
അരിവാൾ രോഗനിർമാർജന ദൗത്യം പുതിയ ഘട്ടത്തിലേക്ക്
ഗോത്ര സമൂഹങ്ങൾ രാജ്യത്തിന്‍റെ സാംസ്കeരിക പൈതൃകത്തിന്‍റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഗോത്ര ജനസംഖ്യ ആകെ ജനസംഖ്യയുടെ 8.6% വരും. എന്നാൽ, ഗോത്ര സമൂഹങ്ങളിലെ പലരും അരിവാൾ രോഗം എന്നറിയപ്പെടുന്ന (Sickle Cell Disease) ആരോഗ്യം ക്ഷയിപ്പിക്കുന്ന ജനിതക വൈകല്യത്തിനെതിരേ നിശബ്ദമായി പോരാടുകയാണ്. ഈ രോഗാവസ്ഥ പതിറ്റാണ്ടുകളായി അവരുടെ ആരോഗ്യത്തെയും സാമൂഹിക- സാമ്പത്തിക ഉന്നമനത്തെയും ബാധിക്കുന്നു. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനവും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി. ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ 2023 ജൂലൈയിൽ നാഷണൽ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷൻ (NSCAEM) ആരംഭിച്ചു. അരിവാൾ കോശ ജനിതക വ്യാപനം നിർമാർജനം ചെയ്യുക മാത്രമല്ല, ഈ രോഗാവസ്ഥ ബാധിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ അന്തസും ആരോഗ്യവും പുനഃസ്ഥാപിക്കുക കൂടിയാണ് വിപ്ലവകരമായ ഈ സംരംഭത്തിന്‍റെ ലക്ഷ്യം.
അരിവാൾ രോഗം ചുവന്ന രക്താണുക്കളുടെ ഘടനയിൽ മാറ്റം വരുത്തും, അവയുടെ ഓക്സിജൻ വാഹക ശേഷി ദുർബലപ്പെടുത്തും, കാലക്രമേണ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഗോത്രവർഗ ജനവിഭാഗങ്ങൾക്കിടയിൽ, ഈ ജനിതക തകരാറ് ആനുപാതിക രഹിതമായി ബാധിക്കുന്നതിനാൽ, പ്രത്യഘാതം വളരെ വലുതാണ്. ""ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് എസ്റ്റിമേറ്റ്സ് (2021)'' പ്രകാരം, ഇന്ത്യയിൽ 82,500 അരിവാൾ രോഗബാധിത ജനനങ്ങളുണ്ട്.
2017ലെ ദേശീയ ആരോഗ്യ നയം ഈ പ്രതിസന്ധിയെ അഭിസംബോധന ചെയ്യാനുള്ള അടിത്തറ പാകി. 2023ലെ കേന്ദ്ര ബജറ്റിൽ NSCAEM പ്രഖ്യാപിച്ചു. 2025- 2026 സാമ്പത്തിക വർഷത്തോടെ 40 വയസിൽ താഴെയുള്ള 7 കോടി വ്യക്തികളെ ദൗത്യരൂപേണ പരിശോധനയ്ക്കു വിധേയമാക്കാൻ ലക്ഷ്യമിടുന്നു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു (MoHFW) കീഴിലാണ് ഈ പ്രവർത്തനം നടപ്പിലാക്കുക. ആഗോളതലത്തിൽ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ജനിതക പരിശോധനാ പദ്ധതികളിലൊന്നാണിത്. 2047ഓടെ അരിവാൾ രോഗത്തിന്‍റെ ജനിതക സംക്രമണം നിർമാർജനം ചെയ്യാൻ ദൗത്യം ലക്ഷ്യമിടുന്നു.
