റാഗി ഇഡ്ഡലിയും ചോളം ഉപ്പുമാവും; പാർലമെന്‍റ് ക്യാന്‍റീനിൽ ഇനി 'ഹെൽത്തി ഫുഡ്'

രുചിയിൽ ഒട്ടും കുറവില്ലാതെ പോഷക സമൃദ്ധമായ വിഭവങ്ങളാണ് വർഷകാല സമ്മേളനത്തിനെത്തുന്ന എംപിമാർക്കു വിളമ്പുക
Healthy food for MPs during Parliament session

പാർലമെന്‍റ് ക്യാന്‍റീനിൽ ഇനി 'ഹെൽത്തി ഫുഡ്'

പ്രതീകാത്മക ചിത്രം - freepik.com

Updated on

ന്യൂഡൽഹി: റാഗി ഇഡ്ഡലി, മണിച്ചോളം ഉപ്പുമാവ്, ചെറുപയർ ദോശ, പൊരിച്ച മീനും പച്ചക്കറികളും... വർഷകാല സമ്മേളനത്തിനെത്തുന്ന എംപിമാർക്കു വേണ്ടി പാർലമെന്‍റ് ക്യാന്‍റീനിൽ തയാറാക്കുന്നത് പുതിയ 'ആരോഗ്യ മെനു'. രുചിയിൽ ഒട്ടും കുറവില്ലാതെ പോഷക സമൃദ്ധമായ വിഭവങ്ങളാണ് ഇനി എംപിമാർക്കു വിളമ്പുക.

ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ പിന്തുണയോടെയാണ് തീൻമേശയിലെ പരിഷ്കാരം. പാരമ്പര്യവും പോഷകസമ്പത്തും ഒരുപോലെ കോർത്തിണക്കുന്ന ഭക്ഷണമാകും ഇനി നൽകുകയെന്ന് അധികൃതർ. ഇത് എംപിമാർക്ക് കൂടുതൽ ഊർജം നൽകുമെന്നും അധികൃതർ പറയുന്നു. രുചികരമായ കറികൾക്കും വിപുലമായ 'താലികൾക്കും' പുറമെ, തിന അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തി. നാരുകളാൽ സമ്പന്നമായ സാലഡുകൾ, പ്രോട്ടീൻ നിറഞ്ഞ സൂപ്പുകൾ തുടങ്ങിയവയെല്ലാം പുതിയ ഭക്ഷണക്രമത്തിൽ ഉൾപ്പെടും.

കാർബോഹൈഡ്രേറ്റിന്‍റെയും സോഡിയത്തിന്‍റെയും കലോറിയുടെയും അളവ് കുറയ്ക്കുന്നതിനൊപ്പം ആവശ്യമായ പോഷകങ്ങൾ കൂടുതലായി ഉൾപ്പെടുത്താനും ശ്രദ്ധിച്ചിട്ടുണ്ട്. ഹെൽത്തി മെനുവിൽ വിഭവങ്ങളുടെ പേരുകൾക്കൊപ്പം കലോറിയുടെ അളവും രേഖപ്പെടുത്തിയിട്ടുണ്ടാവും.

പഞ്ഞപ്പുല്ല് അഥവാ റാഗി കൊണ്ടുള്ള ഇഡ്ഡലി, സാമ്പാർ, ചട്ണി (270 കിലോ കലോറി), മണിച്ചോളം ഉപ്പുമാവ് (206 കിലോ കലോറി), പഞ്ചസാര ചേർക്കാത്ത മിക്സ് മില്ലറ്റ് ഖീർ (161 കിലോ കലോറി) എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ലഘുഭക്ഷണത്തിന് എംപിമാർക്ക് ബാർലി, മണിച്ചോളം സാലഡ് (294 കിലോ കലോറി), ഗാർഡൻ ഫ്രഷ് സാലഡ് (113 കിലോ കലോറി) പോലുള്ള വിവിധതരം വിഭവങ്ങൾ നിരത്തിയിട്ടുണ്ട്. മാംസ വിഭവങ്ങൾ തെരഞ്ഞെടുക്കുന്നവർക്കായി പൊരിച്ച കോഴിയും മീനുമടക്കമുള്ളവയും ഉണ്ടാകും.

പാനീയ മെനുവിൽ ഗ്രീൻ ടീ, ഹെർബൽ ടീ, മസാല സാട്ട്, പഞ്ചസാരയ്ക്കു പകരം ശർക്കര ഉപയോഗിച്ച മാംഗോ പന്ന എന്നിവയാണ് പ്രധാനമായി തയാറാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്‍റെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകി ബാത്തിൽ ആവർത്തിക്കാറുണ്ട്. ഇതിനിടെയാണ് എംപിമാർക്ക് പുതിയ ആരോഗ്യമെനു. വർഷകാല സമ്മേളനത്തിൽ എംപിമാരുടെ ആരോഗ്യ പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട് ലോക്സഭാ സ്പീക്കർ ഓം ബിർള.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com