പത്തുലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗം: യുവാവിനെ രക്ഷിച്ചത് മലയാളി ഡോക്റ്റർ

അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ ഡോ. നിയാസ് ഖാലിദിന്‍റെ നേതൃത്വത്തിൽ അപൂർവ ഓട്ടോഇമ്യൂൺ രോഗമായ അഡൽറ്റ് ഓൺസെറ്റ് സ്റ്റിൽസ് ഡിസീസ് ബാധിച്ച 34കാരനെ ചികിത്സിച്ചു ഭേദമാക്കി.
Rare AOSD case: Malayali doctor Abu Dhabi

രണ്ടാഴ്ചയിലധികമായി വിട്ടുമാറാത്ത കടുത്ത പനി, സന്ധിവേദന, കഠിനമായ ക്ഷീണം, കരളിനെ ബാധിക്കുന്ന തരത്തിലുള്ള അണുബാധ എന്നിവയായിരുന്നു രോഗ ലക്ഷണങ്ങൾ.

Updated on

അബുദാബി: പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗം ബാധിച്ച യുവാവിനെ അബുദാബിയിൽ മലയാളി ഡോക്റ്ററുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

അബുദാബി ബുർജീൽ ഹോസ്പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റും മലപ്പുറം സ്വദേശിയുമായ ഡോ. നിയാസ് ഖാലിദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് 'അഡൽറ്റ്-ഓൺസെറ്റ് സ്റ്റിൽസ് ഡിസീസ്' (AOSD) എന്ന അപൂർവ ഓട്ടോഇമ്യൂൺ രോഗം ബാധിച്ച 34 വയസുകാരനെ രക്ഷപെടുത്തിയത്. ഡോ. അബ്ദുൽ ഹക്കീം മുഹമ്മദും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.

രണ്ടാഴ്ചയിലധികമായി വിട്ടുമാറാത്ത കടുത്ത പനി, സന്ധിവേദന, കഠിനമായ ക്ഷീണം, കരളിനെ ബാധിക്കുന്ന തരത്തിലുള്ള അണുബാധ എന്നിവയായിരുന്നു രോഗ ലക്ഷണങ്ങൾ. ഇരുണ്ട ചർമപ്രകൃതിയായതിനാൽ, സാധാരണയായി ശരീരത്തിൽ കാണാറുള്ള ചുവന്ന പാടുകൾ പ്രകടമാകാതിരുന്നത് രോഗനിർണയം സങ്കീർണമാക്കി. മറ്റ് അണുബാധ പരിശോധനകളെല്ലാം നെഗറ്റീവ് ആയതും, ശരീരത്തിലെ 'ഫെരിറ്റിൻ' ലെവൽ അസാധാരണമായി ഉയർന്നതുമാണ് രോഗം എഒഎസ്‌ഡി ആണെന്ന് ഉറപ്പിക്കാൻ സഹായിച്ചത്.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെത്തന്നെ ആക്രമിക്കുന്ന അവസ്ഥയാണിത്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉയർന്ന ഡോസിലുള്ള കോർട്ടിക്കോസ്റ്റീറോയിഡ് തെറാപ്പി ചികിത്സ തുടങ്ങി. 24 മണിക്കൂറിനുള്ളിൽ പനിയും 48 മണിക്കൂറിനുള്ളിൽ സന്ധിവേദനയും മാറി യുവാവ് സുഖം പ്രാപിച്ചു. നിലവിൽ യുവാവ് പൂർണമായി രോഗമുക്തനായെങ്കിലും, ഈ രോഗം ഭാവിയിൽ വീണ്ടും വരാൻ നേരിയ സാധ്യതയുള്ളതിനാൽ കൃത്യമായ തുടർപരിശോധനകൾ ആവശ്യമാണെന്ന് ഡോക്റ്റർമാർ നിർദേശിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com