കേദാർനാഥ്-ബദരീനാഥ് തീർഥാടന യാത്ര വേഗത്തിലാകും; 6.59 കിലോമീറ്റർ തുരങ്കത്തിന്‍റെ നിർമാണം പൂർത്തിയാക്കി റെയ്ൽവേ

125 കിലോമീറ്റർ ദൈർഘ്യമുള്ള റെയ്ൽവേ പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണിത്
Representative image

പ്രതീകാത്മക ചിത്രം

Updated on: 

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദരീനാഥ് തീർഥാടന യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനുള്ള റെയ്ൽവേ പദ്ധതിയിൽ നിർണായക മുന്നേറ്റം. ഋഷികേശ്–കർണപ്രയാഗ് റെയ്ൽവേ പദ്ധതിയുടെ ഭാഗമായ 6.59 കിലോമീറ്റർ നീളമുള്ള ടണൽ-14ന്‍റെ നിർമാണത്തിൽ ഇരുഭാഗത്തുനിന്നുള്ള തുരങ്കങ്ങൾ കൂട്ടിമുട്ടി. 125 കിലോമീറ്റർ ദൈർഘ്യമുള്ള റെയ്ൽവേ പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണിത്.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. സുമേർപൂരിലെ പോർട്ടൽ ഒന്നിൽനിന്ന് 4.7 കിലോമീറ്ററും മറോറയിലെ പോർട്ടൽ രണ്ടിൽനിന്ന് 1.79 കിലോമീറ്ററും ഖനനം നടത്തിയാണ് തുരങ്കത്തിന്‍റെ രണ്ട് ഭാഗങ്ങളും തമ്മിൽ ബന്ധിപ്പിച്ചത്. റെയ്ൽവേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പോർട്ടൽ ഒന്നിൽ ജനവാസ മേഖലകൾക്ക് താഴെയുള്ള ഉറപ്പില്ലാത്ത മണ്ണിലൂടെ 110 മീറ്റർ ഭാഗത്ത് മൂന്ന് പാളങ്ങളുള്ള തുരങ്കം നിർമിക്കുന്നത് വെല്ലുവിളിയായിരുന്നു. തുരങ്കത്തിന് മുകളിൽ 20 മുതൽ 30 മീറ്റർ വരെ മണ്ണിന്‍റെയും പാറയുടെയും പാളിയുണ്ടായിരുന്നു. സുരക്ഷിതമായ ഖനനം ഉറപ്പാക്കാൻ പ്രീ-എക്സ്കവേഷൻ, മൾട്ടി-ഡ്രിഫ്റ്റിങ് തുടങ്ങിയ പ്രത്യേക സാങ്കേതികവിദ്യകൾ ഉപയോഗിച്ചു.

പോർട്ടൽ രണ്ടിൽ 30 മുതൽ 35 മീറ്റർ വരെ ആഴമുള്ള മൈക്രോപൈലുകൾ, 15 മുതൽ 20 മീറ്റർ വരെ നീളമുള്ള റോക്ക് ബോൾട്ടുകൾ, കൺസോളിഡേഷൻ ഗ്രൗട്ടിങ് എന്നിവ ഉപയോഗിച്ചാണ് ചരിവ് സുരക്ഷിതമാക്കിയത്.

മറോറയിലെ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രശ്നങ്ങളും ഭൂമിയും വീടുകളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങളും പരിഹരിച്ചതിന് പിന്നാലെ 2024 മാർച്ചിലാണ് പ്രധാന തുരങ്കത്തിന്‍റെ നിർമാണം ആരംഭിച്ചത്. പോർട്ടൽ രണ്ടിൽ ഏകദേശം 100 മീറ്റർ ഭാഗത്ത് യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഖനനം നടത്തിയത്. സമീപത്തെ ജനവാസ മേഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് പോർട്ടലുകൾക്ക് സമീപവും പകൽസമയത്ത് നിയന്ത്രിത സ്ഫോടനങ്ങളാണ് നടത്തിയത്.

പദ്ധതി പൂർത്തിയാകുന്നതോടെ ഉത്തരാഖണ്ഡിലെ മലയോര മേഖലകളിലേക്കുള്ള റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടും. കേദാർനാഥ്, ബദരീനാഥ് തീർഥാടനത്തിനെത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും യാത്ര കൂടുതൽ എളുപ്പമാകുമെന്നും മേഖലയിലെ വികസനത്തിന് സഹായകമാകുമെന്നും റെയ്ൽവേ മന്ത്രാലയം അറിയിച്ചു. ഋഷികേശിൽ നിന്നുള്ള മണിക്കൂറുകൾ നീളുന്ന ദുഷ്കരമായ മലമ്പാതയിലൂടെയുള്ള റോഡ് യാത്ര ഒഴിവാക്കാൻ ഇത് സഹായിക്കും.

