പ്രോട്ടീന്‍ ബാറുകള്‍ വാങ്ങി പൈസ കളയേണ്ട, ചക്കക്കുരു മതി; ഗുണങ്ങള്‍ പലത്

ബദാമും നിലക്കടയും പോലെ പ്രോട്ടീന്‍ സമ്പന്നമാണ് ചക്കക്കുരു
Jackfruit Seeds benefit

പ്രോട്ടീന്‍ ബാറുകള്‍ വാങ്ങി പൈസ കളയേണ്ട, ചക്കക്കുരു മതി; ഗുണങ്ങള്‍ പലത്

Updated on

വീണ്ടും ചക്കക്കാലം എത്തിയിരിക്കുകയാണ്. മധുരമുള്ള ചക്ക മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ തന്നെയാണ് ചക്കക്കുരുവും. ചക്കക്കാലം തുടങ്ങുന്നതോടെ കേരളത്തിലെ എല്ലാ അടുക്കളകളിലും സ്ഥിര സാന്നിധ്യമായിരിക്കും ചക്കക്കുരു. ആദ്യത്തെ ആവേശം കഴിഞ്ഞാല്‍ ചക്കക്കുരു ഒരു അധികപ്പറ്റാവുകയും ചെയ്യും. എന്നാല്‍ ചക്കക്കുരു നിങ്ങള്‍ വിചാരിക്കുന്ന പോലെ ചില്ലറക്കാരനല്ല. ആള് പോഷക സമ്പന്നമാണ്. ബദാമും നിലക്കടയും പോലെ പ്രോട്ടീന്‍ സമ്പന്നമാണ് ചക്കക്കുരു. ചിലവേറിയ പ്രോട്ടീന്‍ ബാറുകളെ വരെ മലര്‍ത്തിയടിക്കാന്‍ ചക്കക്കുരുവിനാകും.

വൈറ്റമിന്‍ ബി1, ബി2, നാരുകള്‍, പ്രോട്ടീന്‍, ശരീരത്തിന് ഗുണം ചെയ്യുന്ന സ്റ്റാര്‍ച്ച് എന്നിവയാല്‍ സമ്പന്നമാണ് ചക്കക്കുരു. ചക്കക്കുരുവിന്റെ ഏറ്റവും വലിയ സവിശേഷത അതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന പ്രോട്ടീന്റെ അളവാണ്. ഒരു തവണ കഴിക്കുന്നതിലൂടെ ശരീരത്തിന് ഏകദേശം 7 മുതല്‍ 8 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കുന്നു.

ചക്കക്കുരുവില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബര്‍ ദഹനപ്രക്രിയ സുഗമമാക്കും. മാത്രമല്ല ഇത് പെട്ടെന്ന് വയറു നിറയ്ക്കുന്നതു കാരണം അനാവശ്യ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കി ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ചക്കക്കുരുവില്‍ കാണുന്ന സ്റ്റാര്‍ച്ച് ചെറുകുടലില്‍ വച്ച് എളുപ്പത്തില്‍ ദഹിക്കുന്നതിനു പകരം, വന്‍കുടലിലെത്തി ശരീരത്തിന് ഗുണം ചെയ്യുന്ന നല്ല ബാക്ടീരിയകളുടെ ഭക്ഷണമായി മാറുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്‌നീഷ്യം പോലുള്ള അവശ്യ ഘടകങ്ങളും രക്തസമ്മര്‍ദം കൃത്യമായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ആന്റിഓക്സിഡന്റുകള്‍, സിങ്ക്, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പന്നമാണ് ചക്കക്കുരു. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദത്തില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിച്ച് വിളര്‍ച്ച തടയാന്‍ സഹായിക്കും.

logo
Metro Vaartha
www.metrovaartha.com