ചരിത്രത്തിൽ ആദ്യമായി വിദ്യാർഥികൾക്ക് 'നോൺ വെജ്' വിഭവം വിളമ്പി കേരള കലാമണ്ഡലം

വിയ്യൂർ ജയിലിലെ അന്തേവാസികൾ പാകം ചെയ്ത ചിക്കൻ ബിരിയാണിയാണ് ജൂലൈ 10ന് കലാമണ്ഡലത്തിൽ വിളമ്പിയത്.
ചരിത്രത്തിൽ ആദ്യമായി വിദ്യാർഥികൾക്ക് 'നോൺ വെജ്' വിഭവം വിളമ്പി കേരള കലാമണ്ഡലം
Updated on

തൃശൂർ: കേരള കലാമണ്ഡലത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി വിദ്യാർഥികൾ‌ക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പി. നോൺ വെജ് വിഭവങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായതിനെത്തുടർന്നാണ് ചരിത്ര നടപടി. വിയ്യൂർ ജയിലിലെ അന്തേവാസികൾ പാകം ചെയ്ത ചിക്കൻ ബിരിയാണിയാണ് ജൂലൈ 10ന് കലാമണ്ഡലത്തിൽ വിളമ്പിയത്. 1930ൽ കലാമണ്ഡലം സ്ഥാപിതമായതു മുതൽ ഇതു വരെയും സസ്യാഹാരം മാത്രമേ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. കഥകളി, മോഹിനിയാട്ടം, തുള്ളൽ, കൂടിയാട്ടം, പഞ്ചവാദ്യം, കർണാടിക് സംഗീതം, മൃദംഗം തുടങ്ങി നിരവധി കലാരൂപങ്ങളിലാണ് കലാമണ്ഡലം പരിശീലനം നൽകുന്നത്.

നോൺ വെജ് വിഭവങ്ങൾ വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവരെ പ്രതിനിധാനം ചെയ്യുന്നവർ ഉൾപ്പെടുന്ന മെസ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

ജൂലൈ 20ന് ചേരുന്ന മെസ് കമ്മിറ്റി മറ്റേതൊക്കെ മാംസ- മത്സ്യ ആഹാരങ്ങൾ വിഭവങ്ങളിൽ ഉൾ‌പ്പെടുത്താം എന്നതിൽ തീരുമാനമെടുക്കും. നിലവിൽ കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് സൗജന്യമായാണ് ഭക്ഷണം നൽകുന്നത്. മാസത്തിൽ ഒരിക്കലോ രണ്ടു തവണയോ നോൺ വെജ് വിഭവങ്ങൾ വിളമ്പാനാണ് തീരുമാനമെന്ന് കലാമണ്ഡലം അധികൃതർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com