40 കിലോമീറ്റർ ഓടി ആശുപത്രിയിൽ ചുമതലയേൽക്കാനെത്തിയ വ്യത്യസ്തനാം ഡോക്റ്റർ

ഡോ. ആന്‍റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചുമതലയേൽക്കാൻ മാരത്തൺ ഓടിയെത്തിയത്
മാരത്തൺ ഓടി ആശുപത്രിയിൽ ചുമതലയേൽക്കാനെത്തിയ വ്യത്യസ്തനാം ഡോക്റ്റർ | Marathon doctor Antony Paul Appolo Adlux Angamaly

പനമ്പിള്ളി നഗർ റണ്ണേഴ്സ് അംഗങ്ങൾക്കൊപ്പം ഡോ. ആന്‍റണി പോൾ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ.

Updated on

അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്‍റെ ചുവടുവയ്പ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്‍റെ പരിശീലനമായിരുന്നില്ല, മറിച്ച് ഒരു ഡോക്റ്റർ തന്‍റെ പുതിയ കർമ മണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു.

പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്‍റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചുമതലയേൽക്കാൻ മാരത്തൺ ഓടിയെത്തിയത്. ചുമതലയേൽക്കുന്നതിന്‍റെ പതിവ് ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും വിട നൽകിയായിരുന്നു ഡോക്റ്റർ വേറിട്ട തുടക്കം കുറിച്ചത്.

കൊച്ചിയിൽ നിന്നു 40 കിലോമീറ്റർ ഓടി അപ്പോളോ അഡ്‌ലക്സിൽ എത്തിയ ഡോക്റ്ററെ സ്വീകരിക്കാൻ സിഇഒ ഡോ. ഏബെൽ ജോർജും മറ്റ് ആശുപത്രി അധികൃതരും കാത്തുനിന്നിരുന്നു.

ശനിയാഴ്ച രാത്രി 12ന് പനമ്പിള്ളി നഗർ പാർക്കിൽ നിന്നായിരുന്നു മാരത്തണിന്‍റെ തുടക്കം. ആരോഗ്യം, സഹനം, കൂട്ടായ്മ എന്നീ മൂല്യങ്ങൾ തന്‍റെ പുതിയ പ്രവർത്തനമേഖലയിൽ എത്തിക്കുക എന്ന സന്ദേശമാണ് ഈ ഓട്ടത്തിനു പിന്നിലെന്ന് ഡോ. ആന്‍റണി പോൾ വ്യക്തമാക്കി.

'പനമ്പിള്ളി നഗർ റണ്ണേഴ്‌സ്' എന്ന സൗഹൃദ കൂട്ടായ്മയും അദ്ദേഹത്തോടൊപ്പം ഈ ഉദ്യമത്തിൽ പങ്കുചേർന്നു. പുലർച്ചയോടെ ആരംഭിച്ച ഓട്ടം, നഗരത്തിലെ തിരക്കുകൾ പിന്നിട്ട് അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.

ആരോഗ്യപരിപാലനത്തിന്‍റെ സന്ദേശം സ്വന്തം പ്രവൃത്തിയിലൂടെ നൽകിയ ഡോക്റ്ററുടെ മാതൃക സഹപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രചോദനമായി. ഡോ. ആന്‍റണി പോളിന്‍റെ സേവനം ആശുപത്രിയുടെ ചികിത്സാ മികവിന് പുതിയ മാനങ്ങൾ നൽകുമെന്ന് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി സിഇഒ ഡോ. ഏബെൽ ജോർജ് പറഞ്ഞു.

ഓട്ടം ഈ ​ഗാസ്ട്രോ എന്‍ററോളജിസ്റ്റിനു പുത്തരിയല്ല. കഴിഞ്ഞ മാസം ബർലിൻ മാരത്തണിലും പങ്കെടുത്തിരുന്നു. 2018ൽ ദുബായ് മാരത്തണിലും 2019ൽ സ്പൈസ് കോസ്റ്റ് മാരത്തണിലും ഓടിയിട്ടുണ്ട്. എംബിബിഎസ്, എംഡി (ഇന്‍റേണൽ മെഡിസിൻ), ഡിഎം (ഗ്യാസ്ട്രോഎൻറോളജി) ബിരുദങ്ങൾ നേടിയിട്ടുള്ള ഡോ. ആന്‍റണി പോൾ 2020ൽ എഫ്ആർസിപി (FRCP) ബിരുദവും സ്വന്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com