

പ്രതീകാത്മക ചിത്രം
മഞ്ഞുവീഴ്ചയും കൊടുംതണുപ്പും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി കശ്മീർ താഴ്വര ഒരുങ്ങിക്കഴിഞ്ഞു. ശൈത്യകാലത്തിന്റെ വരവറിയിച്ച് താഴ്വരയിൽ താപനില പൂജ്യത്തിന് താഴെയെത്തി. മഞ്ഞുമൂടിയ മലനിരകളും തണുത്തുറഞ്ഞ പ്രഭാതങ്ങളും കശ്മീരിനെ വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുകയാണ്. ഷോപ്പിയാനിൽ താപനില മൈനസ് 3.9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നപ്പോൾ ശ്രീനഗറിലും ഈ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രി അനുഭവപ്പെട്ടു.
കശ്മീർ താഴ്വരയിലെ വിവിധ പ്രദേശങ്ങളിൽ ഈ സീസണിലെ ഏറ്റവും കുറഞ്ഞ രാത്രികാല താപനില രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ ഞായറാഴ്ച രാത്രി താപനില മൈനസ് 0.4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു.
നിലവിൽ ജമ്മു കശ്മീരിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഷോപ്പിയാനിലാണ്. ഇവിടെ മൈനസ് 3.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. സാധാരണ നിലയേക്കാൾ 0.5 ഡിഗ്രി താഴെയാണിത്. തെക്കൻ കശ്മീരിലെ ഖാസിഗുണ്ടിൽ മൈനസ് 1.6 ഡിഗ്രിയും വടക്കൻ കശ്മീരിലെ ഗുൽമാർഗിൽ മൈനസ് 2 ഡിഗ്രിയും രേഖപ്പെടുത്തി.
അനന്ത്നാഗ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ മൈനസ് 3.8 ഡിഗ്രിയായിരുന്നു താപനില. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കുപ്വാരയിൽ മൈനസ് 1.4 ഡിഗ്രിയും കോക്കർനാഗിൽ 1.5 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
നവംബർ മാസാവസാനം വരെ കശ്മീർ താഴ്വരയിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. രാത്രികാല താപനില ഇനിയും താഴാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.