
മൂത്ര പരിശോധനയിലൂടെ ശ്വാസ കോശാർബുദത്തെ തുടക്കത്തിൽ തന്നെ കണ്ടെത്താമെന്ന് കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. ശ്വാസ കോശാർബുദം ആദ്യഘട്ടത്തിൽ കണ്ടെത്തുന്നത് വളരെ അപൂർവമായാണ്. ചികിത്സയ്ക്കും പരിമിതിയുണ്ട്. തുടക്കത്തിലേ അസുഖം കണ്ടെത്തിക്കഴിഞ്ഞാൽ മെച്ചപ്പെട്ട ചികിത്സ നൽകാൻ സാധിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. നിലവിൽ ഈ പരിശോധന ഏറെ ചെലവേറിയതാണ്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഒരുമിച്ചാണ് ഈ പരിശോധന നടപ്പാക്കുന്നത്. ലങ് ക്യാൻസറിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സോംബി എന്നറിയപ്പെടുന്ന സെൽ പ്രോട്ടീനുകളെ കണ്ടെത്തുന്നതിനായാണ് ഈ ടെസ്റ്റ്.
എന്താണ് സോംബി സെൽ
ശരീരത്തിൽ തുടരുന്ന ജീർണിച്ച അല്ലെങ്കിൽ കേടുപാടുകളോടു കൂടിയ കോശങ്ങളാണിവ. എന്നാൽ ഇവ വീണ്ടും വളരുകയോ വിഭജിക്കപ്പെടുകയോ ചെയ്യാറില്ല. പക്ഷേ ഈ കോശങ്ങൾ അവയുടെ ചുറ്റുപാടും ക്യാൻസർ കോശങ്ങൾ രൂപപ്പെടാനുള്ള സാഹചര്യമുണ്ടാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇവ ഒരു തരം പ്രോട്ടീൻസും ഉത്പാദിപ്പിക്കുന്നുണ്ട്.
ഈ പ്രോട്ടീനുകളുമായി ചേർന്ന് ഒരു തരം മിശ്രിതം ഉത്പാദിപ്പിക്കാൻ പ്രാപ്തമായ ചില പദാർഥം ഇൻജക്ഷനിലൂടെ ആദ്യം ശരീരത്തിലെത്തിക്കും. ഇവ പ്രോട്ടീനുമായി പ്രതിപ്രവർത്തിച്ച് മിശ്രിതം രൂപപ്പെട്ടാൽ അതിന്‍റെ സാന്നിധ്യം മൂത്രത്തിൽ നിന്ന് അറിയാൻ സാധിക്കും. ഈ പരിശോധനയാണ് ശ്വാസ കോശാർബുദത്തെ കണ്ടെത്താനായി ഉപയോഗിക്കുന്നത്. എലികളിൽ ഈ പരീക്ഷണം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. വൈകാതെ മനുഷ്യരിലും പ്രയോഗിക്കാൻ സാധിക്കും.