പ്രണയത്തിന്‍റെ സ്മാരകം മാത്രമല്ല; എൻജിനീയറിങ് വിസ്മയവും: താജ്മഹലിന്‍റെ അഞ്ച് ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

നാഷണൽ ജിയോഗ്രഫിക് പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് താജ്മഹലിന്‍റെ അഞ്ച് പ്രധാന രഹസ്യങ്ങൾ വിശദീകരിക്കുന്നത്
Taj Mahal

താജ്മഹൽ

Updated on

ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹൽ പ്രണയത്തിന്‍റെ അനശ്വര പ്രതീകമായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. മുഗൾ ചക്രവർത്തി ഷാജഹാൻ തന്‍റെ പ്രിയഭാര്യ മുംതാസ് മഹലിന്‍റെ സ്മരണയ്ക്കായി 17-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ സ്മാരകം, അതിന്‍റെ പ്രണയകഥയ്ക്കപ്പുറം അത്ഭുതപ്പെടുത്തുന്ന എൻജിനീയറിങ് മികവും കാഴ്ചാഭ്രമങ്ങളും ഒളിപ്പിച്ചുവച്ചിരിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നാഷണൽ ജിയോഗ്രഫിക് പുറത്തുവിട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിലാണ് താജ്മഹലിന്‍റെ അഞ്ച് പ്രധാന രഹസ്യങ്ങൾ വിശദീകരിക്കുന്നത്.

ആദ്യത്തെ പ്രത്യേകത താജ്മഹലിന്‍റെ സംഗീതാത്മക ശബ്ദപ്രതിധ്വനിയാണ്. ഏകദേശം 240 അടി ഉയരമുള്ള പ്രധാന താഴികക്കുടത്തിന് അതീവ ശക്തമായ ശബ്ദപ്രതിഫലന ശേഷിയുണ്ട്. അതിനകത്ത് ഒരു പുല്ലാങ്കുഴലിൽ നിന്ന് ഉയരുന്ന ഒരൊറ്റ സ്വരം പോലും അഞ്ച് തവണ വരെ പ്രതിധ്വനിക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ സ്മാരകത്തിന്‍റെ ഉൾഭാഗം അതുല്യമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇടമായും വിലയിരുത്തപ്പെടുന്നു.

രണ്ടാമത്തെ പ്രത്യേകത താജ്മഹലിന്‍റെ നിറം മാറുന്ന അത്ഭുതമാണ്. രാജസ്ഥാനിലെ മക്രാനയിൽ നിന്ന് കൊണ്ടുവന്ന ഉയർന്ന നിലവാരമുള്ള വെളുത്ത മാർബിളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഈ മാർബിളിന്‍റെ അർധസുതാര്യ സ്വഭാവം കാരണം സൂര്യപ്രകാശത്തിന്‍റെയും ചന്ദ്രപ്രകാശത്തിന്‍റെയും വ്യത്യാസമനുസരിച്ച് സ്മാരകത്തിന്‍റെ നിറവും മാറുന്നതായി അനുഭവപ്പെടും. പ്രഭാതത്തിൽ ഇളം റോസ് നിറത്തിലും പകൽ തെളിഞ്ഞ വെളുപ്പിലും രാത്രിയിലെ ചന്ദ്രപ്രകാശത്തിൽ സ്വർണനിറം കലർന്ന തിളക്കത്തിലും താജ്മഹൽ പ്രത്യക്ഷപ്പെടുന്നു.

മൂന്നാമത്തെ പ്രത്യേകത സന്ദർശകരെ ആശയക്കുഴപ്പത്തിലാക്കുന്ന കാഴ്ചാഭ്രമമാണ്. പ്രധാന കവാടത്തിൽ നിന്ന് നോക്കുമ്പോൾ അതിഗംഭീരമായി തോന്നുന്ന താജ്മഹൽ, അതിലേക്ക് നടന്ന് അടുക്കുമ്പോൾ വലിപ്പം കുറയുന്നതുപോലെ അനുഭവപ്പെടും. സന്ദർശകരിൽ വിസ്മയം സൃഷ്ടിക്കാൻ ശില്പികൾ മനഃപൂർവം രൂപകൽപ്പന ചെയ്ത കാഴ്ചാഭ്രമമാണിതെന്ന് റിപ്പോർട്ടിൽ‌ പറയുന്നു.

നാലാമത്തെ രഹസ്യം ഭൂകമ്പത്തെ പ്രതിരോധിക്കുന്ന എൻജിനീയറിങ് സംവിധാനമാണ്. താജ്മഹലിന് ചുറ്റുമുള്ള നാല് മിനാരങ്ങളും പുറത്തുനിന്ന് നോക്കുമ്പോൾ നേരെ നിൽക്കുന്നതുപോലെ തോന്നുമെങ്കിലും യഥാർത്ഥത്തിൽ അവ അൽപം പുറത്തേക്കാണ് ചരിഞ്ഞിരിക്കുന്നത്. ശക്തമായ ഭൂകമ്പമുണ്ടായാൽ അവ പ്രധാന ശവകുടീരത്തിനുമേൽ പതിക്കാതെ പുറത്തേക്ക് വീഴാനാണ് ഈ രൂപകൽപ്പന.

അഞ്ചാമത്തെ രഹസ്യം 'കറുത്ത താജ്മഹൽ' എന്ന ഐതിഹ്യമാണ്. യമുനാ നദിക്കു കുറുകെ കറുത്ത മാർബിളിൽ മറ്റൊരു താജ്മഹൽ നിർമ്മിച്ച് അവിടെ തന്‍റെ ശവകുടീരം ഒരുക്കാൻ ഷാജഹാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പ്രാദേശിക കഥകൾ പറയുന്നത്. എന്നാൽ മകൻ അധികാരത്തിൽ നിന്ന് പുറത്താക്കിയതോടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നുവെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും, ഈ കഥയ്ക്ക് ചരിത്രപരമായ തെളിവുകളില്ലെന്നും ആധുനിക ചരിത്രകാരന്മാർ ഇതിനെ ഒരു ഐതിഹ്യമായി മാത്രമാണ് കണക്കാക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രണയത്തിന്‍റെ പ്രതീകമെന്നതിലുപരി കാലാതീതമായ വാസ്തുവിദ്യയുടെയും എൻജിനീയറിങ് പ്രതിഭയുടെയും ഉജ്ജ്വല ഉദാഹരണമാണ് താജ്മഹൽ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

logo
Metro Vaartha
www.metrovaartha.com