ഋഷികേശ് മുതൽ കർണപ്രയാഗ് വരെയുള്ള 125.20 കിലോമീറ്റർ പാതയിൽ ആകെ 12 റെയ്ൽവേ സ്റ്റേഷനുകളാണ് ഉണ്ടാവുക. ഉത്തരാഖണ്ഡിലെ അഞ്ച് ജില്ലകളിലായാണ് സ്റ്റേഷനുകൾ സ്ഥിതിചെയ്യുക.

യോഗ് നഗരി ഋഷികേശ്, ശിവ്പുരി, വ്യാസി, ദേവപ്രയാഗ്, ജനസു, മലേത്ത, ശ്രീനഗർ, ധാരാ ദേവി, തിലാനി, ഘോൾതിർ, ഗൗച്ചർ, കർണപ്രയാഗ് എന്നിവയാണ് സ്റ്റേഷനുകൾ.

കേദാർനാഥ് യാത്ര (തിലാനി വഴി)

• ഇറങ്ങേണ്ട സ്റ്റേഷൻ: തിലാനി (ഈ പാതയിലെ ഒൻപതാമത്തെ സ്റ്റേഷൻ).

• യാത്ര: ഋഷികേശിൽ നിന്ന് ഏകദേശം 1.5 മണിക്കൂറിനുള്ളിൽ തിലാനിയിലെത്താം. അവിടെ നിന്ന് കേദാർനാഥിലേക്കുള്ള പ്രവേശന കവാടമായ ഗൗരികുണ്ഡിലേക്ക് ഏകദേശം 70–75 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാൽ മതിയാകും (ഏകദേശം 2.5 - 3 മണിക്കൂർ).

• പ്രയോജനം: നിലവിൽ ഋഷികേശിൽ നിന്ന് ഗൗരികുണ്ഡിലെത്താൻ 7 മുതൽ 8 മണിക്കൂർ വരെ റോഡ് യാത്ര വേണം. റെയ്ൽവേ വരുന്നതോടെ ഇത് പകുതിയായി കുറയും.

ബദരീനാഥ് യാത്ര (കർണപ്രയാഗ് വഴി)

• ഇറങ്ങേണ്ട സ്റ്റേഷൻ: കർണപ്രയാഗ് (ഈ പാതയിലെ അവസാന സ്റ്റേഷൻ).

• യാത്ര: ഋഷികേശിൽ നിന്ന് കർണപ്രയാഗിലേക്ക് ഏകദേശം 2 മണിക്കൂറിനുള്ളിൽ എത്താം. അവിടെ നിന്ന് ജോഷിമഠ് വഴി ബദരീനാഥിലേക്ക് ഏകദേശം 120 കിലോമീറ്റർ റോഡ് മാർഗം യാത്ര ചെയ്താൽ മതിയാകും (ഏകദേശം 4 - 4.5 മണിക്കൂർ).

• പ്രയോജനം: ഹേമകുണ്ഡ് സാഹിബ്, വാലി ഓഫ് ഫ്ലവേഴ്സ്, ഔലി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും കർണപ്രയാഗ് സ്റ്റേഷൻ പ്രയോജനകരമാകും

പ്രധാന നേട്ടങ്ങൾ

• എല്ലാ കാലാവസ്ഥയിലും യാത്ര: മഴക്കാലത്തും മഞ്ഞുവീഴ്ചയുള്ള സമയത്തും റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത് പതിവാണ്. പാതയുടെ ഭൂരിഭാഗവും തുരങ്കങ്ങളിലൂടെ ആയതിനാൽ കാലാവസ്ഥാ വ്യതിയാനങ്ങൾ യാത്രയെ ബാധിക്കില്ല.

• പ്രായമായവർക്ക് ആശ്വാസം: ചുരങ്ങളും വളവുകളും നിറഞ്ഞ റോഡുകളിലൂടെയുള്ള ദീർഘദൂര ബസ്/കാർ യാത്ര ഒഴിവാകുന്നത് പ്രായമായ തീർഥാടകർക്ക് വലിയ ആശ്വാസമാകും.

• ചെലവ് കുറയും: ടാക്സികൾക്കും മറ്റും ചെലവാകുന്ന വലിയ തുക ലാഭിക്കാൻ സാധിക്കും.