

വിവാഹം കഴിക്കുമ്പോൾ എനിക്ക് 30 വയസ്, അവന് 23; എന്‍റെ പണം കണ്ടാണ് അവൻ എന്നെ കെട്ടിയത് എന്നായിരുന്നു വിമർശനം
പ്രണയത്തിന് ജാതിയോ മതമോ പ്രായമോ ഒന്നും തടസമല്ല. സത്യം പറഞ്ഞാൽ പ്രണയിക്കുമ്പോൾ മാത്രമാണ് ഇത് തടസമല്ലാത്തത്. വിവാഹത്തിലേക്ക് എത്തുമ്പോൾ ഇതെല്ലാം വലിയ പ്രശ്നങ്ങളാണ്. പ്രത്യേകിച്ച് പെണ്ണിന് ചെക്കനേക്കാൾ പ്രായം കൂടുതലാകുമ്പോൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇൻഫ്ലുവൻസറും സംരംഭകയുമായ ശേഷാങ്കിത ചക്രവർത്തിയുടെ പ്രണയവും വിവാഹവും. തന്നേക്കാൾ ഏഴ് വയസ് പ്രായം കുറഞ്ഞ ആയുഷിനെയാണ് ശേഷാങ്കിത വിവാഹം ചെയ്തത്.
വിവാഹത്തിന്‍റെ പേരിൽ വലിയ രീതിയിലുള്ള വിമർശനം ശേഷാങ്കിതയും ആയുഷും നേരിട്ടു. ശേഷാങ്കിത പണക്കാരിയായുകൊണ്ടാണ് ആയുഷ് വിവാഹത്തിന് തയാറായത് എന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ എല്ലാ വിമർശനങ്ങളേയും കാറ്റിൽപ്പറത്തി ഇരുവരും ഒന്നാകുകയായിരുന്നു. ഇപ്പോൾ ഹ്യുമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ തങ്ങളുടെ പ്രണയകഥ പങ്കുവെച്ചിരിക്കുകയാണ് ശേഷാങ്കിത ചക്രവർത്തി.
ശേഷാങ്കിതയുടെ കുറിപ്പ്
ആറ് മാസം മുൻപ് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആളെയാണ് ഞാൻ വിവാഹം ചെയ്തത്. അതേ അവന് എന്നേക്കാൾ ഏഴ് വയസ് കുറവായിരുന്നു. എന്‍റെ കമ്പനിയിലേക്ക് ഛായാഗ്രാഹകനെ തേടുന്നതിനിടെയാണ് ആയുഷിന്‍റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഞാൻ കാണുന്നത്. അവന്‍റെ വിഡിയോ ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു. ഷൂട്ട് ചെയ്ത രീതി വളരെ വ്യത്യസ്തമായിരുന്നു. അതുകൊണ്ട് അവനെ ഫോളോ ചെയ്തു. ഒരു ദിവസം എന്‍റെ സ്റ്റോറിയിലെ ക്യു ആൻഡ് എ സെഷനിൽ അവനൊരു ചോദ്യവുമായി എത്തി. തിരക്കുള്ള ഒരു പെൺകുട്ടിയെ എങ്ങനെയാണ് കോഫിക്ക് ക്ഷണിക്കുക എന്നായിരുന്നു അവന്‍റെ ചോദ്യം. ഞാൻ അത് ചിരിച്ചുവിട്ടു. എനിക്ക് 30 വയസായിരുന്നു പ്രായം, അവന് 23ഉും. ഞാൻ ഡേറ്റ് ചെയ്യാനുളള്ള മാനസികാവസ്ഥയിൽ അല്ലെന്ന് അവനോട് കൃത്യമായി പറഞ്ഞു. ഇമോഷണലി അൺഅവൈലബിളായ പങ്കാളികൾ എന്‍റെ മനസ് മടുപ്പിച്ചിരുന്നു. അതിനാൽ അഞ്ച് വർഷമായി ഞാൻ സിംഗിളായിരുന്നു. ജോലിയിൽ മാത്രമായിരുന്നു എന്‍റെ ശ്രദ്ധ.
