
വീണ്ടുമൊരു സോമയാഗം; എളങ്ങള്ളൂർ ഒരുങ്ങുന്നു
File photo
എല്ലാം ത്യജിക്കുക എന്നതാണ് സോമയാഗത്തിന്‍റെ സന്ദേശം- ലൗകികവും ആത്മീയവുമായ എല്ലാം ത്യജിക്കാനാവണം.... 2023നു ശേഷം വീണ്ടുമൊരു സോമയാഗത്തിനു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കേരളം. ചിറക്കാക്കോട് എളങ്ങള്ളൂർ മനയയാണ് ഇക്കുറി സോമയാഗത്തിന് ആതിഥ്യം വഹിക്കുന്നത്. എളങ്ങള്ളൂർ സദാനന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഏപ്രിൽ 28നു നടത്തുന്ന സോമയാഗത്തിന് എളങ്ങള്ളൂർ മന ഒരുങ്ങിക്കഴിഞ്ഞു.
യാഗം ചെയ്യുന്ന വ്യക്തിക്ക് യജമാനന്‍ എന്ന് വിശേഷണം. അധ്വരു, ഹോതന്‍, ഉദ്ഗാതാവ്, ബ്രഹ്മന്‍ എന്നിങ്ങനെ നാലു പ്രധാന ഋത്വിക്കുകളും, അവരെ സഹായിക്കാന്‍ മുമ്മൂന്ന് ഋത്വിക്കുകള്‍ വേറെയും. കൂടാതെ, ഒരു സദസ്യനും. എല്ലാവരും ഋത്വിക്കുകള്‍ - ഇവരാണ് സോമയാഗം നടത്തുക.
യാഗത്തില്‍ സോമലതയ്ക്കുള്ള പ്രാധാന്യം വലുതാണ്. ഈ ലത ഇടിച്ച് പിഴിഞ്ഞ് അതിന്‍റെ രസം ഹോമിക്കും. യാഗത്തിനുപയോഗിക്കുന്ന സോമലതയുടെ രസം നിറയ്ക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളെ ഗ്രഹങ്ങളെന്നാണ് പറയുക. കണ്ണ് മൂടിക്കെട്ടി സോമലതയെ സ്തുതിച്ച ശേഷമാണ് അത് ചതച്ച് നീരെടുക്കുന്നത്. ഇതിനു പുറമേ മറ്റ് ഹോമ ദ്രവ്യങ്ങളുമുണ്ടാവും. ഹവിസ്സ്, നെയ്യ്, ധാന്യങ്ങള്‍, പാല്‍ എന്നിങ്ങനെയാണവ. യാഗത്തിനാവശ്യമായ സോമലത യാഗശാലയിലെത്തിക്കുന്നത് രഥത്തിലാണ്.
അരണി കടഞ്ഞ് തീയുണ്ടാക്കിയാണ് യാഗം തുടങ്ങുക. ആദ്യ ദിവസങ്ങളില്‍ പകല്‍ മാത്രം ഹോമം നടത്തും. നാലാം ദിവസം മുതല്‍ പകലും രാത്രിയും ഒരുപോലെ ഹോമം നടത്തും. സോമാപ്യായനമാണ് സോമയാഗത്തിലെ പ്രധാന ചടങ്ങ്. സോമലതയോടൊപ്പം സ്വര്‍ണം കൂടി ചേര്‍ത്തു വച്ച് 13 ഋത്വിക്കുകള്‍ വിവിധ വേദമന്ത്രങ്ങള്‍ മൂന്നു ദിവസം തുടര്‍ച്ചയായി ഉരുക്കഴിക്കുന്നു. ആപ്യായനം ചെയ്ത് പവിത്രമാകുന്ന ഈ സ്വര്‍ണം കൊണ്ടുണ്ടാക്കുന്ന ലോക്കറ്റ് ധരിക്കുന്നത് വിശിഷ്ടമാണെന്ന് വിശ്വാസം.
യാഗം അവസാനിക്കുന്ന ദിവസം യാഗശാല കത്തിക്കും. ചിറക്കാക്കോട്ട് എളങ്ങള്ളൂര്‍ സദാനന്ദന്‍ നമ്പൂതിരിയുടെ ഭവനത്തില്‍ വച്ച് പെരുവനം ഗ്രാമസഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സോമയാഗത്തിന്‍റെ പൊതുസംഗമം തൃശൂര്‍ ബ്രഹ്മസ്വം മഠം ശ്രീശങ്കര ഹാളില്‍ നടത്തി. തെക്കേ മഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി സ്വാമികള്‍ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബി.കെ. ഹരി നാരായണന്‍ രചിച്ച് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് ഈണം പകര്‍ന്ന് മധു ബാലകൃഷ്ണന്‍ പാടിയ യാഗഗാനം രഞ്ജിന്‍ രാജ് പ്രകാശനം ചെയ്തു. യാഗത്തിന്‍റെ ലോഗോ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും പ്രകാശനം ചെയ്തു.
വൈദികന്‍ പെരുമ്പടപ്പ് ഹൃഷികേശന്‍ സോമയാജിപ്പാട് അധ്യക്ഷത വഹിച്ച യോഗത്തിന്, കണ്‍വീനര്‍ പട്ടത്ത് സി. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറി എ.എ. കുമാരന്‍, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, മേളപ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍, കെ.പി. നമ്പൂതിരീസ് എംഡി ഭവദാസന്‍, പൂരപ്രേമി സംഘം കണ്‍വീനര്‍ വിനോദ് കണ്ടെംകാവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നടുവം ഹരി, ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി, നെല്ലിക്കാട്ടില്‍ നീലകണ്ഠന്‍ നമ്പൂതിരി, നെഡ്ഢം ഭവത്രാതന്‍ നമ്പൂതിരി എന്നിവര്‍ യാഗത്തെക്കുറിച്ച് സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജീവന്‍ ആര്‍. മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.