ആദ്യ രണ്ട് വർഷങ്ങളിൽ, കേന്ദ്ര മന്ത്രാലയത്തിന്‍റെയും സംസ്ഥാനങ്ങളുടെയും സംയുക്ത പരിശ്രമത്തിലൂടെ ഈ ദൗത്യം ശ്രദ്ധേയമായ ഗുണഫലങ്ങൾ ഉളവാക്കി. 2025 ജൂലൈ 31 വരെ, ഉയർന്ന രോഗവ്യാപനമുള്ള 17 സംസ്ഥാനങ്ങളിലെ 300ലധികം ജില്ലകളിലായി 6.07 കോടിയിലധികം പേരെ പരിശോധിച്ചു. ഇവരിൽ 2.16 ലക്ഷം പേർക്ക് രോഗബാധ കണ്ടെത്തി, 16.92 ലക്ഷം പേരെ വാഹകരായി തിരിച്ചറിഞ്ഞു. 95% കേസുകളും ഒഡിഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര എന്നീ 5 സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ഛത്തീസ്ഗഢിലെ നവപാറ അംബികാപുരിൽ നിന്നുള്ള മീന എന്ന ഗോത്രവിഭാഗത്തിലെ പെൺകുട്ടിയുടെ കഥ ദൗത്യവിജയത്തിന്‍റെ പ്രതീകമാണ്. പരിശോധനാ യഞ്ജത്തിനിടെ രോഗനിർണയം നടത്തിയ മീനയെ അടുത്തുള്ള ഒരു സബ്- ഹെൽത്ത് സെന്‍ററിൽ (എസ്എച്ച്സി) എത്തിച്ചു. അവിടെ പരിശീലനം സിദ്ധിച്ച കമ്യൂണിറ്റി ഹെൽത്ത് ഓഫിസർ, എഎൻഎം, ആശ എന്നിവർ ഹൈഡ്രോക്‌സിയൂറിയ മരുന്ന് സൗജന്യമായി അവൾക്ക് ലഭ്യമാക്കി. അത് രോഗലക്ഷണങ്ങളെ ഗണ്യമായി ലഘൂകരിച്ചു. ഇന്നു മീന ആരോഗ്യകരമായ ജീവിതം നയിക്കുന്നു. കൂടാതെ ജനിതക കൗൺസിലിങ്ങിന് പ്രചാരണവും നടത്തുന്നു.
പരിശോധന ത്വരിതപ്പെടുത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അംഗീകരിച്ച പോയിന്‍റ്- ഓഫ്- കെയർ (PoC) ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. തുടക്കത്തിൽ മൂന്നായി പരിമിതപ്പെടുത്തിയിരുന്ന അംഗീകൃത കിറ്റുകളുടെ എണ്ണം ഇപ്പോൾ 30ലധികമായി. ഇതിലൂടെ ഒരു കിറ്റിന്‍റെ വില ₹100ൽ നിന്ന് ₹28 ആയി ഗണ്യമായി കുറയ്ക്കാനായി.
പരിശോധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടല്ല ഈ ദൗത്യം പുരോഗമിക്കുന്നത്; രോഗനിർണയം നടത്തിയ വ്യക്തികൾക്കുള്ള സമഗ്ര പരിചരണത്തിനും മുൻഗണന നൽകുന്നു. പ്രധാന മരുന്നായ ഹൈഡ്രോക്‌സിയൂറിയയെ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (ഇഡിഎൽ) ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഉപ- ആരോഗ്യ കേന്ദ്രങ്ങളായ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ (എസ്എച്ച്സി- എഎഎം) വരെ ഈ മരുന്ന് ലഭ്യമാണ്. അതിലൂടെ സാർവത്രിക മരുന്ന് ലഭ്യത ഉറപ്പാക്കാനായി. രോഗനിർണയവും മരുന്നുകളും അടക്കമുള്ള സൗജന്യ സേവനങ്ങൾ ഈ ദൗത്യത്തിന് അവിഭാജ്യ ഘടകമാണ്.
2.62 കോടിയിലധികം ജനിതക സ്റ്റാറ്റസ് കാർഡുകൾ വിതരണം ചെയ്തു. ഇത് നിർണായക ആരോഗ്യ വിവരങ്ങളിലൂടെ വ്യക്തികളെ ശാക്തീകരിക്കുന്നു. കൗൺസിലിങ്ങിനും തീരുമാനമെടുക്കൽ പ്രക്രിയയ്ക്കുമുള്ള ഒരു സുപ്രധാന ഉപാധിയായി ഈ കാർഡുകൾ മാറി. ജനിതക വ്യാപന സാധ്യത കുറയ്ക്കുന്ന തെരഞ്ഞെടുപ്പുകൾ നടത്താൻ കുടുംബങ്ങളെ ഇത് പ്രാപ്തമാക്കുന്നു.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമായും, ഗോത്രകാര്യ മന്ത്രാലയത്തിന്‍റെ (MoTA) ധനസഹായം അവലംബിച്ചും മികവിന്‍റെ കേന്ദ്രങ്ങൾ (CoEs) സ്ഥാപിക്കാൻ 15 ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ/ മെഡിക്കൽ കോളെജുകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവ പ്രസവത്തിനു മുമ്പുള്ള രോഗനിർണയത്തിലെ ഗുരുതരമായ രോഗ സങ്കീർണതകളുടെ പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപകടസാധ്യത ഏറെയുള്ള കുടുംബങ്ങൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നു. കൂടാതെ, 2024 ഒക്റ്റോബറിൽ സംഘടിപ്പിച്ച ദേശീയ പരിശീലന (ToT) പരിപാടി, അരിവാൾ രോഗ പരിപാലനത്തിലെ സങ്കീർണതകൾ ഫലപ്രദമായി പരിഹരിക്കാനാവശ്യമായ വൈദഗ്ധ്യവും അറിവും പകർന്ന് ആരോഗ്യ സംരക്ഷണ വിദഗ്ധരെ സജ്ജമാക്കിയിട്ടുണ്ട്.
