നുകൾക്ക് പലപ്പോഴും അവ പൂർണമായി അലിയിച്ചു കളയാൻ കഴിയില്ല. മാത്രമല്ല, സമയം വൈകിയാൽ മരുന്ന് നൽകുന്നത് തലച്ചോറിൽ രക്തസ്രാവത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഇവിടെയാണ് കത്തീറ്റർ അധിഷ്ഠിത ചികിത്സ നിർണായകമാകുന്നത്.
ഹൃദയത്തിലെ ആൻജിയോപ്ലാസ്റ്റിക്കു സമാനമായ എൻഡോവാസ്കുലർ ശസ്ത്രക്രിയയാണിത്. രോഗിയുടെ തുടയിലെ രക്തക്കുഴലിലൂടെയോ കൈത്തണ്ടയിലൂടെയോ നേർത്ത ഒരു മൈക്രോ കത്തീറ്റർ തലച്ചോറിലെ അടഞ്ഞ രക്തക്കുഴലിലേക്ക് കടത്തിവിടുന്നു. തുടർന്ന് സ്റ്റെന്റ് റിട്രീവർ അല്ലെങ്കിൽ ശക്തമായ സക്ഷൻ കത്തീറ്റർ ഉപയോഗിച്ച് രക്തക്കട്ട വലിച്ചെടുത്ത് പുറത്തേക്കെടുക്കുന്നു. മിനിറ്റുകൾക്കുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കപ്പെടും.
നാലര മണിക്കൂർ പിന്നിട്ട രോഗികളിലും ഉറക്കത്തിൽ സ്ട്രോക്ക് വന്നവരിലും, അഡ്വാൻസ്ഡ് സിടി പെർഫ്യൂഷൻ സ്കാനിങ്ങിലൂടെ തലച്ചോറിലെ കോശങ്ങൾ നശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി 24 മണിക്കൂർ വരെ ഈ ചികിത്സ വിജയകരമായി ചെയ്യാനാകും. കഠിനമായ തളർവാതത്തിൽ നിന്ന് പൂർണ ആരോഗ്യാവസ്ഥയിലേക്ക് രോഗിയെ തിരിച്ചുകൊണ്ടുവരാൻ ഈ നൂതന ചിൽകിത്സയിലൂടെ വൈദ്യശാസ്ത്രത്തിനു സാധിക്കുന്നുണ്ട്.
മുഖത്തെ മാറ്റങ്ങൾ: ചിരിക്കുമ്പോഴോ സംസാരിക്കുമ്പോഴോ മുഖം ഒരു വശത്തേക്ക് കോടിപ്പോവുക.
കൈകാലുകളുടെ ബലക്കുറവ്: പെട്ടെന്ന് ഒരു വശത്തെ കൈക്കോ കാലിനോ തളർച്ചയോ സ്പർശനശേഷിക്കുറവോ അനുഭവപ്പെടുക.
സംസാരത്തിലെ അവ്യക്തത: സംസാരിക്കാൻ പ്രയാസം നേരിടുക, വാക്കുകൾ കുഴഞ്ഞുപോവുക, അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ സാധിക്കാതെ വരിക.
കാഴ്ച, ശരീരത്തിൽ ഉണ്ടാകുന്ന ബാലൻസ് പ്രശ്നങ്ങൾ: പെട്ടെന്നുണ്ടാകുന്ന കാഴ്ചമങ്ങൽ, ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുക, തലകറക്കം.
ശ്രദ്ധിക്കുക: ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം പാഴാക്കാതെ മികച്ച ആധുനിക ചികിത്സാസൗകര്യങ്ങളും ന്യൂറോ വിദഗ്ധരുമുള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കുക.
ഡോ. പോൾ ജെ ആലപ്പാട്ട്
Dr. Paul J Alapatt
Consultant - Neurologist and Neuro Intervention
Aster MIMS Kozhikode