ഹൃദയങ്ങളുടെ മുറിവുണക്കാം

രോഗിയുടെയും കുടുംബത്തിന്‍റെയും ശാരീരിക- സാമൂഹിക- സാമ്പത്തിക- ആത്മീയ- മാനസിക പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണമായ പരിചരണം നല്‍കുകയാണ് ഈ ശാസ്ത്ര സാന്ത്വന സമന്വയത്തില്‍.
special story on palliative care
ഹൃദയങ്ങളുടെ മുറിവുണക്കാം
Updated on

ഡോ. എന്‍. അജയന്‍ കൂടല്‍

"മരണമെത്തുന്ന നേരത്തു

നീയെന്‍റെ അരികില്‍ ഇത്തിരി

നേരം ഇരിയ്ക്കണേ...'

2012ല്‍ പുറത്തിറങ്ങിയ സ്പിരിറ്റ് എന്ന ചിത്രത്തിലെ റഫീഖ് അഹമ്മദിന്‍റെ ഈ വരികള്‍ ഒരിയ്ക്കലെങ്കിലും കാരമുള്ളുകളായി മനസില്‍ തറച്ചു നൊമ്പരപ്പെടാത്തവരുണ്ടാകില്ല.

"ഒടുവിലായകത്തേക്കെടുക്കും

ശ്വാസക്കണികയില്‍

പ്രിയമുള്ളവരുടെ

ഗന്ധമുണ്ടാകുവാന്‍'

ആരാണാഗ്രഹിക്കാത്തത്?

ഒടുവിലായി അകത്തേക്കെടുക്കുന്ന ശ്വാസമാണോ പുറത്തേക്കു വിടുന്ന ശ്വാസമാണോ മരണത്തെ ഉറപ്പിക്കുന്നത് എന്ന ചോദ്യം കാലാന്തരമായി ഉത്തരമില്ലാതെ നമ്മുടെ മുമ്പിലുണ്ട്. തണുത്ത നിശബ്ദതയില്‍ നാം വീണ്ടും അതുതന്നെ തെരഞ്ഞു കൊണ്ടിരിക്കുന്നു. ജനനവും മരണവും ജീവിതവുമൊക്കെ മൂന്നക്ഷരങ്ങളാല്‍ ബന്ധപ്പെട്ട കണ്ണികളെങ്കിലും മരണത്തിന്‍റെ നിഴല്‍ നമ്മെ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു. മതഭേദങ്ങളോ ജാതിചിന്തകളോ ഇല്ലാത്ത മരണം അരൂപിയായി, അപ്രതീക്ഷിതമായി കാലൊച്ചകളില്ലാതെ അടുത്തെത്തുമ്പോള്‍ അല്‍പ്പം കൂടി വലിച്ചുനീട്ടാനായെങ്കില്‍ എന്ന് അറിയാതെ ആശിക്കാത്തവരാരുണ്ട്; ഓര്‍മനാശത്തിന്‍റെ നൊമ്പരക്കൂട്ടിലുള്ളവരല്ലാതെ. മരണത്തിന്‍റെ അര്‍ഹതയെ അറിഞ്ഞാദരിക്കുകയും ജീവിതാന്ത്യം ഗുണനിലവാരമെച്ചപ്പെടുത്തലിലൂടെ അനുഭവേദ്യമാക്കുകയുമാണ് സാന്ത്വന പരിചരണം ചെയ്യുന്നത്.