"സമഗ്ര സർക്കാർ' എന്ന സമീപനമാണ് NSCAEMന്‍റെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം. ഗോത്രകാര്യ മന്ത്രാലയം, സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വനിതാ- ശിശു വികസന മന്ത്രാലയം എന്നിവയെ ആരോഗ്യ മന്ത്രാലയം ഈ മുന്നേറ്റത്തിൽ പങ്കാളികളാക്കുന്നു. MoHFWയുടെ കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പിന്‍റെ പിന്തുണയോടെയുള്ള ഗവേഷണ ഇടപെടലുകൾ ചെലവ് കുറയാനും രോഗികളിൽ മെച്ചപ്പെട്ട ഗുണഫലങ്ങൾ ഉളവാക്കാനും കാരണമായി.
നേട്ടങ്ങൾ പ്രശംസനീയമാണെങ്കിലും, ദൗത്യത്തിന്‍റെ ഭാവി മുൻഗണനകളിലാണ് മന്ത്രാലയം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജനിതക കൗൺസിലിങ്, അവബോധ പ്രചാരണങ്ങൾ, ജനിതക സ്റ്റാറ്റസ് കാർഡുകളുടെ വിതരണം എന്നിവ വിപുലീകരിക്കുന്നതിലാണ് അടിയന്തര ശ്രദ്ധ. ഓരോ രോഗവാഹകനും രോഗബാധിതനും ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാമൂഹിക പ്ലാറ്റ്‌ഫോമുകൾ പ്രയോജനപ്പെടുത്തും. മെച്ചപ്പെട്ട ഗവേഷണം രോഗനിർമാർജനത്തിനുള്ള ഇടപെടലുകൾ കൂടുതൽ പരിഷ്കരിക്കാനുള്ള ഉൾക്കാഴ്ചകൾ നൽകും.
ഈ ദൗത്യത്തിന്‍റെ യഥാർഥ ആത്മാവ് കുടികൊള്ളുന്നത് അതിന്‍റെ ആപ്തവാക്യത്തിലാണ്: "നമ്മുടെ പോരാളികളെ പിന്തുണയ്ക്കുക, അതിജീവിതരെ ശക്തിപ്പെടുത്തുക, നമ്മുടെ യോദ്ധാക്കൾക്കൊപ്പം അണിനിരക്കുക'. രാഷ്‌ട്രീയ ഇച്ഛാശക്തി, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ, അടിസ്ഥാനതലത്തിലുള്ള നിർവഹണം എന്നിവ സമന്വയിപ്പിച്ച് അരിവാൾ രോഗം നിർമാർജനം ചെയ്യാനും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനും ഇന്ത്യ സുസജ്ജമാണ്.
2047ഓടെ അരിവാൾ രോഗ നിർമാർജനം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ, NSCAEM പ്രതീക്ഷയുടെ പ്രകാശഗോപുരമായി നിലകൊള്ളുന്നു. സർക്കാരും ആരോഗ്യ സംരക്ഷണ വിദഗ്ധരും ജനസമൂഹങ്ങളും പൊതു ലക്ഷ്യത്തിനായി ഒന്നിക്കുമ്പോൾ എന്തൊക്കെ സാധ്യമാകുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണിത്. ഈ രോഗാവസ്ഥ മൂലമുണ്ടാകുന്ന വേദനയും കഷ്ടപ്പാടും ഒരു വ്യക്തിക്കും സഹിക്കേണ്ടിവരില്ലെന്ന് നാം ഒരുമിച്ച് ഉറപ്പാക്കും.
അരിവാൾ രോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം കേവലമൊരു ജനിതക വൈകല്യത്തിനെതിരായ പോരാട്ടം മാത്രമല്ല - പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സമത്വം, അന്തസ്, ആരോഗ്യം എന്നിവയോടുള്ള പ്രതിബദ്ധത കൂടിയാണ്. മീനയെപ്പോലുള്ള വ്യക്തികളുടെ അനുഭവങ്ങളിലൂടെ, ലക്ഷ്യവേധിയായ ആരോഗ്യ സംരക്ഷണ സംരംഭങ്ങളുടെ പരിവർത്തന ശക്തിയ്ക്ക് തെളിവായി ഈ ദൗത്യം മാറിയിരിക്കുന്നു. സർവോപരി ഗോത്ര ആരോഗ്യ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലെ ചരിത്രപരമായ മുന്നേറ്റത്തെ കുറിക്കുന്നു.
ഈ വിപ്ലവകരമായ ദൗത്യത്തെ നമുക്കൊരു ആഘോഷമാക്കാം, ആരോഗ്യപൂർണവും സർവാശ്ലേഷിയുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ആവർത്തിച്ച് ഉറപ്പിക്കാം.