വിമാനയാത്രികർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ പണം വാങ്ങരുത്

യാത്രക്കാരുടെ സൗകര്യം, സുതാര്യത, വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങളിലെ ഏകീകരണം എന്നിവ ഉറപ്പാക്കുന്നതിനായി എല്ലാ ഇന്ത്യൻ എയർലൈനുകൾക്കും കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നൽകി.
60% Seats Free in Indian Flights

വിമാനത്തിലെ സീറ്റുകൾ തെരഞ്ഞെടുക്കുന്നതിന് പണം ഈടാക്കുന്ന സമ്പ്രദായത്തിൽ നിയന്ത്രണം.

AI - Freepik.com

Updated on

ന്യൂഡൽഹി: ഇന്ത്യയിലെ വിമാനയാത്രികർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, വിമാനത്തിലെ സീറ്റുകൾ തെരഞ്ഞെടുക്കുന്നതിന് പണം ഈടാക്കുന്ന സമ്പ്രദായത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു. എല്ലാ വിമാനങ്ങളിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സൗജന്യമായി നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. വിമാനയാത്രയിൽ എല്ലാവർക്കും തുല്യമായ അവസരം ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതുവരെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴോ ഓൺലൈൻ ചെക്ക്-ഇൻ സമയത്തോ വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. ഈ വിവേചനം ഒഴിവാക്കി എല്ലാവർക്കും ന്യായമായ രീതിയിൽ സീറ്റുകൾ ലഭ്യമാക്കുക എന്നതാണ് പുതിയ നിർദേശത്തിന്‍റെ ലക്ഷ്യം.

ഒരുമിച്ച് ബുക്ക് ചെയ്തവർക്ക് ഒരേയിടത്ത് സീറ്റ്

മറ്റൊരു പ്രധാന നിർദേശം സീറ്റുകളുടെ ക്രമീകരണത്തെക്കുറിച്ചാണ്. ഒരേ പിഎൻആറിൽ (PNR) ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് വിമാനത്തിൽ ഒരുമിച്ച് സീറ്റുകൾ നൽകണം. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് തൊട്ടടുത്തുള്ള സീറ്റുകൾ തന്നെ നൽകുന്നതിന് മുൻഗണന നൽകണമെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ എത്ര പേർ ഒരുമിച്ച് ബുക്ക് ചെയ്താലും രണ്ടിലധികം പേർക്ക് അടുത്തടുത്ത സീറ്റുകൾ നൽകാൻ എയർലൈനുകൾ വിസമ്മതിക്കാറുണ്ട്.

മറ്റ് പുതിയ നിർദേശങ്ങൾ

  • സ്പോർട്സ് ഉപകരണങ്ങളും സംഗീത ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിമാനക്കമ്പനികൾ വ്യക്തവും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തതുമായ നയം രൂപീകരിക്കണം.

  • വളർത്തുമൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകുന്നതിനെക്കുറിച്ച് വിമാനക്കമ്പനികൾ തങ്ങളുടെ വെബ്സൈറ്റുകളിൽ വ്യക്തമായ പോളിസികൾ പ്രസിദ്ധീകരിക്കണം.

  • വിമാനം വൈകുകയോ, റദ്ദാക്കുകയോ, ബോർഡിങ് നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്രക്കാരുടെ അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെടണം.

  • യാത്രക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിമാനക്കമ്പനികളുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, എയർപോർട്ട് കൗണ്ടറുകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണം. യാത്രക്കാർക്ക് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പ്രാദേശിക ഭാഷകളിലും ഈ വിവരങ്ങൾ ലഭ്യമാക്കണം.

logo
Metro Vaartha
www.metrovaartha.com