ഹോട്ടലിൽനിന്ന് ഹെയർ ഡ്രയർ മുതൽ ടവൽ വരെ തൂക്കി; രാജ്യത്തിനു നാണക്കേടായി ഇന്ത്യൻ ടൂറിസ്റ്റുകൾ | Video

ബാലിയിലെ റിസോർട്ടിൽ നിന്ന് ടവൽ, ഹെയർ ഡ്രയർ വരെ മോഷണം; ഇന്ത്യൻ ടൂറിസ്റ്റുകളുടെ വീഡിയോ വൈറൽ

ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോർട്ടിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യൻ ടൂറിസ്റ്റുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഉബുദിലെ (Ubud) അസ്‌വര റിസോർട്ടിലാണ് (Asvara Resort) സംഭവം.

കഴിഞ്ഞ ഏപ്രിൽ 16 മുതൽ 19 വരെയാണ് നാലംഗ സംഘം ഇവിടെ താമസിച്ചത്. ഏപ്രിൽ 19-ന് ചെക്ക്-ഔട്ട് സമയത്ത് പകർത്തിയതാണ് വീഡിയോ. ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്ന പൂൾ ടവലുകൾ, ബാത്ത് ടവലുകൾ, ഹെയർ ഡ്രയർ, പാത്രങ്ങൾ, ഡോർ മാറ്റുകൾ, കിമോണോ വസ്ത്രങ്ങൾ, ടിവി റിമോട്ട് ബോക്സ് എന്നിവയാണ് ഇവരുടെ ബാഗുകളിൽ നിന്ന് കണ്ടെടുത്തത്.

ചെക്ക്-ഔട്ട് സമയത്ത് മുറിയിലെ സാധനങ്ങൾ കാണാനില്ലെന്നു മനസിലായ ജീവനക്കാർ ഇവരുടെ ലഗേജ് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാർക്കിങ് ഏരിയയിൽ വെച്ചാണ് ബാഗുകൾ തുറന്ന് പരിശോധിച്ചത്.

സംഭവം വിവാദമായതോടെ സഞ്ചാരികൾ മാപ്പ് പറയുകയും സാധനങ്ങൾ തിരികെ നൽകുകയും ചെയ്തു. ഹോട്ടൽ അധികൃതർ പോലീസിൽ പരാതി നൽകാത്തതിനാൽ കേസ് എടുക്കാതെ ഇവരെ പോകാൻ അനുവദിച്ചു.

വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഹോട്ടലിലെ സോപ്പ്, ഷാംപൂ പോലുള്ള ഡിസ്‌പോസിബിൾ സാധനങ്ങൾ എടുക്കാമെങ്കിലും, ടവലുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ എടുക്കാൻ പാടില്ല. ഇതു കുറ്റകരമാണ്.

logo
Metro Vaartha
www.metrovaartha.com