എന്നാൽ ആയുഷ് കാണണമെന്ന് നിർബന്ധം പിടിച്ചു. ഒരു കോഫി കുടിക്കുന്നതുകൊണ്ട് വിഷമമുണ്ടാവില്ലെന്ന് ഞാനും കരുതി. അന്ന് ഒരു മണിക്കൂർ യാത്ര ചെയ്താണ് അവൻ എന്നെ കാണാനെത്തിയത്. അവന്‍റെ കയ്യിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട സൂര്യകാന്തി പൂക്കളുമുണ്ടായിരുന്നു. ആദ്യ കൂടിക്കാഴ്ചയ്ക്ക് മൂന്നാം ദിവസം അവൻ വിവാഹത്തേക്കുറിച്ചു സംസാരിച്ചു. എന്നെ അവൻ എന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ഞാൻ കരുതിയത്. എന്നെ ആദ്യമായി കണ്ട് തിരിച്ചു പോകുമ്പോൾ ഞാൻ തന്നെയായിരിക്കും ജീവിത പങ്കാളിയെന്ന് തീരുമാനിച്ചിരുന്നതായി അവൻ പിന്നീട് എന്നോട് പറഞ്ഞു. ഒരാഴ്ചയ്ക്കകം ഞാൻ അവന്റെ അമ്മയെ കണ്ടു. അവർക്ക് എന്നെ ഇഷ്ടമായി. പക്ഷേ, ആയുഷിന് വിവാഹ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കുമോ എന്നായിരുന്നു അമ്മയുെട ആശങ്ക. പക്ഷേ, ഞാനുമായി സംസാരിച്ചതോടെ ഞങ്ങളുടെ ബന്ധം ഗൗരവമാണെന്ന് അമ്മയ്ക്ക് മനസ്സിലായി.
ഏതാനും മാസങ്ങൾക്കു ശേഷം ഞങ്ങളുടെ മാതാപിതാക്കൾ പരസ്പരം കണ്ടു സംസാരിച്ചു. പക്ഷേ, അവർക്ക് ആശങ്കയുണ്ടായിരുന്നു. നിന്നെ വിവാഹം കഴിക്കാനുള്ള പക്വത ആയുഷിനുണ്ടോ? നിങ്ങളെങ്ങനെ ഒരുമിച്ചു ജീവിക്കും? എന്നായിരുന്നു എന്റെ മാതാപിതാക്കൾ ചോദിച്ചത്. ആയുഷിനെ നേരിൽ കണ്ടതോടെ അവൻ എന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് അച്ഛന് മനസ്സിലായി. വിവാഹം നടത്താമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ കണ്ടുമുട്ടി ആറുമാസത്തനകം തന്നെ ഞങ്ങൾ നിയമപരമായി വിവാഹിതരായി.
എന്നാൽ ഞങ്ങളുടെ പ്രണയകഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നു. അവൾ ധനികയായതിനാലാണ് അവൻ വിവാഹം കഴിച്ചത് എന്നായിരുന്നു ചിലർ പറഞ്ഞത്. അവൾ കുട്ടികളെ ചുഷണത്തിനിരയാക്കുന്നവാളാണെന്നു കമന്റുകൾ വന്നു. ആദ്യമൊക്കെ ഞങ്ങൾക്കു വിഷമം തോന്നി. പക്ഷേ, പിന്നീട് പലരും പോസിറ്റിവായ രീതിയിൽ പ്രതികരിച്ചു. ഇപ്പോൾ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. ഞാൻ എന്റെ ബിസിനസ്സുമായി മുന്നോട്ടു പോകുന്നു. അവൻ അവന്റെ മീഡിയ ഏജൻസി ഭംഗിയായി നടത്തുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ ഞങ്ങളുടെത് ശരിയായ തീരുമാനമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. കാരണം നിങ്ങളുടെ പ്രണയം സത്യസന്ധമാണെങ്കിൽ നിങ്ങൾക്കത് ബോധ്യപ്പെടും