രോഗിയുടെയും കുടുംബത്തിന്‍റെയും ശാരീരിക- സാമൂഹിക- സാമ്പത്തിക- ആത്മീയ- മാനസിക പ്രശ്‌നങ്ങള്‍ക്ക് സമ്പൂര്‍ണമായ പരിചരണം നല്‍കുകയാണ് ഈ ശാസ്ത്ര സാന്ത്വന സമന്വയത്തില്‍. മരണക്കിടക്കയിലെ സ്വന്തക്കാരനായി ഈ ശാസ്ത്രം മാറുമ്പോഴും പാലിയെറ്റീവ് കെയറിനെപ്പറ്റിയുള്ള പൊതുജനങ്ങളുടെ അറിവ് പരിമിതമാണ്. മരണാസന്നനായ രോഗിക്ക് നല്‍കുന്ന അന്ത്യ കൂദാശ പോലെയാണ് പലരും ഇതിനെ കാണുന്നത്- ഡോക്റ്റര്‍മാര്‍ പോലും. മെഡിസിന്‍ പഠനത്തിന്‍റെ കരിക്കുലത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വിട്ടുപോയ പാഠഭാഗങ്ങളായിരുന്നു പാലിയെറ്റീവ് കെയര്‍ അടുത്തകാലം വരെ. സാന്ത്വന പരിചരണ രംഗത്ത് അതികായകനും ആദരണീയനുമായ ലോകമറിയുന്ന പത്മശ്രീ ഡോ. എം.ആര്‍. രാജഗോപാലിന്‍റെയും കൂട്ടരുടെയും നിതാന്ത ജാഗ്രതയുടെയും കഠിന പരിശ്രമങ്ങളുടെയും ഫലമായി അടുത്ത കാലത്ത് എംബിബിഎസ്, നഴ്‌സിങ് പാഠ്യക്രമത്തില്‍ പാലിയെറ്റീവ് കെയറിന്‍റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012ല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പാലിയെറ്റീവ് കെയറിനെ സ്‌പെഷ്യാലിറ്റിയായി അംഗീകരിച്ചിട്ടുണ്ട്. രോഗനിര്‍ണയം മുതല്‍ ജീവിതാന്ത്യവും കടന്ന് സാന്ത്വന പരിചരണം വ്യാപിച്ചുകിടക്കുന്നു. "ഇനിയൊന്നും ചെയ്യാനില്ല. വീട്ടില്‍ കൊണ്ടുപൊയ്‌ക്കൊള്ളൂ' എന്ന് ഡോക്റ്റര്‍ പറയുമ്പോള്‍ പകച്ചുപോകുന്ന രോഗിയുടേയും കുടുംബത്തിന്‍റെയും മുമ്പില്‍ "ഞങ്ങളുണ്ട് കൂടെ' എന്ന സമാശ്വാസത്തിന്‍റെ ചെരാതുകള്‍ തെളിയിക്കാന്‍ പാലിയെറ്റീവ് കെയറിനാവുന്നുണ്ട്, ആവശ്യമുള്ളതിന്‍റെ നേരിയ ശതമാനമേ ആകുന്നുള്ളൂ എങ്കിലും.

