

രാമായണം ഭ്രാതൃസ്നേഹത്തിന്‍റെ ഉത്തമ മാതൃക
രാമായണം എന്ന ഇതിഹാസകൃതി ധർമ്മാധർമ്മങ്ങളുടെ ഏറ്റുമുട്ടലും ധർമ്മത്തിന്‍റെ ആത്യന്തിക വിജയവുമാണ് വിളംബരം ചെയ്യുന്നതെങ്കിലും ലോക ക്ലാസിക്കുകളിൽ ഭ്രാതൃസ്നേഹത്തിന്‍റെ മഹത്വം ഇത്രയേറെ മഹനീയമാക്കുന്ന മറ്റൊരു കൃതി ഉണ്ടാകില്ല. ഭ്രാതൃസ്നേഹത്തിന്‍റെ ഉത്തമ മാതൃകയായ രാമായണത്തിൽ നിന്ന് പുതിയ കാലത്തെ ലോകത്തിന് ധാരാളം നല്ല പാഠങ്ങൾ പഠിക്കാനുണ്ട്.
കൗസല്യ, കൈകേയി, സുമിത്ര എന്നീ മൂന്ന് അമ്മമാർക്ക് ജനിച്ച ദശരഥനന്ദനന്മാരായ ശ്രീരാമചന്ദ്രനും ലക്ഷ്മണനും ഭരതനും ശത്രുഘ്നനും പുലർത്തുന്ന സ്നേഹവും പരസ്പര ബഹുമാനവും ഐക്യവും ഇന്ന് എല്ലാ മനുഷ്യരും മാതൃകയാക്കേണ്ടതാണ്.
നാലു സഹോദരങ്ങളിലൂടെ നാലു തരത്തിലുള്ള സ്നേഹമാണ് വാല്മീകി കാണിച്ചുതരുന്നത്. കൗസല്യാപുത്രനായ ശ്രീരാമൻ ഏറ്റവും മൂത്തയാളാണ്. അതുകൊണ്ടുതന്നെ യുവരാജാവാകാൻ സർവഥാ യോഗ്യൻ. ശ്രീരാമനെ യുവരാജാവായി അഭിഷേകം ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴാണ് മന്ഥര കൈകേയിയുടെ കൊട്ടാരത്തിലെത്തി കുബുദ്ധി പ്രയോഗിക്കുന്നത്. പഴയ രണ്ടു വരങ്ങളുടെ പിൻബലത്തിൽ കൈകേയിയുടെ ആവശ്യങ്ങൾ ദശരഥമഹാരാജാവിന് നിഷേധിക്കാനായില്ല. തന്‍റെ മകൻ ഭരതനെ രാജാവാക്കുക, ശ്രീരാമനെ 14 വർഷക്കാലം വനവാസത്തിന് അയക്കുക എന്നീ ആവശ്യങ്ങൾ കേട്ട് ദശരഥൻ സ്വയം തകർന്ന് ശയ്യാവലംബിയാകുന്നു. എന്നാൽ സമചിത്തതയോടെ കാര്യങ്ങൾ ഗ്രഹിച്ച ശ്രീരാമൻ പിതാവിന്‍റെ ആജ്ഞ ശിരസാവഹിച്ച് വനവാസത്തിന് തയാറാവുന്നു. തന്‍റെ അധികാരം നഷ്ടപ്പെടുന്നതിലോ ഭരതൻ രാജാവാകുന്നതിലോ അദ്ദേഹം ഒട്ടും ഖിന്നനല്ല. അധികാരത്തെക്കാൾ വലുതാണ് സഹോദരസ്നേഹം എന്ന് ശ്രീരാമചന്ദ്രൻ കാട്ടിത്തരുന്നു.
തന്‍റെ ഭ്രാതാവ് കാട്ടിലേക്ക് പോകുമ്പോൾ, ഭാര്യ ഊർമിളയുടെ വിരഹദുഃഖം പോലും അവഗണിച്ച് അദ്ദേഹത്തെ അനുഗമിക്കാൻ തയാറായ ലക്ഷ്മണൻ ഭ്രാതൃസ്നേഹത്തിന്‍റെ മകുടോദാഹരണമാണ്. കൊട്ടാരസുഖങ്ങൾ വെടിഞ്ഞ് 14 വർഷക്കാലം ശ്രീരാമന്‍റെ നിഴലായി ലക്ഷ്മണൻ സീതാരാമന്മാരോടൊപ്പം കാട്ടിൽ ജീവിക്കുന്നു. രാമൻ ഇല്ലാതെ ലക്ഷ്മണനോ ലക്ഷ്മണൻ ഇല്ലാതെ രാമനോ ഇല്ല. ഇന്ന് നിസ്സാര കാര്യങ്ങൾക്ക് തമ്മിൽ തല്ലി മരിക്കുന്ന സഹോദരങ്ങൾ രാമായണപാഠം ഗ്രഹിച്ചെങ്കിൽ!
നാലു സഹോദരന്മാരിൽ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മാതൃകയാണ് ഭരതൻ. കൊട്ടാരത്തിൽ അഹിതമായ സംഭവങ്ങൾ നടക്കുമ്പോൾ കേകേയ രാജ്യത്തായിരുന്ന ഭരതൻ അയോദ്ധ്യയിലെത്തി കാര്യങ്ങൾ അറിയുമ്പോൾ കാരണക്കാരിയായ മാതാവിനെ ശകാരിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഭരത ശത്രുഘ്നന്മാർ കാട്ടിലെത്തി ശ്രീരാമചന്ദ്രനെ തിരികെവരാൻ അപേക്ഷിക്കുന്നു. പിതാവിന്‍റെ വാക്കു പാലിക്കാൻ പ്രതിജ്ഞാബദ്ധനായ രാമൻ മടങ്ങിവരില്ലെന്നറിയുമ്പോൾ രാജസിംഹാസനത്തിൽ വച്ച് പൂജിക്കാൻ ശ്രീരാമപാദുകങ്ങൾ വാങ്ങി മടങ്ങുകയാണ് ഭരതൻ. പരാതിയും പരിഭവങ്ങളുമില്ലാതെ സഹോദരസ്നേഹം പകർന്നുനൽകിയ ശത്രുഘ്നനും മാതൃകയാണ്.
രാമായണം വെറും ഒരു കഥയല്ല. ഒരു കുടുംബം എങ്ങനെ ജീവിക്കണം എന്ന് കാട്ടിത്തരുന്ന പാഠപുസ്തകമാണ്. അസൂയയും മത്സരവും അധികാരപ്രമത്തതയും നിറഞ്ഞ വർത്തമാനകാലത്തിൽ ഈ നാലു സഹോദരന്മാരുടെ സ്നേഹവും ത്യാഗവും സഹനവും നമുക്ക് ഒരു വെളിച്ചമാണ്.