Smoking and urinary bladder cancer

പുകവലി ബാധിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല.

Freepik.com

മൂത്രത്തിൽ രക്തം കാണുന്നുണ്ടോ? പുകവലിക്കുന്നവർ ജാഗ്രതൈ!

പുകവലി മൂത്രാശയ ക്യാൻസറിന് പ്രധാന കാരണങ്ങളിൽ ഒന്നാണ്; മൂത്രത്തിൽ രക്തം കണ്ടാൽ ഉടൻ പരിശോധന നിർബന്ധം

ഡോ. മനു പ്രസാദ് എ

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന മുന്നറിയിപ്പ് നാം നിത്യേന കാണുന്നതാണ്. എന്നാൽ, പുകവലി ക്യാൻസറിന് കാരണമാകുമെന്നു കേൾക്കുമ്പോൾ ശ്വാസകോശത്തിലേക്കോ വായയിലേക്കോ മാത്രമാണ് ഭൂരിഭാഗം പേരുടെയും ചിന്തകൾ പോകാറുള്ളത്. പുകവലി എങ്ങനെ മൂത്രാശയത്തെ അഥവാ, ബ്ലാഡറിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല.

ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂത്രാശയ അർബുദ കേസുകളിൽ പകുതിയിലധികം പേർക്കും രോഗമുണ്ടാകുന്നത് പുകവലി മൂലമാണെന്നത് ഗൗരവമായി കാണേണ്ട വസ്തുതയാണ്.

പുകവലി എങ്ങനെ മൂത്രസഞ്ചിയെ ബാധിക്കുന്നു?

പുകവലിക്കുമ്പോൾ പുകയിലയിലുള്ള വിഷാംശങ്ങൾ ശ്വാസകോശത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സിഗരറ്റ് പുകയിലുള്ള കാർസിനോജനുകൾ (ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ) ശ്വാസകോശത്തിലൂടെ രക്തത്തിൽ കലരുന്നു. ഈ രക്തം വൃക്കകൾ വഴി അരിക്കുമ്പോഴാണ് വിഷാംശങ്ങൾ മൂത്രത്തിൽ എത്തുന്നത്.

വിഷാംശങ്ങൾ അടങ്ങിയ മൂത്രം മണിക്കൂറുകളോളം മൂത്രസഞ്ചിയിൽ കെട്ടിക്കിടക്കുമ്പോൾ, അതിലെ ആന്തരിക പാളിയായ 'യൂറോത്തീലിയം' ഈ രാസവസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്നു. ഈ നിരന്തരമായ സമ്പർക്കം കോശങ്ങളിൽ ജനിതക മാറ്റങ്ങളുണ്ടാക്കുകയും അത് ക്രമേണ ക്യാൻസറായി മാറുകയും ചെയ്യുന്നു.

അപകടസാധ്യതയും ലക്ഷണങ്ങളും

പുകവലിക്കാത്ത ഒരാളെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് മൂത്രാശയ ക്യാൻസർ വരാനുള്ള സാധ്യത മൂന്ന് മുതൽ നാല് മടങ്ങ് വരെ കൂടുതലാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ അവ ഒട്ടും അവഗണിക്കരുത്:

  • മൂത്രത്തിൽ രക്തം കാണപ്പെടുക (Hematuria): വേദനയില്ലാതെ മൂത്രത്തിൽ രക്തം കലരുന്നത് ഈ അസുഖത്തിന്‍റെ പ്രധാന ലക്ഷണമാണ്. പലപ്പോഴും ഇത് ഇടവിട്ട് വരുന്നത് കൊണ്ട് പലരും അസുഖം മാറിയെന്ന് തെറ്റിദ്ധരിച്ച് പരിശോധനകൾ വൈകിക്കാറുണ്ട്.

  • മൂത്രമൊഴിക്കുമ്പോഴുള്ള പ്രയാസങ്ങൾ: ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ അനുഭവപ്പെടുക, മൂത്രം പൂർണമായും പോകാതിരിക്കുക.

  • മറ്റ് ലക്ഷണങ്ങൾ: അകാരണമായി ശരീരഭാരം കുറയുക, നടുവേദന, കാലുകളിൽ നീര് എന്നിവ രോഗം മൂർച്ഛിക്കുന്നതിന്‍റെ ലക്ഷണങ്ങളാകാം.

രോഗനിർണയവും ചികിത്സയും

പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് മൂത്രാശയ ക്യാൻസർ. മൂത്രപരിശോധന, അൾട്രാസൗണ്ട് സ്കാനിംഗ്, സിടി സ്കാൻ എന്നിവ പ്രാഥമികമായി രോഗനിർണയത്തിന് സഹായിക്കുന്നു. എന്നാൽ രോഗം ഉറപ്പിക്കാൻ 'സിസ്റ്റോസ്കോപ്പി' (Cystoscopy) എന്ന പരിശോധനയാണ് ഏറ്റവും നിർണായകം.

രോഗത്തിന്‍റെ തീവ്രതയനുസരിച്ച് സർജറി, ഇൻട്രാ വെസിക്കൽ തെറാപ്പി (മൂത്രസഞ്ചിയിലേക്ക് നേരിട്ട് മരുന്ന് നൽകുന്നത്), കീമോതെറാപ്പി, റേഡിയേഷൻ എന്നിവയാണ് സാധാരണ നൽകി വരുന്നത്. ഇന്ന് റോബോട്ടിക് ശസ്ത്രക്രിയ പോലുള്ള അത്യാധുനിക സംവിധാനങ്ങൾ ലഭ്യമായതിനാൽ രോഗികൾക്ക് വേദന കുറഞ്ഞ രീതിയിൽ വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുന്നുണ്ട്.

പ്രതിരോധമാണ് പോംവഴി

  • പുകവലി പൂർണമായും ഉപേക്ഷിക്കുക: പുകയിലയുടെ ഏത് രൂപത്തിലുള്ള ഉപയോഗവും ഒഴിവാക്കണം. ഇ-സിഗരറ്റുകൾ പോലും സുരക്ഷിതമല്ല.

  • ധാരാളം വെള്ളം കുടിക്കുക: ഇത് മൂത്രത്തിലെ വിഷാംശങ്ങളുടെ സാന്ദ്രത കുറയ്ക്കാനും അവയെ വേഗത്തിൽ പുറന്തള്ളാനും സഹായിക്കും.

  • ആരോഗ്യകരമായ ഭക്ഷണശൈലി: പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ഭക്ഷണരീതി പിന്തുടരുക.

  • ജാഗ്രത പാലിക്കുക: രാസവസ്തുക്കളുമായി സമ്പർക്കമുള്ള ജോലി ചെയ്യുന്നവർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

പുകവലി ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തെയാകെ കാർന്നുതിന്നുന്ന ദുശ്ശീലമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഒട്ടും മടിക്കാതെ ഒരു യൂറോളജിസ്റ്റിനെ സമീപിച്ച് വിദഗ്ധ പരിശോധന നടത്തുക. കൃത്യമായ അവബോധവും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് അർബുദത്തെ പ്രതിരോധിക്കാൻ നമുക്ക് മുന്നിലുള്ള ഏക വഴി.

<div class="paragraphs"><p>Dr Manu Prasad A</p></div>

Dr Manu Prasad A

ഡോ. മനു പ്രസാദ് എ

സീനിയർ കൺസൽട്ടന്‍റ് & മെഡിക്കൽ ഓൺകോളജി വിഭാഗം മേധാവി

ആസ്റ്റർ മിംസ്, കണ്ണൂർ

logo
Metro Vaartha
www.metrovaartha.com