ആകാശത്തോട് മുട്ടിയുരുമി നിൽക്കുന്ന ഇന്ത്യൻ ഗ്രാമം; ഓക്സിജൻ 50 ശതമാനത്തിൽ താഴെ, അറിയാം കൊമിക് വില്ലേജിനെപ്പറ്റി

സ്പിതി താഴ്‌വരയിലെ ഈ ഗ്രാമം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഗതാഗത സൗകര്യമുള്ള മനുഷ്യവാസ കേന്ദ്രങ്ങളിലൊന്നാണ്
Komic Village

കൊമിക് ഗ്രാമം

Updated on

സമുദ്രനിരപ്പിൽ നിന്ന് 15,050 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാചൽ പ്രദേശിലെ കൊമിക് ഗ്രാമം വീണ്ടും ശ്രദ്ധ നേടുന്നു. സ്പിതി താഴ്‌വരയിലെ ഈ ഗ്രാമം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ഗതാഗത സൗകര്യമുള്ള മനുഷ്യവാസ കേന്ദ്രങ്ങളിലൊന്നാണ്. കടുത്ത തണുപ്പും കുറഞ്ഞ ഓക്സിജനും ഒറ്റപ്പെട്ട ജീവിതവുമാണ് ഇവിടെ താമസിക്കുന്ന നൂറോളം പേരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗം.

സമുദ്രനിരപ്പിനെ അപേക്ഷിച്ച് കൊമിക്കിൽ ഓക്സിജന്‍റെ അളവ് ഗണ്യമായി കുറവാണ്. ഇവിടെ എത്തിയപ്പോൾ തന്‍റെ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ ഏകദേശം 80 ശതമാനമായി താഴ്ന്നതായി വ്ലോഗർ കനിഷ്ക് ഗുപ്ത പറയുന്നു. എന്നാൽ തലമുറകളായി ഇവിടെ ജീവിക്കുന്ന പ്രദേശവാസികൾ കുറഞ്ഞ ഓക്സിജൻ സാഹചര്യങ്ങളുമായി ശരീരം പൊരുത്തപ്പെടുത്തിയിട്ടുണ്ട്. അവരുടെ ശരീരത്തിൽ കൂടുതൽ ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നത് കുറഞ്ഞ ഓക്സിജനിലും പ്രവർത്തിക്കാൻ സഹായിക്കുന്നു.

കടുത്ത ശൈത്യത്തെ അതിജീവിക്കാൻ കൊമിക്കിലെ വീടുകൾക്ക് ഏകദേശം രണ്ടടി കനമുള്ള മൺഭിത്തികളാണുള്ളത്. പകൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാനായി വീടുകൾ വെള്ള നിറത്തിലാണ് പെയിന്‍റ് ചെയ്യുന്നത്. ശൈത്യകാലത്ത് വെള്ളം പോലും തണുത്തുറയുന്നതിനാൽ ചില സമയങ്ങളിൽ വരണ്ട രീതിയിലുള്ള ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. പിന്നീട് മാലിന്യം വളമായി ഉപയോഗിക്കുന്നു.

പ്രദേശത്ത് മരങ്ങൾ വളരെ കുറവായതിനാൽ യാക്ക്, പശു, കഴുത തുടങ്ങിയ മൃഗങ്ങളുടെ ഉണങ്ങിയ ചാണകമാണ് പാചകത്തിനും ചൂടിനുമായി പരമ്പരാഗത ബുഖാരി അടുപ്പുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. കടുത്ത തണുപ്പിൽ നിന്ന് സംരക്ഷിക്കാൻ രാത്രിയിൽ കന്നുകാലികളെ വീടിനുള്ളിലാണ് പാർപ്പിക്കുന്നത്. മഞ്ഞുപോലെ തണുത്ത വെള്ളത്തിൽ പാത്രങ്ങൾ കഴുകുന്നതിനായി ഫണൽ, പൈപ്പ്, വിറക് എന്നിവ ഉപയോഗിച്ചുള്ള പ്രത്യേക വെള്ളം ചൂടാക്കൽ സംവിധാനവും നാട്ടുകാർ ഒരുക്കിയിട്ടുണ്ട്.

കൊമിക്കിന് സമീപമുള്ള ലാങ്സ ഗ്രാമം കടൽജീവികളുടെ ഫോസിലുകൾക്ക് പേരുകേട്ടതാണ്. ഹിമാലയം രൂപപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇവിടെ കടൽ നിലനിന്നിരുന്നുവെന്നതിന്‍റെ തെളിവുകളാണ് ഫോസിലുകൾ. 20,000 അടി ഉയരമുള്ള ചൗ ചൗ കാങ് നിൽഡ പർവതവും പ്രദേശവാസികൾക്ക് പുണ്യസ്ഥലമാണ്. വർഷം മുഴുവൻ പ്രദേശത്തിന് വെള്ളം ലഭിക്കാൻ ഈ പർവതം സഹായിക്കുന്നുവെന്നാണ് നാട്ടുകാരുടെ വിശ്വാസം. സമീപത്തെ ഹിക്കിം ഗ്രാമത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസുകളിലൊന്ന് സ്ഥിതി ചെയ്യുന്നത്. കടുത്ത ഒറ്റപ്പെടലിനിടയിലും കൊമിക്കിലെ സാമൂഹിക ബന്ധം ശക്തമാണ്. ഗ്രാമത്തിലെ ഏതെങ്കിലും വീട്ടിൽ ആഘോഷം നടക്കുമ്പോൾ മുഴുവൻ ഗ്രാമവാസികളും സഹായിക്കാനെത്തും.

കൊമിക്കിലെ ജീവിതത്തെക്കുറിച്ചുള്ള കനിഷ്ക് ഗുപ്തയുടെ വ്ലോഗ് ഇതിനകം 40 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. അതിലൂടെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നിൽ മനുഷ്യർ എങ്ങനെയാണ് അതിജീവിക്കുന്നതെന്നതിന്‍റെ അപൂർവ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

logo
Metro Vaartha
www.metrovaartha.com