മില്‍മയുടെ ഇന്‍സ്റ്റന്‍റ് പുളിശേരി മിക്സ് വിപണിയില്‍

100 ഗ്രാം പുളിശേരി മിക്സിന് 80 രൂപയാണ് വില.
പുളിശേരി
പുളിശേരി

കൊച്ചി: മില്‍മയുടെ പുതിയ ഉത്പന്നമായ ഇന്‍സ്റ്റന്‍റ് പുളിശേരി മിക്സ് വിപണിയില്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി എന്‍ഡിഡിബി അഡ്വൈസര്‍ കിഷോര്‍ എം. ജ്വാലക്ക് കൈമാറിക്കൊണ്ട് ഇന്‍സ്റ്റന്‍റ് പുളിശേരി മിക്സിന്‍റെ വിപണനോദ്ഘാടനം നിര്‍വഹിച്ചു. 100% പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഇന്‍സ്റ്റന്‍റ് പുളിശേരി മിക്സ് ആരോഗ്യത്തിന് ഹാനികരമായ രാസപദാർഥങ്ങള്‍ ചേര്‍ക്കാതെയാണ് തയാറാക്കിയത്. 100 ഗ്രാം പുളിശേരി മിക്സിന് 80 രൂപയാണ് വില. മലബാര്‍ മേഖലാ യൂണിയന്‍ വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം കേരളാ കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനാണ് വിപണിയിലിറക്കിയത്. മലയാളത്തനിമയുള്ള രുചിവിഭവങ്ങള്‍ പെട്ടെന്ന് തയാറാക്കുന്നതിന് വേണ്ടിയാണ് ഇന്‍സ്റ്റന്‍റ് ഉത്പന്നങ്ങള്‍ മില്‍മ വിപണിയിലിറക്കുന്നത്. ഭാവിയില്‍ കേരളത്തിന്‍റെ തനത് രുചിയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മില്‍മയുടെ ലക്ഷ്യം.

പഴമയുടെ രുചിക്കൂട്ട് പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് കേരളത്തനിമയോടെ വിപണിയിലെത്തിക്കുന്നതിലാണ് മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. "റീപൊസിഷനിങ് മില്‍മ 2023' പദ്ധതിയിലൂടെ അവതരിപ്പിക്കുന്ന പോഷകപ്രദമായ പുതിയ ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത മില്‍മയുടെ വിപണി വിപുലീകരണത്തെയും വൈവിധ്യവത്കരണത്തെയും സഹായിക്കുമെന്നും കെ.എസ്. മണി പറഞ്ഞു.

മില്‍മയുടെ മുഖച്ഛായ മാറിയെന്നും ബഹുരാഷ്‌ട്ര കമ്പനികളുടെ ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ മില്‍മ ഇപ്പോള്‍ പ്രാപ്തമാണെന്നും എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ പറഞ്ഞു.

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, മില്‍മ എംഡിയും ക്ഷീരവികസന വകുപ്പ് ഡയറക്റ്ററുമായ ആസിഫ് കെ. യൂസഫ്, മില്‍മ സീനിയര്‍ മാർക്കറ്റിങ് മാനെജര്‍ ഡി.എസ്. കോണ്ട എന്നിവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.