എപ്പോഴും ചീഞ്ഞ മുട്ടയുടെ നാറ്റമെന്ന് യുവതി; സ്കാനിങ്ങിൽ കണ്ടെത്തിയത് ബ്രെയിൻ ട്യൂമർ

അവൾക്കനുഭവപ്പെട്ടിരു‌ന്ന നാറ്റം ചുറ്റുപാടിൽ നിന്നായിരുന്നില്ല, പകരം അത് അവളുടെ സ്വന്തം തലച്ചോറിൽ നിന്നു തന്നെയായിരുന്നു.
Woman constantly smelled rotting eggs; scan reveals brain tumor

എപ്പോഴും ചീഞ്ഞ മുട്ടയുടെ നാറ്റമെന്ന് യുവതി; സ്കാനിങ്ങിൽ കണ്ടെത്തിയത് ബ്രെയിൻ ട്യൂമർ

Updated on

എല്ലായ്പ്പോഴും ചീഞ്ഞ മുട്ടയുടെ നാറ്റമാണെന്ന പരാതിയുമായെത്തിയ പെൺകുട്ടിക്ക് തലച്ചോറിൽ ട്യൂമറാണെന്ന് കണ്ടെത്തി ഡോക്റ്റർമാർ. ഹൈദരാബാദ് അപ്പോളാ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ആണ് വിചിത്രമായ ലക്ഷണത്തെക്കുറിച്ച് എക്സിലൂടെ പങ്കു വച്ചിരിക്കുന്നത്. പൊതു ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിന്‍റെ ഭാഗമായാണ് ഇതേക്കുറിച്ച് പറയുന്നതെന്നും ഡോക്റ്റർ വ്യക്തമാക്കിയിട്ടുണ്ട്.

23 വയസുള്ള പെൺകുട്ടിയായിരുന്നു രോഗി. കുറേ കാലമായി എവിടെയിരുന്നാലും ചീഞ്ഞ മുട്ടയുടെ നാറ്റമുണ്ടെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. എന്നാൽ മറ്റാർക്കും അങ്ങനെയൊരു ഗന്ധം കിട്ടുന്നില്ലെന്ന് കണ്ടതോടെ വീട്ടുകാർ ഉൾപ്പെടെ പെൺകുട്ടിയുടെ മാനസിക പ്രശ്നമായിരിക്കുമെന്ന് വിധിയെഴുതി. ‌കുടുംബാംഗങ്ങളുടെ നിർദേശപ്രകാരം പെൺകുട്ടി സൈക്കോളജിസ്റ്റുമായി കൂടിക്കാഴ്ച നടത്തി.

എന്നാൽ പരിശോധനയ്ക്കൊടുവിൽ യുവതിക്ക് യാതൊരു വിധ മാനസികപ്രശ്നങ്ങളോ ഉത്കണ്ഠയോ വിഷാദമോ ഇല്ലെന്നാണ് കണ്ടെത്തിയത്. പെട്ടെന്ന് ചീഞ്ഞമുട്ടയുടെ ഗന്ധം വരുന്നു, കുറച്ച് മിനിറ്റുകളോളം അതു നില നിൽക്കും , പിന്നെയങ്ങ് പോകും എന്നായിരുന്നു പെൺകുട്ടി ഡോക്റ്ററോട് പറഞ്ഞത്. ഒരു ദിവസം ഇതു പോലെ നാറ്റമുണ്ടെന്ന് പറഞ്ഞതിനു പിന്നാലെ പെൺകുട്ടി അഞ്ച് മിനിറ്റോളം ബോധരഹിതയായി. അതോടെയാണ് കുടുംബാംഗങ്ങൾ അവളെ ന്യൂറോളജിസ്റ്റിന് അടുക്കൽ എത്തിച്ചത്. തനിക്കരികിലെത്തുമ്പോൾ മസ്തിഷ്കത്തിലെ ചില മാറ്റങ്ങൾ മൂലമുള്ള ഫാന്‍റോസ്മിയ എന്ന ഒരു തരം ഹാലുസിനേഷൻ അവസ്ഥയിലായിരുന്നു പെൺകുട്ടിയെന്ന് ഡോക്റ്റർ. അവൾക്കനുഭവപ്പെട്ടിരു‌ന്ന നാറ്റം ചുറ്റുപാടിൽ നിന്നായിരുന്നില്ല, പകരം അത് അവളുടെ സ്വന്തം തലച്ചോറിൽ നിന്നു തന്നെയായിരുന്നു.

എംആർഐ സ്കാനിൽ പെൺകുട്ടിയുടെ തലച്ചോറിൽ ട്യൂമറുണ്ടെന്ന് കണ്ടെത്തി. ഗന്ധം, ഓർമ, വികാരങ്ങൾ എന്നിവയെ നിയന്ത്രിക്കുന്ന ഭാഗത്തായിരുന്നു ട്യൂമർ. അതു മൂലം അപസ്മാരം ഉണ്ടാകാൻ വരെ സാധ്യതയുണ്ടായിരുന്നു. ശസ്ത്രക്രിയ ചെയ്ത് പെൺകുട്ടിയുടെ തലച്ചോറിൽ നിന്ന് ട്യൂമർ നീക്കം ചെയ്തുവെന്നും അതിനു ശേഷം ഒരിക്കലും അത്തരത്തിൽ ഒരു നാറ്റം അനുഭവപ്പെട്ടിട്ടില്ലെന്ന് പെൺകുട്ടി പറഞ്ഞുവെന്നും ഡോക്റ്റർ എക്സിൽ കുറിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വിചിത്രമായ കാഴ്ചകൾ, ഗന്ധം, കേൾവി എന്നിവയെല്ലാം തോന്നലാണെന്ന് കരുതി അവഗണിക്കരുതെന്നും ഡോക്റ്റർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com