കോണ്ടാക്റ്റ് ലെൻസ് മാറ്റാതെ നീന്താൻ ഇറങ്ങി; കണ്ണിൽ അപൂർവ രോഗം ബാധിച്ച് യുവാവ്

അസഹ്യമായ വേദന‍യ്ക്കൊപ്പം ഇടത്തെ കണ്ണ് ചുവന്ന് തടിച്ചു. കണ്ണിൽ നിന്ന് നിരന്തരമായി കണ്ണീർ ഒഴുകാൻ തുടങ്ങി
Young man contracts rare eye infection after swimming without removing contact lenses

കോണ്ടാക്റ്റ് ലെൻസ് മാറ്റാതെ നീന്താൻ ഇറങ്ങി; കണ്ണിൽ അപൂർവ രോഗം ബാധിച്ച് യുവാവ്

Updated on

ബാലി: കോണ്ടാക്റ്റ് ലെൻസ് മാറ്റാതെ നീന്താൻ യുവാവിന്‍റെ കണ്ണിന് അപൂർവ രോഗം ബാധിച്ചു. ഇന്തോനേഷ്യയിലെ ബാലി സന്ദർശിക്കുന്നതിനിടെ നീന്താനിറങ്ങിയ മാറ്റ് ഫ്ലാക്ക് എന്ന ബ്രിട്ടിഷ് യുവാവിനാണ് കണ്ണിന്‍റെ കാഴ്ചയെ പോലും ബാധിക്കുന്ന അക്കാന്തഅമീബ കെരാറ്റൈറ്റിസ് എന്ന രോഗം ബാധിച്ചത്. അതിസൂക്ഷ്മ അമീബകൾ മൂലമാണ് ഈ അസുഖം ഉണ്ടാകുന്നത്. ബാലിയിലെ നീന്തൽ കുളത്തിൽ ഇറങ്ങിയപ്പോളാണ് ഫ്ലാക്ക് കോണ്ടാക്റ്റ് ലെൻസ് ഊരി മാറ്റാൻ മറന്നത്. തൊട്ടു പിന്നാലെ തന്നെ കണ്ണിൽ അസ്വസ്ഥതകൾ ഉണ്ടായി. സാധാരണ അണുബാധ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അസഹ്യമായ വേദന‍യ്ക്കൊപ്പം ഇടത്തെ കണ്ണ് ചുവന്ന് തടിച്ചു. കണ്ണിൽ നിന്ന് നിരന്തരമായി കണ്ണീർ ഒഴുകാൻ തുടങ്ങി. വെളിച്ചത്തിലേക്ക് നോക്കാൻ വലിയ ‌ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. എന്തിനേറെ കണ്ണ് തുറന്നു വയ്ക്കാൻ തന്നെ ബുദ്ധിമുട്ടിയെന്ന് ഫ്ലാക്ക് പറയുന്നു.

അസ്വസ്ഥത തോന്നിയപ്പോൾ കോണ്ടാക്റ്റ് ലെൻസ് നീക്കം ചെയ്തുവെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. തുടർന്ന് പെട്ടെന്ന് തന്നെ ബ്രിട്ടനിലേക്ക് തിരിച്ചു പോയി ചികിത്സ തേടുകയായിരുന്നു. കണ്ണിന്‍റെ കോർണിയയിൽ നിന്ന് സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോഴാണ് അസുഖം സ്ഥിരീകരിച്ചത്. കണ്ണിന്‍റെ കോർണിയയെ ബാധിക്കുന്ന അത്യപൂർവമായ അസുഖമാണ് അക്കാന്തഅമീബ കെരാറ്റൈറ്റിസ്.

തടാകങ്ങളിലും നീന്തൽകുളങ്ങളിലുമുള്ള വെള്ളത്തിലും മണ്ണിലും കാണപ്പെടുന്ന അതിസൂക്ഷ്മ ജീവിയായ അക്കാന്തഅമീബ മൂലമാണ് ഈ അസുഖം ഉണ്ടാകുന്നത്. കോണ്ടാക്റ്റ് ലെൻസ് വച്ച് കൊണ്ട് വെള്ളത്തിലിറങ്ങിയപ്പോൾ ഈ അമീബ ലെൻസിനിടയിൽ പെട്ടുപോകുകയും പിന്നീട് കോർണിയയിലേക്ക് ബാധിക്കുകയുമായിരുന്നു. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ കാഴ്ച ശക്തിയെ തന്നെ ഇവ ഇല്ലാതാക്കും. നേരത്തേ ചികിത്സ ലഭിച്ചതു കൊണ്ടു മാത്രമാണ് ഫ്ലാക്കിന്‍റെ കാഴ്ചശക്തി നഷ്ടപ്പെടാതിരുന്നതെന്നും ഡോക്റ്റർമാർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com