

ഏകാന്തത ഒരു രോഗാവസ്ഥയാണ്, പക്ഷേ ഡോക്റ്റർമാർക്ക് ചികിത്സിച്ച് മാറ്റാൻ ആകില്ല: പഠനം
ഏകാന്തത ഒരു വൈകാരിക അനുഭവമാണെന്നാണ് മുൻ കാലങ്ങളിൽ കരുതിയിരുന്നത്. എന്നാൽ കടുത്ത ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും നേരത്തേയുള്ള മരണത്തിന് വരെ ഇടയാക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ ഡോക്റ്റർമാരുടെ സഹായത്താൽ മാത്രം ഈ പ്രശ്നം പരിഹരിക്കാനും ആകില്ല. സോഷ്യൽ പ്രോബ്ലംസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏകാന്തത ഒരേ സമയം മനസിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കും.
ഏകാന്തത അനുഭവിക്കുന്നതിൽ 30 ശതമാനം പേർക്കും അകാലമരണം സംഭവിച്ചതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. മിഷിഗൺ യൂണിനവേഴ്സിറ്റഇയിലെ ഗവേഷക വിദ്യാർഥിയാണ് സോഫിയ ഹിൽറ്റ്നെർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. ഒരാളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് കാരണം ഏകാന്തതയാണെന്ന് ഡോക്റ്റർമാർക്ക് കണ്ടെത്താൻ സാധിച്ചേക്കും. എന്നാൽ അതിനു കാരണമായ സാമൂഹിക ചുറ്റുപാടുകളെ തിരിച്ചറിയാനോ മാറ്റാനോ അവർക്കു സാധിക്കില്ലെന്ന് സോഫിയ പറയുന്നു. വേണ്ടപ്പെട്ടവരുടെ വിയോഗം, മോശം ആരോഗ്യം, തൊഴിലില്ലായ്മ, ജോലിഭാരം, സാമ്പത്തിക പ്രശ്നം എന്നിവയെല്ലാം ഏകാന്തതയിലേക്ക് നയിച്ചേക്കാം. ഇവയൊന്നും ഒരു ഡോക്റ്റർക്ക് മരുന്നു നൽകി പരിഹരിക്കാൻ കഴിയുന്നതല്ല. ഒരാളുടെ ചുറ്റുപാടുകളെ മാറ്റാനോ, ജോലിയുടെ രീതി മാറ്റാനോ, ഡോക്റ്റർമാർക്ക് കഴിയില്ലെന്ന് സോഫിയ.
തൊഴിൽ നയങ്ങളിലൂടെയും ശക്തമായ സാമൂഹിക ബന്ധങ്ങളിലൂടെയും പൊതു ഇടങ്ങളിലൂടെയും മുതിർന്നവരുടെ പിന്തുണയിലൂടെയും ഒക്കെ മാത്രമേ ഏകാന്തതയെ പരിഹരിക്കാൻ സാധിക്കൂ. അതായത് ഡോക്റ്റർമാരെക്കൊണ്ട് മാത്രം ഏകാന്തതയോ അതു മൂലമുള്ള അസുഖങ്ങളോ ഇല്ലാതാക്കാനാകുകയില്ല, പകരം സമൂഹത്തിൽ ഉള്ളവരുടെ എല്ലാം സഹകരണം ആവശ്യമാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.