പക്ഷേ, ഇത്തരം കൂദാശകള്‍ സാർഥകമാകണമെങ്കില്‍ സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുവാനുള്ള ജാഗ്രതയോടെയുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുണ്ടാകണം. "ചികിത്സിച്ച് രക്ഷപ്പെടുത്താനാവാത്ത നിലയിലാണ് രോഗിയെങ്കില്‍ അയാളെ ഒരു കാരണവശാലും ഐസിയുവിലോ വെന്‍റിലേറ്ററിലോ ഇട്ട് നരകിപ്പിക്കരുത്. വീട്ടുകാരോടൊപ്പം ഒരു മാത്രയെങ്കിലുരൊമാത്ര കഴിയാനനുവദിക്കണം' എന്നാണ് ഡോ. രാജഗോപാലിനെപ്പോലെയുള്ളവര്‍ പരസ്യപ്പെടുത്തുന്നത്. ഇത് മധുരതരമായ വാക്കുകളാവാം. ഇതിന്‍റെ പ്രായോഗികത എത്രയോ അകലെയാണ്. രോഗാവസ്ഥ മൂര്‍ച്ഛിക്കുന്ന അന്ത്യനാളുകളില്‍ വീട്ടുകാരോടൊപ്പം കഴിയുവാനനുവദിക്കണമെന്ന വാദം നല്ലതല്ലേ എന്ന് ചിന്തിക്കുന്ന സാധാരണക്കാരന്‍ കബളിപ്പിക്കപ്പെടുകയാണ്; അര്‍ബുദം, വൃക്കരോഗങ്ങള്‍ എന്നിങ്ങനെയുള്ള ജീവിതപരിമിതമായ രോഗങ്ങള്‍ മൂലം വേദന ലഹരിയാക്കാന്‍ വിധിക്കപ്പെടുന്ന രോഗികളാണെങ്കില്‍ പ്രത്യേകിച്ചും. മാര്‍ഫിന്‍ പോലെയുള്ള വേദന സംഹാരികള്‍ നിര്‍ബാധം ലഭിക്കുന്നുമില്ല. രോഗീപരിചാരകരായ വീട്ടുകാരുടെ മാനസികവ്യഥ മറന്നുകൊണ്ടാണ് ഐസിയു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്. ബുദ്ധിജീവികളും അപാര ചിന്തകന്മാരുമൊക്കെ തന്‍റെ മരണം ഐസിയുവിലോ വെന്‍റിലേറ്ററിലോ ആകരുതെന്ന് എഴുതിവച്ച് മരണപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ അതൊരു ഫാഷൻ പോലെ ആയിരിക്കുന്നു. "എനിക്ക് കിടന്നു മരിക്കുന്നതിനേക്കാള്‍ മരിച്ചുകിടക്കുവാന്‍ ആണ് ഇഷ്ടം' എന്നെഴുതിയും റെക്കോര്‍ഡ് ചെയ്തും വയ്ക്കുകയും ചെയ്ത ആളിന്‍റെ അന്ത്യം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല.

മരണഭയം ഓരോ മനുഷ്യന്‍റെയും കൂടപ്പിറപ്പാണെന്നിരിക്കെ അവസാന കച്ചിത്തുരുമ്പിനായി വിതുമ്പുന്ന സാധാരണക്കാരുണ്ട്. അവര്‍ക്ക് ആദര്‍ശത്തിന്‍റെ പേരില്‍ ആശ നശിപ്പിക്കുന്നത് ക്രൂരമാണ്. ചികിത്സാ രംഗമാകെ കമ്പോളവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഐസിയു, വെന്‍റിലേറ്റര്‍ ചികിത്സാ ഫീസിന് ഏകീകരണമില്ല. മരിക്കുന്നതു വരെ ഒന്നു താമസിപ്പിച്ച് സാന്ത്വന പരിചരണം ലഭ്യമാക്കാന്‍ ഈ മണ്ണിലിടമില്ല എന്ന ദുഃഖസത്യത്തില്‍ നിങ്ങളും ഞാനുമൊക്കെ അങ്ങ് അഭിരമിച്ചുകഴിഞ്ഞുകൂടുകയാണ്. ഒരു സാന്ത്വന പ്രവര്‍ത്തകനായ എന്‍റെ ഒരു സുഹൃത്തിന്, സഹോദരന് പെട്ടെന്നുണ്ടായ വൃക്കാസ്തംഭനവും അമിത തോതിലുള്ള പഞ്ചസാര അളവും മൂലം എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ അഭയം തേടാനിടയായി. 24 മണിക്കൂര്‍ നേരത്തെ ആദ്യ ബില്‍ 77,000 രൂപ കടന്നതറിഞ്ഞപ്പോള്‍ തന്നെ രോഗിയെ ഐസിയുവില്‍ നിന്ന് ഡിസ്ചാര്‍ജാക്കി. പാലിയെറ്റീവ് പരിചരണം പേരിനു മാത്രമുള്ള ഈ നാട്ടില്‍ ആ രോഗി മരണപ്പെട്ടാല്‍ തണുത്ത ജഡത്തിനു മേല്‍ അന്ത്യചുംബനം നല്‍കാനാകുമെന്ന ആശ മാത്രം സഫലമാകും. മരിക്കും വരെ രോഗിയെ ഒന്നു കയറ്റിക്കിടത്താന്‍ ഈ മണ്ണില്‍ ഇടം ഉണ്ടാകുംവരെ നമുക്ക് ഫൈവ്സ്റ്റാര്‍ മരണങ്ങളില്‍ അര്‍മാദിക്കാം.

