ഓഫീസ് സമയം കഴിഞ്ഞാൽ സന്ദേശങ്ങൾക്ക് മറുപടി വേണ്ട; യുകെയിലെ ജോലി സംസ്കാരം പങ്കുവച്ച് ഇന്ത്യൻ ടെക്കിയുടെ കുറിപ്പ്

ജോലി സമയം കഴിഞ്ഞാലും ജീവനക്കാർ എപ്പോഴും ലഭ്യരായിരിക്കണമെന്ന പ്രതീക്ഷയും അതിന്‍റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് ഈ വൈറൽ പോസ്റ്റ് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്
No need to reply to messages after office hours.

ഓഫീസ് സമയം കഴിഞ്ഞാൽ സന്ദേശങ്ങൾക്ക് മറുപടി വേണ്ട

Updated on

ഓഫീസ് സമയം കഴിഞ്ഞ ശേഷം ജോലി സംബന്ധമായ സന്ദേശങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്ന യുകെയിലെ തൊഴിൽ സംസ്കാരം പങ്കുവച്ച ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയറുടെ എക്‌സ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യയിലെയും യുകെയിലെയും ജോലി സംസ്കാരത്തിലെ വ്യത്യാസത്തെ കുറിച്ചുള്ള ചർച്ചയ്ക്കും ഈ പോസ്റ്റ് വഴിയൊരുക്കിയിരിക്കുകയാണ്.

ഓം എന്ന പേരിലുള്ള എക്സ് അക്കൗണ്ടിൽ നിന്നാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലി സംബന്ധമായ ഒരു സന്ദേശത്തിന് ഓഫീസ് സമയം കഴിഞ്ഞ് മറുപടി നൽകിയപ്പോൾ, യുകെയിലെ തന്‍റെ സീനിയർ സഹപ്രവർത്തകൻ അങ്ങനെ ചെയ്യരുതെന്ന് ഉപദേശിച്ചു. ജോലി സമയം കഴിഞ്ഞാൽ അത് ജീവനക്കാരന്‍റെ വ്യക്തിപരമായ സമയമാണെന്നും, അടുത്ത പ്രവൃത്തി ദിവസത്തിൽ മറുപടി നൽകിയാൽ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഓഫീസ് സമയം കഴിഞ്ഞിട്ടും സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതും അധികസമയം ജോലി ചെയ്യുന്നതും സാധാരണ കാര്യമായി കണക്കാക്കിയിരുന്നുവെന്നും, എന്നാൽ യുകെയിൽ ജീവനക്കാരുടെ വ്യക്തിജീവിതത്തിനും വിശ്രമസമയത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന സമീപനമാണ് അനുഭവപ്പെട്ടതെന്നും ടെക്കി കുറിച്ചു.

ഈ പോസ്റ്റിന് താഴെ നിരവധി പേർ സ്വന്തം അനുഭവങ്ങളും പങ്കുവച്ചു. വിദേശരാജ്യങ്ങളിലെ പല സ്ഥാപനങ്ങളിലും ജോലി–ജീവിത സന്തുലിതാവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇന്ത്യയിലെ വിവിധ കമ്പനികളിൽ ജോലി സംസ്കാരം വ്യത്യസ്തമാണെന്നും എല്ലാവരുടെയും അനുഭവം ഒരുപോലെയല്ലെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി. ജോലി സമയം കഴിഞ്ഞാലും ജീവനക്കാർ എപ്പോഴും ലഭ്യരായിരിക്കണമെന്ന പ്രതീക്ഷയും അതിന്‍റെ പ്രത്യാഘാതങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് ഈ വൈറൽ പോസ്റ്റ് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com