സ്ത്രീ അതിപ്രസക്ത തന്നെ| രാമായണ ചിന്തകൾ - 9

രാമായണത്തിലും വനയാത്രയ്ക്ക് ശ്രീരാമൻ കൂടെ കൂട്ടുന്നത് സീതയേയും ലക്ഷ്മണനേയും ആണ്.
Ramayana chinthakal

സ്ത്രീ അതിപ്രസക്ത തന്നെ| രാമായണ ചിന്തകൾ - 9

Updated on

വെണ്ണല മോഹൻ

ആർഷഭാരതം സ്ത്രീയ്ക്ക് പുരുഷനുതുല്യം പ്രാധാന്യം കൊടുത്തിരുന്നു എന്നത് നമുക്കറിയാമല്ലോ?

ആ യാഥാർത്ഥ്യം പുരാണത്തിലും ചരിത്രത്തിലും ഒക്കെ ധാരാളം കാണാനും കഴിയും.

ശിവ - പാർവ്വതി സങ്കല്പം പോലും അങ്ങനെ ഉള്ളതാണ്. യാഗത്തിന് ആണെങ്കിലൊ യജമാനനും യജമാനത്തിയും ഉണ്ടായിരിക്കും. വിവാഹിതരാണെങ്കിൽ ഭർത്താവിനെ ക്ഷണിക്കുന്നത് ഭാര്യയോടൊപ്പം വരുവാനാണ് ഭാര്യയെ ക്ഷണിക്കുന്നത് ഭർത്താവിനോടൊപ്പം വരുവാനും പറഞ്ഞണ്! ഇലക്ട്രോണിക് യുഗത്തിനു മുമ്പ് ക്ഷണിക്കാൻ എത്തുന്നതും സ്ത്രീയും പുരുഷനും ചേർന്നാണ്. മംഗല്യത്തിന് പറനിറയ്ക്കുന്നത് തുടങ്ങി പലതും സ്ത്രീ പുരുഷന്മാർ ഒന്നിച്ച് നിന്നാണ് ചെയ്തവരാറ്. എന്നാലേ ഐശ്വര്യം ആകൂ എന്നാണ് വിശ്വാസം.

എല്ലാ നന്മകളും സ്ത്രീയോട് അഥവാ മാതൃഭാവത്തോട് ചേർത്ത് വായിക്കുന്നു! മാതൃഭൂമി, ഭൂമിമാതാ , തുളസി മാതാ, ഗോമാതാഎന്നിങ്ങനെ. പുരുഷദേവതകളേക്കാൾ സ്ത്രീദേവതകളാണ് അധികം.

നദികളിൽ ഒന്നോ രണ്ടോ ( ?)ഒഴികെ മറ്റെല്ലാം തന്നെ സ്ത്രീകളുടെ പേരിലാണ് അറിയപ്പെടുന്നത്. വേദാധികാരം പോലും സ്ത്രീകൾക്ക് ഉണ്ടായിരുന്നതായി കാണാനാകും. പുരുഷനൊപ്പം സ്ത്രീയും അഥവാ ചില പ്രത്യേക സന്ദർഭങ്ങളിൽ പുരുഷനേക്കാൾ ഒരുപടി ഉയർന്ന നിലയിൽ സ്ത്രീയും! അതാണ് ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നത്.

ഒരു ദേവതയും സ്ത്രീ പൂജിക്കപ്പെടേണ്ടവളാണ്. സ്ത്രീയ പൂജിക്കാത്ത സ്ഥലത്ത് ഒരു ദേവതയുംഎത്തില്ല എന്നും ഗുരു സ്ഥാനം പോലും മാതാവിനു ശേഷമാണ് പറയുന്നതെന്നും ഓർക്കുക! മാതാ ,പിതാ ,ഗുരു, ദൈവം. രാമായണത്തിലും വനയാത്രയ്ക്ക് ശ്രീരാമൻ കൂടെ കൂട്ടുന്നത് സീതയേയും ലക്ഷ്മണനേയും ആണ്.

സീത കൂടെ വരാതിരിക്കാൻ ഒട്ടേറെ കാരണങ്ങൾ നിരത്തുന്നുണ്ട് രാമൻ. ലക്ഷ്മണൻ ചേരാതിരിക്കുവാനും. എന്നാൽ, ഇരുവരും ആ വാദങ്ങൾ ഒക്കെ വളരെ മനോഹരമായി ഖണ്ഡിക്കുന്നുമുണ്ട്. 'ഭർത്താവിൻറെ ദൗഭാഗ്യങ്ങളിൽ പങ്കുകൊള്ളേണ്ടവളാണ് ഭാര്യയെങ്കിൽ എൻറെ വാസവും കാട്ടിൽ തന്നെയായിരിക്കും. ഏതു വനത്തിലാ യാലും അവിടത്തെ പാദമൂലം തന്നെ എനിക്ക് പരമാശ്രയം. യമ നിയമാധികളോടെ ബ്രഹ്മചര്യം ദീക്ഷിച്ച് അവിടത്തെ ശിശ്രൂഷിച്ചു കൊണ്ടു