കനലുകള്‍ ഊതിക്കത്തിക്കാന്‍ കഴിഞ്ഞെങ്കിലേ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകൂ എന്ന തിരിച്ചറിവാണ് പാലിയെറ്റീവ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്. 1973 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജിന്‍റെ ഇരുളടഞ്ഞ ഒരു കോണില്‍ ഡോ. എം.ആര്‍. രാജഗോപാലും ഡോ. സുരേഷ്‌കുമാറും ചേര്‍ന്ന് രൂപം നല്‍കിയ കേരളത്തിലെ പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനത്തിന് കാലാന്തരങ്ങളിലൂടെ കൈവന്ന ചലനങ്ങള്‍ 2003 ല്‍ പാലിയം ഇന്ത്യ എന്ന സ്ഥാപനത്തിന്‍റെ ബീജാങ്കുരത്തോടെ ആഗോളവ്യാപകമാവുകയായിരുന്നു. ഡോ. രാജഗോപാല്‍ ആധുനിക പാലിയെറ്റീവ് കെയറിന്‍റെ അമരക്കാരനായി 75ാം വയസിലും ഈ രംഗത്തെ തേജസുറ്റതാക്കുന്നു. തിരുവനന്തപുരം കേന്ദ്രമാക്കി അദ്ദേഹം രൂപീകരിച്ച പാലിയം ഇന്ത്യ എന്ന സംഘടന ഇന്ന് ലോകാരോഗ്യ സംഘടനയുടെ കൊളാബറേറ്റിങ് സെന്‍റര്‍ എന്നതിനുമപ്പുറം ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമായ ഇക്കണോമിക് ആൻഡ് സോഷ്യല്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായി മാറിക്കഴിഞ്ഞിരിക്കുന്നു. അംഗരാജ്യങ്ങള്‍, യുഎന്‍ സെക്രട്ടേറിയറ്റ് എന്നിവരുമായി സ്വന്തം അനുഭവ സമ്പത്ത് പങ്കിടാനും കഴിയും. 2008 ലെ കേരള പാലിയെറ്റീവ് കെയര്‍ പോളിസി രൂപീകരണത്തിനും ഈ കേന്ദ്രം കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

പാലിയെറ്റീവ് കെയര്‍ രോഗിയെ തേടിയെത്തുന്ന തലത്തിലെത്തിക്കാന്‍ നമുക്കിനിയുമായിട്ടില്ല. ആവശ്യമുള്ളതിന്‍റെ രണ്ടു ശതമാനം പേര്‍ക്കു മാത്രമേ ഇന്നും പാലിയെറ്റീവ് കെയര്‍ ലഭ്യമാകുന്നുള്ളൂ. വേദനാഹരണത്തിൻ ഉപയോഗിക്കുന്ന ഓറല്‍ മോര്‍ഫിന്‍ പോലുള്ള മരുന്നുകള്‍ നമ്മുടെ ഒട്ടുമിക്ക മെഡിക്കല്‍ കോളെജുകളില്‍ പോലും ലഭ്യമല്ല. അതിന്‍റെ കണക്കെടുപ്പിലും മറ്റുമുള്ള ബുദ്ധിമുട്ടുകള്‍ക്ക് ആരും സന്നദ്ധരല്ല തന്നെ. 2014ലെ നിയമനിര്‍മാണ സമയത്ത് ചില എംപിമാരെങ്കിലും യുവാക്കള്‍ മയക്കുമരുന്നിനകപ്പെടുന്ന ദുരന്തം ഒഴിവാക്കുന്നതോടൊപ്പം വേദനിക്കുന്നവര്‍ക്ക് ഈ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയേ തീരൂ എന്ന് എടുത്തുപറഞ്ഞത് ഓര്‍ക്കുന്നു.

നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ ഗോപി രാജ്യസഭയില്‍ പറഞ്ഞു, "ഒരു വശത്ത് ഈ മരുന്നുകള്‍ അടിമത്തമുണ്ടാക്കുന്നു; അതേസമയം മറ്റൊരു കാര്യം നാം കാണണം. നമ്മുടെ നാട്ടിലെ വേദനിക്കുന്ന മനുഷ്യരില്‍ 98 ശതമാനം പേര്‍ക്കും മോര്‍ഫിന്‍ കിട്ടുന്നില്ല. ഇത് ഒരു ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ല. ഓരോ നിമിഷവും 10 ലക്ഷംപേര്‍ കാന്‍സറിന്‍റെ വേദനയില്‍ പുളയുകയാണ്. വേദന സഹിക്കാനാവാതെ വരുമ്പോള്‍ പലരും ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. നാഷണല്‍ ക്രൈംസ് റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 26000 ലേറെ ഭാരതീയര്‍ ആരോഗ്യപരമായ ദുരിതം കാരണം സ്വയം ജീവിതമൊടുക്കുന്നു. മോര്‍ഫിന്‍റെ ദുരുപയോഗം ആകുന്നിടത്തോളം തടഞ്ഞുതന്നെ വേദനിക്കുന്നവര്‍ക്ക് ലഭ്യതയും നമുക്ക് ഉറപ്പുവരുത്തണം. പല രാജ്യങ്ങളും ഇത് നേടിയിട്ടുണ്ട്. ദരിദ്ര രാജ്യമായ ഉഗാണ്ട ഉള്‍പ്പെടെ.'

സുപ്രസിദ്ധ ജേര്‍ണലിസ്റ്റ് ശേഖര്‍ ഗുപ്ത പറയുന്നതനുസരിച്ച് ജനാധിപത്യ ലോകത്തിലെ ഏറ്റവും ക്രൂരമായ നിയമമായിരിക്കും (ഡ്രക്കോണിയന്‍) നമ്മുടെ ചഉജട നിയമം! ഒരു കാന്‍സര്‍ രോഗി എപ്പോഴും ആഗ്രഹിക്കുന്നത് വേദനാഹരണമാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായ ഗോവിന്ദന്‍കുട്ടി ഒരിക്കല്‍ എഴുതി "വേദന, വേദന ലഹരിപിടിക്കും വേദന ഞാനതില്‍ മുഴുകട്ടെ'. ഡോ. രാജ് തറപ്പിച്ചുപറയുന്നു- ലഹരി പിടിപ്പിക്കുന്ന വേദനയില്ല. അതൊക്കെ പാടിപ്പൊലിപ്പിക്കാന്‍ കൊള്ളാം. മധുരനൊമ്പരമൊക്കെ പറപറക്കും ഏതെങ്കിലും അവയവത്തില്‍ വേദന തിളച്ചുരുകി കയറുമ്പോള്‍'. സാന്ത്വന ചികിത്സയില്‍ മുഴുകിയിട്ടുള്ള ഡോക്റ്ററുടെ ഊന്നല്‍ വേദനയുടെ പരിചരണത്തിലും പരിഹാരത്തിലുമാകുന്നു. ഗീര്‍വാണവും തത്വചിന്തയുമല്ല പാലിയെറ്റീവ് കെയര്‍. ഒരു തൂവല്‍സ്പര്‍ശം പോലെ സിരകളിലൂടെ പടര്‍ന്നുകയറണം, മതിയാവോളം.

