

അവിവാഹിതർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ; പഠനം
വിവാഹവും ആരോഗ്യവും തമ്മിൽ എന്താണ് ബന്ധം? ബന്ധമുണ്ടെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. അവിവാഹിതർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. നെറ്റിചുളിക്കാൻ വരട്ടെ വിവാഹവും ആരോഗ്യവും തമ്മിൽ ബന്ധിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്.
കാൻസർ റിസർച്ച് കമ്യൂണിക്കേഷൻസിൽ വന്ന റിപ്പോർട്ട് പ്രകാരം ഇതുവരെ വിവാഹം കഴിക്കാതിരുന്ന പുരുഷന്മാർക്ക് വിവാഹിതരായ പുരുഷന്മാരെ അപേക്ഷിച്ച് ക്യാൻസർ വരാനുള്ള സാധ്യത 68 ശതമാനം കൂടുതലാണ് എന്നാണ് പഠനത്തിൽ പറയുന്നത്. സ്ത്രീകൾക്കാണെങ്കിൽ വിവാഹിതരേക്കാൾ അവിവാഹിതർക്ക് ക്യാൻസർ വരാനുള്ള സാധ്യത 83 ശതമാനം കൂടുതലാണ്. മിയാമി ഹെൽത്ത് സിസ്റ്റം യൂണിവേഴ്സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോക്‌ടർ പോളോ എസ്. പിൻഹെയ്റോയാണ് പഠനം നടത്തിയത്.
വിവാഹിതരേയും അവിവാഹിതരേയും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പഠനം. വിവാഹവും ആരോഗ്യവും തമ്മിലുള്ള ബന്ധം നമ്മൾ വിചാരിക്കുന്ന അത്ര സിംപിൾ അല്ല എന്നാണ് പഠനത്തിൽ പറയുന്നത്. ജീവിതശൈലി, സാമൂഹിക പിന്തുണ തുടങ്ങിയവയെല്ലാം ആരോഗ്യത്തെ സ്വാധീനിക്കും. വിവാഹിതരായവർക്ക് പങ്കാളിയിൽ നിന്ന് മാനസികവും സാമൂഹികവുമായ പിന്തുണ ലഭിക്കും. കൂടാതെ രോഗലക്ഷങ്ങൾ കണ്ടാൽ അവർ അത് ശ്രദ്ധിക്കുകയും വൈദ്യസഹായം തേടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും പങ്കാളികൾ പ്രോത്സാഹിപ്പിക്കും. ഇതെല്ലാം വ്യക്തികളുടെ ആരോഗ്യത്തെ സ്വാധീനിക്കും.
കൂടാതെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന പുകവലി, അമിത മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവ വിവാഹിതർ പലപ്പോഴും ഒഴിവാക്കാറുണ്ട്. ഇത് ശ്വാസകോശ ക്യാൻസർ, സെർവിക്കൽ ക്യാൻസർ എന്നിവയെ ഒഴിവാക്കും. കൂടാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാത്ത സ്ത്രീകൾക്ക് ഗർഭാശയ ക്യാൻസർ, എൻഡോമെട്രിയൽ ക്യാൻസർ എന്നിവ വരാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.