9.3 കിലോ ഭാരമുള്ള വൃക്കകൾ അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

അപൂർവ രോഗം ബാധിച്ച കണ്ണൂർ സ്വദേശിക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ പുതുജീവൻ
Oversizewd kidneys removed in ASTER MIMS

ബൈലാറ്ററൽ ഓപ്പൺ നെഫ്രക്ടമി എന്ന സങ്കീർണ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ആസ്റ്റർമിംസിലെ മെഡിക്കൽ സംഘം.

Updated on: 

കോഴിക്കോട്: അപൂർവവും അതിസങ്കീർണവുമായ ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിയായ അറുപത്തി ഒന്നുകാരന്‍റെ 9.3 കിലോ ഭാരമുള്ള ഇരു വൃക്കകളും കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോക്റ്റമാർ വിജയകരമായി നീക്കം ചെയ്തു. ജനിതക രോഗമായ ഓട്ടോസോമൽ ഡോമിനന്‍റ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ് മൂലം അസാധാരണമാംവിധം വലുതായി തീർന്ന വൃക്കകളാണ് ബൈലാറ്ററൽ ഓപ്പൺ നെഫ്രക്ടമി എന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. യൂറോളജി, നെഫ്രോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനമാണ് ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്.

കഠിനമായ വയറുവേദനയെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് ആശുപത്രിയിലെത്തിയ രോഗിക്ക് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഇരു വൃക്കകളിലും ദ്രാവകം നിറഞ്ഞ നിരവധി സിസ്റ്റുകൾ രൂപപ്പെടുന്ന പോളിസിസ്റ്റിക് കിഡ്നി എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്. സാധാരണയായി മനുഷ്യശരീരത്തിലെ ഒരു വൃക്കയ്ക്ക് 120 മുതൽ 150 ഗ്രാം വരെ മാത്രമാണ് ഭാരമുണ്ടാകാറുള്ളത്. എന്നാൽ ഈ ജനിതക രോഗാവസ്ഥ കാരണം രോഗിയുടെ വലത് വൃക്കയ്ക്ക് 4.2 കിലോഗ്രാം ഭാരവും ഇടത് വൃക്കയ്ക്ക് 5.1 കിലോഗ്രാം ഭാരവും വന്ന് വലുതാവുകയായിരുന്നു.

Oversizewd kidneys removed in ASTER MIMS

രോഗിയിൽ നിന്നു പുറത്തെടുത്ത വൃക്കകൾ, ഇരു വൃക്കകൾക്കും കൂടെ 9.3 കിലോ ഗ്രാം ഭാരമുണ്ട്. സാധാരണ ആരോഗ്യവാനായ ഒരാളുടെ വൃക്കയ്ക്ക് 120ഗ്രാം മുതൽ 150ഗ്രാം വരെയാണ് ഭാരമുണ്ടാവുക.

വൃക്കകളുടെ ഈ അനിയന്ത്രിതമായ വലിപ്പം രോഗിയുടെ ജീവനും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിനും കടുത്ത ഭീഷണിയായതോടെയാണ് അടിയന്തര ശസ്ത്രക്രിയ അനിവാര്യമായി തീർന്നത്.

ഉദരത്തിലെ പ്രധാന രക്തധമനികളോട് ചേർന്നുനിന്ന ഭീമാകാരമായ വൃക്കകൾ മറ്റ് അവയവങ്ങൾക്ക് കേടുപാടുകൾ കൂടാതെ വേർപെടുത്തിയെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. സൂർദാസ് രാധാകൃഷ്ണൻ പറഞ്ഞു. ഡോ. സൂർദാസ് രാധാകൃഷ്ണൻ, ഡോ.രവികുമാർ കരുണാകരൻ, ഡോ. അഭയ് ആനന്ദ്, ഡോ. അൽഫോൺസ് ഫിലിപ്പ്, ഡോ. ദീപ്ന, അനസ്തെറ്റിസ്റ്റ് ഡോ. മിഥുൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം രോഗാവസ്ഥ കൃത്യസമയത്ത് കണ്ടെത്താനും ഭാരമേറിയ വൃക്കകൾ നീക്കം ചെയ്ത് രോഗിയുടെ ജീവൻ സുരക്ഷിതമാക്കാനും സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം വ്യക്തമാക്കി. കാൽനൂറ്റാണ്ടിന്‍റെ പാരമ്പര്യവും ജനവിശ്വാസവും കൈമുതലാക്കി അത്യാധുനിക ചികിത്സാരീതികളും വിദഗ്ധ പരിചരണവും സാധാരണക്കാർക്ക് ലഭ്യമാക്കാൻ ആസ്റ്റർ മിംസ് പ്രതിജ്ഞാബദ്ധമാണെന്നും ആശുപത്രി മാനെജ്മെന്‍റ് അറിയിച്ചു.