

റക്കൂൺ file pic
വിർജീനിയ: മദ്യക്കടയിൽ ആരുമറിയാതെ പതുങ്ങിക്കയറി വിസ്കിയും സ്കോച്ചും കുടിച്ച് കിറുങ്ങിയ മോഷ്ടാവിനെ കണ്ട് അമ്പരക്കുകയാണ് വിർജീനിയയിലെ പൊലീസുകാർ. മനുഷ്യനല്ല, കാണാൻ നല്ല ക്യൂട്ടായ റക്കൂണാണ് പ്രതി. ശനിയാഴ്ച രാവിലെ മദ്യക്കടയിൽ ജോലിക്കെത്തിയ ജീവനക്കാരനാണ് കുടിച്ച് കിറുങ്ങി ബോധം പോയ റക്കൂണിനെ കണ്ടെത്തിയത്. നിരവധി മദ്യക്കുപ്പികൾ പൊട്ടിച്ചിട്ടുമുണ്ട്.
കടയുടെ തറ മുഴുവൻ മദ്യം നിറഞ്ഞിരിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ. ഹനോവർ കൗണ്ടി ആനിമൽ പ്രൊട്ടക്ഷൻ ആൻഡ് ഷെൽറ്റർ ടീം സ്ഥലത്തെത്തി റക്കൂണിനെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകൾ നീണ്ട ഉറക്കത്തിനൊടുവിലാണ് റക്കൂണിന് ബോധം തെളിഞ്ഞത്. ആരോഗ്യവാനാണെന്ന് ഉറപ്പായതോടെ അടുത്തുള്ള വനത്തിലേക്ക് റക്കൂണിനെ തുറന്നു വിട്ടു.