
വിവാഹത്തിന് ക്ഷണിച്ചില്ല!സഹപ്രവർത്തകയ്ക്കെതിരേ പരാതി നൽകി യുവതി
ന്യൂയോർക്ക്: വിവാഹത്തിന് ക്ഷണിക്കാതെ ശത്രുതാ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് കാണിച്ച് സഹപ്രവർത്തകയ്ക്കെതിരേ പരാതി നൽകി യുവതി. യുഎസിലാണ് സംഭവം. കമ്പനി എച്ച് ആറിനാണ് പരാതി നൽകിയത്. സഹപ്രവർത്തക തനിക്കെതിരേ നൽകിയ പരാതിയെക്കുറിച്ച് വിവാഹം കഴിഞ്ഞ ജീവനക്കാരിയാണ് റെഡ്ഡിറ്റിൽ കുറിച്ചിരിക്കുന്നത്.
ജോലിയുടെ ഭാഗമായി അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും മോശം കാര്യമെന്നാണ് പരാതിയെ യുവതി വിശേഷിപ്പിച്ചിരിക്കുന്നത്. എച്ച്ആർ വിഭാഗം പരാതി പരിശോധിച്ചതിനു ശേഷം പരാതി തള്ളി. വിവാഹം വളരെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരെയും നിർബന്ധിച്ച് ക്ഷണിപ്പിക്കാൻ കഴിയില്ലെന്നുമാണ് കമ്പനി വിലയിരുത്തിയത്.
എന്നാൽ തനിക്ക് പരാതി നൽകിയ സഹപ്രവർത്തകയുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടു പോലുമില്ലെന്നും ആരോപണവിധേയയായ യുവതി പറയുന്നു. തന്‍റേത് വളരെ അടുപ്പമുള്ളവർ മാത്രം പങ്കെടുത്ത ഒരു വിവാഹ ചടങ്ങായിരുന്നുവെന്നും അതിനു ശേഷം സഹപ്രവർത്തക പരാതി നൽകിയെന്ന് അറിഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചു പോയെന്നുമാണ് യുവതി കുറിച്ചിരിക്കുന്നത്.