ക്ഷമാശീലയായ പൃഥ്വീപുത്രി

രാജാധികാരത്തിൽ ജനാഭിപ്രായത്തിന് മുഖ്യം കല്പിച്ച് സീതയെ വനത്തിൽ ഉപേക്ഷിക്കുമ്പോഴും ശ്രീരാമന്‍റെ മനസ്സിൽ സീതയും സീതയുടെ മനസ്സിൽ ശ്രീരാമനുമുണ്ടായിരുന്നു.
Patience of Sita

അശോകവനിയിലെ സീത.

AI

Updated on

തിരുമല ശിവൻകുട്ടി

തുഞ്ചത്ത് ആചാര്യന്‍റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് ഭക്തരസ പ്രധാനമായ ഒരു പുരാണ കൃതിയാണ്. നിത്യപാരായണം ചെയ്യുന്നവർക്ക് മുക്തി ലഭിക്കുമെന്ന് ഓരോ കാണ്ഡത്തിന്‍റെയും അവസാനം എഴുത്തച്ഛൻ സൂചിപ്പിക്കുന്നുമുണ്ട്. രാമായണം പ്രജാക്ഷേമ തല്പരനായ ശ്രീരാമചന്ദ്രന്‍റെ കഥ മാത്രമല്ല. സീതയുടെയും കൂടി കഥയാണ്. രാമനില്ലാതെ സീതയേയോ, സീതാസമേതനല്ലാത്ത ശ്രീരാമനെയോ നമുക്ക് സങ്കല്പിക്കാനാവില്ല.

രാമായണം ആരംഭിക്കുന്നത് തന്നെ ശ്രീരാമ സ്തുതിയോട് കൂടിയാണ്. ലോകാഭിരാമനായ ശ്രീരാമനെ സീതാഭിരാമനെന്നുകൂടി എഴുത്തച്ഛൻ വിശേഷിപ്പിക്കുകയാണ്. സീതയിൽ അഭിരമിക്കുന്നവൻ, സീതയാൽ അഭിരമിക്കപ്പെടുന്നവൻ, സീതയെ അഭിരമിപ്പിക്കുന്നവൻ, സീതയോട് ചേർന്ന് അഭിരാമനായവൻ എന്നൊക്കെ അർത്ഥം ജനിക്കുന്ന സമസ്ത പദമാണ് അത്.

പതിഭക്തിയുടെയും പാതിവ്രത്യത്തിന്‍റെയും പര്യായമാണ് സീതാദേവി. കാവ്യാരംഭത്തിൽ ശ്രീരാമൻ സീതയെ അഭിസംബോധന ചെയ്യുന്നത് സുന്ദര രൂപേ എന്നാണ്. എന്നാൽ ആര്യപുത്രനെ സംബോധന ചെയ്യുന്നത് കൃപാനിധേ എന്നാണ്. രാജാധികാരത്തിൽ ജനാഭിപ്രായത്തിന് മുഖ്യം കല്പിച്ച് സീതയെ വനത്തിൽ ഉപേക്ഷിക്കുമ്പോഴും ശ്രീരാമന്‍റെ മനസ്സിൽ സീതയും സീതയുടെ മനസ്സിൽ ശ്രീരാമനുമുണ്ടായിരുന്നു. താതാജ്ഞ പാലിക്കാനായി ദണ്ഡകാരണ്യത്തിലേക്ക് പോയ സന്ദർഭത്തിൽ പോലും, ശ്രീരാമൻ വനയാത്രയിൽ ഒപ്പം പോകാൻ തയ്യാറെടുത്തു നിൽക്കുന്ന സീതയെ തടയുകയാണ്. ഘോരമൃഗങ്ങളും ഉരഗങ്ങളും ഉള്ള കാടിന്‍റെ ഭയം ജനിപ്പിക്കുന്ന ചിത്രം അവതരിപ്പിക്കുകയാണ് ശ്രീരാമൻ. ഭാര്യാധർമ്മം പാലിക്കേണ്ടത് ഭാരതീയ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. കല്ലിലും മുള്ളിലും കാനന പ്രാന്തങ്ങളിലും ഭർത്താവിനൊപ്പം സഞ്ചരിക്കുവാൻ സീത തയ്യാറാകുന്നു.

ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു-

രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ

പാണീഗ്രഹണ മന്ത്രാർത്ഥവുമോർക്കണം

പ്രാണാവസാന കാലത്തും പിരിയുമോ?

ജനക മഹാരാജാവിന് ഉഴവുചാലിൽ നിന്നും കിട്ടിയ സീത, ഭൂമീപുത്രിയാണ്. ഭൂമിയോളം ക്ഷമയുള്ളവളുമാണ്. രാജാവായ ശ്രീരാമചന്ദ്രന്‍റെ ഭരണപരമായ ചുമതലകളെ ബോധ്യമുള്ള സ്ത്രീരത്‌നവുമാണ്. സീതാ അപഹരണശേഷം രാവണന്‍റെ കൊട്ടാരമായ ശ്രീലങ്കയിൽ ശിംശിപാവൃക്ഷച്ചോട്ടിൽ വസിക്കുമ്പോഴും രാമചിന്തയാൽ ആ മനം ഉഴറിയിരുന്നു.

രാവണ നിഗ്രഹ ശേഷം അഗ്നിപരീക്ഷണത്തിന് വിധേയമാകുമ്പോഴും ആ പതിവ്രതയുടെ രാമഭക്തിയ്ക്കും, പതിയോടുള്ള സ്‌നേഹത്തിനും ഒരു ഭംഗവും ഉണ്ടായിട്ടില്ല. സഹനശക്തിയുടെ സ്ത്രീസഹജമായ സ്വഭാവം സർവ്വംസഹയായ ഭൂമീപുത്രിയ്ക്കു മാത്രമേ കൈവരുകയുള്ളൂ. വാല്മീകി ആശ്രമത്തിൽ ലവകുശന്മാരോടൊത്ത് കഴിയുമ്പോഴും പിതാവായ രാമന്‍റെ സ്വഭാവ വിശേഷങ്ങൾ മക്കളെ പറഞ്ഞു മനസ്സിലാക്കിയിരുന്നു.

സ്വാമി വിവേകാനന്ദൻ സീതയെക്കുറിച്ച് പറഞ്ഞത് എത്ര ഉചിതമാണ്. അനേകം രാമൻമാർ ഉണ്ടാകാം പക്ഷേ, ഒരു സീത മാത്രമേയുള്ളൂ. അതാണ് സീതാദേവി. പഞ്ചമഹിളാ രത്‌നങ്ങളിൽ സീതയ്ക്കും പ്രമുഖ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. രാമായണം കേവലം അന്യസ്ത്രീയെ അപഹരിക്കലും അതിനെ തുടർന്നുള്ള ശ്രീരാമ-രാവണ യുദ്ധവും മാത്രം വിവരിക്കുന്ന കൃതിയല്ല. പതിഭക്തി, പിതൃഭക്തി, സഹോദര സ്‌നേഹം, മുതലായ ഗുണപാഠ ബോധനത്തിനും എഴുത്തച്ഛന്‍റെ രാമായണ കാവ്യം ഉപയുക്തമാണ്.

logo
Metro Vaartha
www.metrovaartha.com