വൻ മേക്കോവറുമായി മൊണാലിസ; കുംഭമേളയിലെ ചാരക്കണ്ണുള്ള സുന്ദരി |Video
ഇന്ദോർ: പ്രയാഗ് രാജിൽ മഹാകുംഭമേള ആരംഭിച്ചതോടെ ഇൻസ്റ്റഗ്രാമിൽ താരമായി മാറിയത് മൊണാലിസയാണ്. മധ്യപ്രദേശിലെ ഇന്ദോറിൽ നിന്ന് മുത്തുമാലയും രുദ്രാക്ഷവും വിൽക്കാനായി കുടുംബത്തോടൊപ്പം പ്രയാഗ്‌രാജിലെത്തിയ നിറയെ മുത്തുമാലകൾ അണിഞ്ഞ, ചാരക്കണ്ണുള്ള സുന്ദരി. മാല വിൽക്കാനെത്തിയ പെൺകുട്ടിയെ കാണാനും സംസാരിക്കാനുമായെത്തിയവരുടെ എണ്ണം കൂടിയത് പെട്ടെന്നാണ്. ചാരനിറമുള്ള കണ്ണുകളും സൊനാക്ഷി സിൻഹയോട് സാദൃശ്യവുമുള്ള സുന്ദരിയായ പെൺകുട്ടി ഇൻസ്റ്റയിൽ താരമായി മാറിയത് നിമിഷ നേരത്തിലാണ്. മൊണാലിസയെ മോഡലാക്കൂ എന്ന് പ്രമുഖ കമ്പനികളോട് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടാനും തുടങ്ങി. പെൺകുട്ടിയെ കാണാനും സംസാരിക്കാനും വ്ലോഗ് ചിത്രീകരിക്കാനുമെല്ലാം ആളുകൾ കൂട്ടമായെത്തിയതോടെ മാല വിൽപ്പന അവതാളത്തിലായി.
അതോടെ മൊണാലിസയുടെ പിതാവ് അവളെ തിരിച്ച് നാട്ടിലേക്ക് അയച്ചു. അവളുടെ ഭാവിക്ക് നല്ലത് നാട്ടിലേക്ക് പോകുന്നതാണെന്നായിരുന്നു അതിനു കാരണമായി പിതാവ് പറഞ്ഞത്. മൊണാലിസയെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി തലയിൽ സ്കാർഫ് ഇട്ട് മൂടുന്നതും മാസ്ക് വച്ച് തിരിച്ചു കൊണ്ടു പോകുന്നതുമടക്കമുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നാട്ടിലേക്ക് തിരിച്ചെത്തിയ മൊണാലിസ തന്‍റെ ആരാധകരെ ഒട്ടും നിരാശരാക്കിയിട്ടില്ല. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി. എക്സിൽ തുടങ്ങിയ അക്കൗണ്ടിൽ ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് ആരാധകരാണ് ഫോളോവേഴ്സ് ആയി മാറിയത്. കുംഭമേളയിൽ പരിചയപ്പെട്ടവരെല്ലാം അവളെ സമൂഹമാധ്യമങ്ങളിലും പിന്തുടർന്നു. ഇപ്പോഴിതാ വൻ മേക്കോവർ നടത്തിയതിന്‍റെ വീഡിയോ പങ്കു വച്ചിരിക്കുകയാണ് ഈ 16കാരി. അധികം വൈകാതെ മൊണാലിസ ടിവി ഷോയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.