തന്നെ ഞാൻ കഴിഞ്ഞു കൊള്ളാം. അങ്ങയെ പിരിഞ്ഞിട്ടൊരു ജീവിതം എനിക്കില്ല. മരണാനന്തരം ഞാനും കൂടെയുണ്ട് നിശ്ചയം' സീതയുടെ വാക്കുകൾ കേൾക്കുന്ന ശ്രീരാമൻ വനവാസത്തിന്റെ ബഹുമുഖങ്ങളായ ദുഃഖങ്ങളെ പറ്റി സവിസ്തരം പ്രതിപാദിക്കുന്നു. എന്നിട്ട് അവസാനം ഈ ആഗ്രഹത്തെ നിയന്ത്രിക്കാനാണ് പറയുന്നത്. എന്നാൽ അവിടെയും സീത തൻറെ നിർബന്ധം ഒഴിവാക്കാൻ തയ്യാറല്ല. 'അവിടത്തെ ചൂണ്ടിക്കാട്ടിയ ദോഷങ്ങളെല്ലാം തന്നെ നന്മകൾ ആണെന്ന് ഞാൻ കരുതുന്നു. ദുഃഖിതയായ എന്നെ അവിടു ന്ന് കൂട്ടിക്കൊണ്ടു പോകാത്ത പക്ഷം എൻറെ ജീവൻ വിഴത്തിനൊ, അഗ്നിക്കൊ, ജലാശയത്തിനൊ സമർപ്പിക്കേണ്ടിവരും' പിന്നെയും തടസ്സം പറഞ്ഞ ശ്രീരാമനോട് സീത ആണത്തത്തെ പോലും ചോദ്യം ചെയ്യുന്നതായി കാണാം.

' എൻറെ പിതാവ് തൻറെ മകളെ പുരുഷരൂപം പൂണ്ട പെണ്ണിനാണ് കൊടുക്കുന്നത് എന്ന് അറിഞ്ഞില്ലല്ലോ; കഷ്ടം തന്നെ'

തുടർന്ന് പലതും പറഞ്ഞ് കെട്ടിപ്പിടിച്ച് കരയുകയാണ് ഉണ്ടായത്.

ആ നിമിഷം കരുണയോടെ ശ്രീരാമചന്ദ്രൻ അവളെ വാരി പുണരുന്നു. എന്നിട്ട് പറയുന്നു 'നിന്റെ മനോഗതി മുഴുവനായി അറിയാൻ വേണ്ടിയാണ് ഞാൻ തടസ്സങ്ങൾ പറഞ്ഞത്. ഭവതിയെ കൂട്ടി കൊണ്ടുപോകാൻ ഞാൻ ഉറച്ചു കഴിഞ്ഞു. അല്ലയോ സീതേ, നീശരിക്കും സഹധർമചാരിണിയായി ഭവിക്ക ! നീയില്ലാതെ സ്വർഗ്ഗം പോലും എനിക്ക് കാമ്യമല്ല. ദാന കർമ്മങ്ങളെല്ലാം ചെയ്തു ഉടനെ പുറപ്പെടുക' ലക്ഷ്മണനോടും തടസ്സങ്ങൾ പറയുന്നുണ്ട് ഒടുവിൽ ലക്ഷ്മണനേയും കൂടെ ചേർക്കുകയാണ്.

അച്ഛൻ്റെ വാക്കുപാലിക്കാൻ നടത്തുന്ന ത്യാഗം. അവതാര ഉദ്ദേശ്യത്തിലേക്ക് തിരിയാനൊരു നിമിത്തം.

ഏത് നിമിഷവുംജീവിത അവസ്ഥകൾ മാറിമറിയാം എന്ന് ലോകരെ ബോധ്യപ്പെടുത്തുന്ന സംഭവം. ഒക്കെ അരങ്ങേറുകയാണ് ഈ രംഗങ്ങളിലൂടെ. പ്രകൃതിയിലേക്കുള്ള ചേരൽ,

ഏത് നിമിഷവും സുഖദുഃഖങ്ങളിൽ മാറ്റമുണ്ടാകാം എക്കാലത്തും, സമയത്തും സ്ഥിരമായി നിൽക്കുന്നതല്ല സുഖദുഃഖങ്ങളും വികാരങ്ങളും. അപ്പോഴൊക്കെ സ്ഥിതപ്രജ്ഞതയാർന്ന് അതിനെ നേരിടുകയാണ് അഭികാമ്യം. രാജാവായി മാറേണ്ട ആൾ വനവാസിയായി മാറാൻ കാലങ്ങൾ വേണ്ടി വന്നില്ലല്ലോ! ജനിച്ചു മരിക്കുന്ന സമയത്തിനുള്ളിൽ വരുന്നതെല്ലാം അനുഭവിച്ച് കടന്നുപോകുക എന്ന തേവഴിയുള്ളൂ. ഉറങ്ങിയാൽ ഉണരാൻ കഴിയുമോ എന്ന് ഉറപ്പില്ലെങ്കിലും അലാറം സെറ്റ് ചെയ്തു വയ്ക്കുന്നവരല്ലേ നമ്മൾ |

നിലയും വിലയും നഷ്ടപ്പെട്ടു എന്ന് തോന്നിയാൽ ആ നിമിഷം വിവാഹത്തിൽ നിന്നും മോചനം ( മോചനം എന്നാണ് പറയുന്നത് പോലും ' ബന്ധത്തെ ബന്ധനമായാണ് കാണുന്നത്) നേടുന്നഒരു തലമുറയിലെ ന്യൂനപക്ഷ വിഭാഗത്തെ കൂടി കാണുമ്പോൾ രാമനോടൊപ്പമുള്ള സീതാ യാത്ര ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

(നാളെ - കർമ്മ ഫലത്തിന്‍റെ പകർച്ച).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com