എല്ലാ വര്‍ഷത്തെയും രണ്ടാമത്തെ ശനിയാഴ്ചയാണ് ലോക സാന്ത്വന പരിചരണ ദിനം. ഈ വര്‍ഷം ഒക്‌ടോബര്‍ 12ന്. "പ്രഖ്യാപനത്തിന്‍റെ പത്താം വര്‍ഷം നാം എവിടെയെത്തി' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 2014ലെ ലോകാരോഗ്യ സംഘടനയുടെ 67ാം നമ്പര്‍ പ്രമേയമാണ് സൂചന. ആരോഗ്യ പരിപാലനത്തിന്‍റെ എല്ലാ അംശത്തിലും പാലിയെറ്റീവ് കെയര്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രമേയം. ദുഃഖത്തിന്‍റെ അനുഭവവും സുഖപ്പെടുത്തലിന്‍റെ ആവശ്യകതയും ലോകത്തെമ്പാടുമുള്ള മനുഷ്യരെ ഒന്നിപ്പിക്കുന്നു എന്നതാണ് സാന്ത്വനത്തിന്‍റെ അന്തഃസത്ത. ജ്വരമുദ്രകള്‍ ചാര്‍ത്തിയ കൊവിഡ് മഹാമാരിയില്‍ മനുഷ്യന്‍ ദുരിതത്തെപ്പറ്റിയും ദുഃഖത്തെപ്പറ്റിയും മരണത്തെപ്പറ്റിയും സംസാരിച്ചുതുടങ്ങിയിരിക്കുന്നു. ഭയവിഹ്വലതകള്‍ക്കിടയില്‍ ശബ്ദം നിലച്ചവരുടെ ശബ്ദമായി "പാലിക്കോവിഡ്' എന്ന സങ്കല്‍പ്പനം യാഥാർഥ്യമാക്കിയതിനു പിന്നില്‍ പാലിയം ഇന്ത്യയുമുണ്ട്.

ജീവിതം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാകാം. രോഗിയോടൊപ്പം "നിരാസവും ഒറ്റപ്പെടലും', "കോപം', "വിലപേശല്‍', "വിഷാദം'. "അംഗീകാരം' എന്നിവയ്ക്ക് കൂട്ടായി അവരോടൊത്തു കഴിയുന്ന ജീവിതപങ്കാളിയുടെ പിടച്ചിലില്‍ അവന്‍ ഏകാകിയായിരിക്കും. കനവുകള്‍ കനലുകളാകുമ്പോള്‍ ചുണ്ടുകളില്‍ ഉറഞ്ഞുകൂടുന്ന വേപഥുവുണ്ട്- നിസംഗമായി. അതേ ജീവിതത്തില്‍ പുഞ്ചിരിക്കും മൗനത്തിനും വലിയ സ്ഥാനമാണല്ലോ ഉള്ളത്. ഒരു പൂവ് വിരിയുന്നതുപോലെ രോഗി പുഞ്ചിരിച്ചുതുടങ്ങട്ടെ.

"മരണം നിങ്ങളുടെ എല്ലാ അടയാളങ്ങളേയും ഇല്ലായ്മ ചെയ്യുന്ന ഒന്നാണ്. ജനനത്തിന്‍റെ ആരവങ്ങള്‍ക്കൊപ്പം പിന്നീടേക്കുള്ള ഒരു മരണത്തിന്‍റെ സങ്കടങ്ങളും പിറവി കൊള്ളുന്നുണ്ട്. മരണമെന്ന ബ്ലീച്ചിങ് കഴിയുമ്പോള്‍ എല്ലാ നിറങ്ങളും നഷ്ടപ്പെട്ട് നിങ്ങള്‍ ഏകവര്‍ണരാകുന്നു'. എന്‍റെ പ്രിയ സുഹൃത്ത് ഡോ. സതീഷ്‌കുമാര്‍ (വയനാട്) ഫെയ്സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍ എത്ര അന്വർഥമാണ്. വരൂ നമുക്കീ ഹൃദയങ്ങളടെ മുറിവുണക്കാം- ഒരു മാത്രയെങ്കില്‍ ഒരു മാത്ര.

(ലേഖകന്‍റെ ഫോൺ: 9447324846)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com