ആശ മണിപ്രസാദ്
കൊയ്ത്തുത്സവമായ ഓണം ഒരു ദേശീയോത്സവം കൂടിയാക്കി മാറ്റിയിരിക്കുകയാണ് മലയാളികൾ. എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം ഓണവും ഓണാഘോഷവും നിറഞ്ഞു നിൽക്കുന്നു. അങ്ങനെ ഓണാഘോഷങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു മറുനാട് ആണ് മുംബൈ. ഒരു കൊച്ചു കേരളം എന്നു തന്നെ മുംബൈയെ വിശേഷിപ്പിക്കാറുണ്ട്. വമ്പൻ പൂക്കളത്തിൽ ആരംഭിക്കുന്നു ഇവിടുത്തെ ഓണാഘോഷം. മുംബൈയിൽ പേരുകേട്ട ദാദർ എന്ന സ്ഥലത്ത് പൂക്കൾ മാത്രം ഉള്ള മാർക്കറ്റ് തന്നെ ഉണ്ട്. പല വിധം വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ഇവിടെ ലഭ്യമാണ്. മാർക്കറ്റ് ആയതിനാൽ വിലയും തുച്ഛമാണ്. മുംബൈയിലെ മിക്ക മലയാളികളും ഇവിടെ നിന്ന് പൂക്കൾ കിലോ കണക്കിന് വാങ്ങി കൊണ്ടുപോകുന്നു.
എന്നിട്ട് വമ്പൻ പൂക്കളങ്ങൾ ഒരുക്കുന്നു. മുംബൈയിലെ ലോക്കൽ സ്റ്റേഷണുകളിലും പൂക്കളങ്ങൾ ഒരുക്കുന്നു. കൂടാതെ എല്ലാ മലയാളികളുടെ വീടുകളിലും പൂക്കളങ്ങൾ കാണാം. ഇതുകൂടാതെ ഇവിടെ പൂക്കള മത്സരങ്ങളും നടത്തുക പതിവാണ്.
ഓണക്കച്ചവടങ്ങൾ നടത്താനും മുംബൈ മലയാളികൾ മറക്കാറില്ല. മലയാളികൾക്ക് ആവശ്യമായ ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും ഈ കൊച്ചു കേരളത്തിൽ ലഭ്യമാണ്. ഭംഗിയുള്ള കേരളീയ കസവ് സാരികളും കസവിന്‍റെ മുണ്ടും വേഷ്ടികളും ഉടുത്തൊരുങ്ങി സ്ത്രീകളും , കസവ് കരയുള്ള മുണ്ടുകളും ഷർട്ടും ധരിച്ച് പുരുഷൻമാരും , കൊച്ചു കസവ് ഉടുപ്പുകളും പാവാടയും പിന്നെ കൊച്ചു കസവ് മുണ്ടുകളും ഷർട്ടും ജുബ്ബയും അണിഞ്ഞാരുങ്ങി കുട്ടികളും ഒരുപോലെ ഓണം ആഘോഷിക്കുന്നു.
മലയാളികൾക്ക് എന്നും പ്രിയമായ ഓണസദ്യ ഒരുക്കാനും ഇവിടെ ഉള്ള മലയാളികൾ മുൻകൈ എടുക്കുന്നു. ഗംഭീര ഓണസദ്യ ഒരുക്കുക എന്നത് ഒരു ആവേശത്തോടെ തന്നെ നടത്തിവരുന്നു മലയാളികൾ. കൂടാതെ നമ്മുടെ ഓണസദ്യയുടെ രുചി മലയാളികൾ അല്ലാത്തവർക്കും അയൽവാസികൾക്കും കൂട്ടുകാർക്കും പങ്കിടാൻ നമ്മൾ ഒട്ടും തന്നെ മറക്കാറില്ല. കേരളീയ വിഭവങ്ങൾ രുചിച്ച് അത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് ചോദിച്ചറിഞ്ഞ് അന്യഭാഷക്കാരും നമ്മുടെ കേരളീയ വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്.
ലോക്കൽ ട്രെയിനുകളിൽ വിഭവങ്ങൾ മറ്റു യാത്രക്കാർക്ക് നൽകിയും ഓണപ്പാട്ടുകൾ പാടിയും ആടിയും ഉല്ലസ്സിച്ച് യാത്ര ചെയ്യുന്നവരാണ് ഇവിടെ ഉള്ള മലയാളികൾ. വർഷം തോറും ഓണാഘോഷങ്ങൾ മുൻ വർഷങ്ങളെക്കാൾ മെച്ചപ്പെടുത്തുക എന്നത് ഓരോ മലയാളികളും നെഞ്ചിലേറ്റിയിരിക്കുകയാണ്. ആഘോഷങ്ങൾക്ക് പഞ്ഞമില്ലാത്ത മുംബൈയിൽ ഓണം ഒരു ദേശീയോത്സവം തന്നെ ആണ്.
വിവിധ ഓണക്കളികളും ആട്ടവും പാട്ടുമൊക്ക ഓണാഘോഷവേളയിൽ നടത്തിവരുന്നു. എല്ലാ മലയാളികളും ഒത്തൊരുമയോടെയും , സ്നേഹത്തോടെയും , ജാതി മത ഭേദമന്യേ ഓണം ഒരു ഉത്സവമായി തന്നെ നടത്താൻ മുംബൈ മലയാളി കുടുംബങ്ങൾ മറക്കാറില്ല എന്നതിലുപരി അതി ഗംഭീരമായി തന്നെ നടത്തുമെനന് മലയാളി സമൂഹം പ്രതിജ്ഞയെടുത്തിരിക്കുകയാണ്. അന്യനാട്ടിലാണ് വസിക്കുന്നത് എന്ന തോന്നൽ ഇല്ലാതെ എല്ലാവരും ഒന്നിച്ച് കേരള സംസ്കാരത്തെ കാത്തുസൂക്ഷിച്ച് ആഘോഷിച്ചു വരുന്ന ഒരു ഉത്സവമാണ് മുംബൈയിലുള്ള ഏതൊരു മലയാളി കുടുംബത്തിനും ഓണം.