സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!

മീറ്റിങ്ങുകളിലും ലഘുഭക്ഷണ ഇടവേളകളിലും കൊഴുപ്പും മധുരവും എണ്ണയും കുറഞ്ഞ വിഭവങ്ങൾ മാത്രം. വറുത്ത പലഹാരങ്ങൾക്ക് പകരം ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ലഘുഭക്ഷണങ്ങൾ
No tea for tea party

പാൽച്ചായക്ക് നിരോധനം.

freepik.com

Updated on

ബെംഗളൂരു: സർക്കാർ ഓഫിസുകളിലെയും ഔദ്യോഗിക യോഗങ്ങളിലെയും ചായ സത്കാരങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിച്ച് കർണാടക സർക്കാരിന്‍റെ പുതിയ ആരോഗ്യ നയം. യോഗങ്ങളിൽ പതിവുള്ള പാൽച്ചായ, കാപ്പി, എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ പാടേ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ പുറപ്പെടുവിച്ചത്.

നിലവിൽ സർക്കാർ ഓഫിസുകളിൽ വിളമ്പുന്ന ഭക്ഷണങ്ങൾ പോഷകഗുണമുള്ളതല്ലെന്നും ആരോഗ്യകരമായ ജീവിതശൈലിയെ അത് തടസ്സപ്പെടുത്തുന്നുവെന്നും നിരീക്ഷിച്ചാണ് കർശന നടപടി. ശാരീരികവും മാനസികവും സാമൂഹികവുമായ ഉന്മേഷമാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാനമെന്ന ലോകാരോഗ്യ സംഘടനയുടെ നിർവചനം മുൻനിർത്തിയാണ് പുതിയ പരിഷ്കാരം. രോഗപ്രതിരോധത്തിന്‍റെ ഭാഗമായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇനി മുതൽ ഓഫിസ് മീറ്റിങ്ങുകളിലും ലഘുഭക്ഷണ ഇടവേളകളിലും കൊഴുപ്പും മധുരവും എണ്ണയും കുറഞ്ഞ വിഭവങ്ങൾ മാത്രമേ നൽകാവൂ. വറുത്ത പലഹാരങ്ങൾക്ക് പകരം ചെറുധാന്യങ്ങൾ (മില്ലറ്റ്സ്) കൊണ്ടുണ്ടാക്കിയ ലഘുഭക്ഷണങ്ങൾ നിർബന്ധമാക്കി. നാരുകൾ അടങ്ങിയതും അജിനോമോട്ടോ പോലുള്ള കൃത്രിമ വസ്തുക്കൾ ചേർക്കാത്തതുമായ വിഭവങ്ങൾക്കായിരിക്കും മുൻഗണന.

ഫ്രഷ് പഴങ്ങൾ, വെജിറ്റബിൾ സാലഡുകൾ, മുളപ്പിച്ച ധാന്യങ്ങൾ, ഉപ്പിടാത്ത വറുത്ത അണ്ടിപ്പരിപ്പുകൾ, മത്തങ്ങ വിത്ത്, ഫ്‌ളാക്‌സ് സീഡ് എന്നിവ മെനുവിൽ ഉൾപ്പെടുത്തണം. പാനീയങ്ങളുടെ കാര്യത്തിലും വലിയ മാറ്റമാണുള്ളത്. പാലും പഞ്ചസാരയും ചേർത്ത ചായയും കാപ്പിയും പൂർണമായും ഒഴിവാക്കി പകരം ഗ്രീൻ ടീ, കൊഴുപ്പ് കുറഞ്ഞ മോര് എന്നിവ വിളമ്പണം. കുടിവെള്ളം പ്ലാസ്റ്റിക് കുപ്പികളിൽ നൽകുന്നത് നിരോധിച്ചു. പകരം സ്റ്റീൽ ഫ്ലാസ്കുകളിലോ ഗ്ലാസ് കുപ്പികളിലോ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

വലിയ സർക്കാർ ചടങ്ങുകളിലും സമ്മേളനങ്ങളിലും ഭക്ഷണത്തിൽ കുറഞ്ഞത് രണ്ട് ചെറുധാന്യ വിഭവങ്ങളെങ്കിലും ഉൾപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ട്. വെളുത്ത അരിക്ക് പകരം തവിടുള്ള അരി (ബ്രൗൺ റൈസ്) ഉപയോഗിക്കണം.

മാംസാഹാരം വിളമ്പുന്നുണ്ടെങ്കിൽ കൊഴുപ്പ് കുറഞ്ഞ വെളുത്ത മാംസം നന്നായി വേവിച്ചു മാത്രമേ നൽകാവൂ. മൈക്രോവേവ് ഓവനിൽ പാകം ചെയ്തതോ ചൂടാക്കിയതോ ആയ ഭക്ഷണങ്ങൾ, സംസ്കരിച്ച ആഹാരങ്ങൾ, എരിവ് കൂടിയ വിഭവങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയ്ക്കും വിലക്കുണ്ട്.

സർക്കാർ കാമ്പസുകളിൽ പ്രവർത്തിക്കുന്ന ലഘുഭക്ഷണ ശാലകൾക്കും ഈ മാർഗരേഖ ബാധകമായിരിക്കും. ഭക്ഷണസാധനങ്ങൾ പ്രാദേശികമായ കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങൾ, ജയിൽ അടുക്കളകൾ, ന്യൂട്രി ഗാർഡനുകൾ എന്നിവയിൽ നിന്ന് ശേഖരിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ വകുപ്പ് മേധാവികൾക്ക് പ്രത്യേക ചുമതലയും നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് മുക്തവും പോഷകസമൃദ്ധവുമായ ഒരു പ്രവർത്തന മേഖല കെട്ടിപ്പടുക്കുകയാണ് ഈ വിപ്ലവകരമായ ഉത്തരവിലൂടെ കർണാടക സർക്കാർ ലക്ഷ്യമിടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com