maha shivarathri 2025, how to observe fastening and pooja
സർവപാപങ്ങളും തീരാൻ ശിവരാത്രി വ്രതം നോൽക്കാം

സർവപാപങ്ങളും തീരാൻ ശിവരാത്രി വ്രതം നോൽക്കാം

ശിവരാത്രിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കും.

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിലെ സകല പാപവും ഇല്ലാതായി ശുദ്ധരാകുമെന്നാണ് വിശ്വാസം. ഇത്തവണ ഫെബ്രുവരി 26നാണ് മഹാ ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ഐതിഹ്യം

ദേവാസുര യുദ്ധത്തിന്‍റെ ഭാഗമായി പാലാഴി മഥനം നടത്തിയപ്പോൾ ലോകം മുഴുവൻ നശിപ്പിക്കാൻ പാകമായ കാളകൂട വിഷം പൊങ്ങി വന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. ലോകനന്മയ്ക്കായി ഭഗവാൻ പരമശിവൻ കാളകൂട വിഷം പാനം ചെയ്തു. വിഷം ഭഗവാന്‍റെ ദേഹത്ത് പടരാതിരിക്കാനായി ദേവി പാർവതി പരമശിവന്‍റെ കണ്ഠത്തിൽ അമർത്തിപിടിച്ചു. വിഷം പുറത്തേക്ക് വരാതിരിക്കാൻ ഭഗവാൻ വിഷ്ണു പരമശിവന്‍റെ വായും പൊത്തിപ്പിടിച്ചു.

ഇതോടെ പരമശിവന്‍റെ കണ്ഠത്തിൽ വിഷം ഉറഞ്ഞു. ഭഗവാന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത് ഇങ്ങനെയാണ്. കടുത്ത വിഷം പാനം ചെയ്തതിന്‍റെ ക്ഷീണത്തിൽ ഭഗവാൻ മയങ്ങിപ്പോയി. ശ്രീപാർവതി അടക്കമുള്ളവരെല്ലാം ഭഗവാന് വേണ്ടി ഉറക്കമൊഴിച്ച് പ്രാർഥിച്ചു. ആ ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്.

ശിവരാത്രി വ്രതം

ശിവരാത്രിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കും. ഒരിക്കൽ മാത്രം അരിയാഹാരം കഴിച്ച് ബാക്ക സമയങ്ങളിൽ പഴങ്ങൾ മാത്രം ഭക്ഷണമാക്കുന്നതാണ് ഉചിതം. ക്ഷേത്രത്തിൽ നിന്നുള്ള നേദ്യമോ കരിക്കിൻ വെള്ളമോ കഴിക്കാം. ശിവരാത്രി നാളിൽ ശരീരശുദ്ധി വരുത്തി ശിവക്ഷേത്രത്തിൽ ദർശനം നടത്തി പൂർണ ഉപവാസം നടത്തുന്നതും ഉത്തമമാണ്. ശിവരാത്രി നാളിലും ഒരിയ്ക്കൽ മാത്രം അരിയാഹാരം കഴിച്ച് വ്രതം നോൽക്കുന്നവരും ഉണ്ട്. പൂർണ ഉപവാസ എടുക്കുന്നവർ ജലപാനം പോലും ഒഴിവാക്കണം. പഞ്ചാക്ഷരീ മന്ത്രം, ശിവസഹസ്ര നാമം, ശിവപുരാണ പാരായണം എന്നിവ ചൊല്ലി വേണം വ്രതം അനുഷ്ഠിക്കാൻ. പകലും രാത്രിയും പൂർണമായും ഉറക്കം ഒഴിവാക്കണം. പിറ്റേന്ന് ക്ഷേത്രദർശനം നടത്തി തീർഥം സേവിച്ചാണ് നോമ്പ് വീടുക.

കൂവളമാല അർപ്പിക്കാം

ശിവരാത്രി ദിനത്തിൽ ഭഗവാന് കൂവളമാല, ജലധാര എന്നിവ അർപ്പിക്കാം. ദമ്പതികൾ‌ ഒന്നിച്ച് വ്രതം നോൽക്കുന്നതും ഉത്തമമാണ്. ശിവരാത്രി വിളക്കിനു പിന്നാലെയാണ് പിതൃക്കൾക്കായി ബലിതർപ്പണം നടത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com