

സരമ: തിന്മയ്ക്കിടയിലെ നന്മയുടെ തളിർ
അഡ്വ. വി.എസ്. വിനീത്കുമാർ
രാമായണം മനുഷ്യ ജീവിതത്തിന്‍റെ ധാർമിക സംഘർഷങ്ങളെയും മൂല്യബോധങ്ങളെയും അനശ്വരമായ കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യുന്ന മഹാകാവ്യമാണ്. ഓരോ കഥാപാത്രവും ജീവിതത്തിന്‍റെ ഓരോ സത്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. രാമൻ ധർമത്തിന്‍റെ പ്രതീകമാണെങ്കിൽ, സീത പവിത്രതയുടെ; ഹനുമാൻ ഭക്തിയുടെയും സേവനത്തിന്‍റെയും; വിഭീഷണൻ നീതിയുടെയും വിവേകത്തിന്‍റെയും പ്രതീകം. എന്നാൽ ഈ മഹത്തായ കഥാപാത്രങ്ങളുടെ നിഴലിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അത്തരത്തിലൊരാളാണ് സരമ. കഥയുടെ വ്യാപ്തിയിൽ അവൾക്ക് ചെറിയ സ്ഥാനമേ ഉള്ളൂ. എന്നാൽ ധാർമികതയുടെ അളവുകോലിൽ നോക്കുമ്പോൾ, ആ ചെറിയ സാന്നിധ്യം പോലും അസാധാരണമായ ഉയരത്തിലെത്തുന്നു.
രാവണന്‍റെ സഹോദരനും ധർമനിഷ്ഠനുമായ വിഭീഷണന്‍റെ ഭാര്യയാണ് സരമ. രാക്ഷസ കുലത്തിൽ ജനിച്ചവളും രാവണന്‍റെ ലങ്കയിൽ ജീവിച്ചവളുമാണെങ്കിലും അവിടുത്തെ അധാർമികതയോട് അവൾ ഒരിക്കലും സന്ധി ചെയ്യുന്നില്ല. ചുറ്റുപാടുകൾ തിന്മ കൊണ്ട് നിറഞ്ഞാലും മനഃസാക്ഷിയെ മലിനമാക്കാതെ ജീവിക്കാമെന്നതിന് ഉജ്ജ്വലമായ ഉദാഹരണമാണ് സരമ. ജന്മമോ കുടുംബമോ സമൂഹമോ ഒരാളുടെ സ്വഭാവത്തെ അന്തിമമായി നിർണയിക്കുന്നില്ല; സ്വന്തം വിവേകവും ധാർമികബോധവുമാണ് യഥാർഥ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതെന്ന് സരമയുടെ ജീവിതം നമുക്ക് ബോധ്യപ്പെടുത്തുന്നു.
അശോകവാടികയിൽ തടവിലാക്കപ്പെട്ട സീതയുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോഴാണ് സരമയുടെ മഹത്വം ഏറ്റവും വ്യക്തമായി അനുഭവപ്പെടുന്നത്. പ്രിയതമനിൽ നിന്ന് അകന്ന്, ശത്രു രാജ്യത്തിന്‍റെ നടുവിൽ, രാക്ഷസിമാരുടെ ഭീഷണികൾക്കിടയിൽ കഴിയുന്ന സീതയുടെ ഏകാന്തതയും വേദനയും എത്രമാത്രം ഭീകരമായിരുന്നുവെന്ന് രാമായണം വരച്ചു കാട്ടുന്നു. ആ ഇരുണ്ട അന്തരീക്ഷത്തിൽ സരമയുടെ സാന്നിധ്യം ഒരു വിളക്കിന്‍റെ വെളിച്ചം പോലെയാണ്. അവൾ സീതയെ ആശ്വസിപ്പിക്കുന്നു; പ്രത്യാശ കൈവിടരുതെന്ന് ഓർമിപ്പിക്കുന്നു; സത്യസന്ധമായ വിവരങ്ങൾ നൽകിക്കൊണ്ട് മനസിന്‍റെ തകർച്ചയിൽനിന്ന് അവളെ സംരക്ഷിക്കുന്നു. ഭയപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന രാക്ഷസിമാരുടെ ഇടയിൽ സരമ കരുണയുടെ ഭാഷയാണ് സംസാരിക്കുന്നത്.
രാവണൻ മായയിലൂടെ സീതയുടെ മനസിനെ തകർക്കാൻ ശ്രമിച്ച സന്ദർഭങ്ങളിൽ സരമയുടെ പങ്ക് അത്യന്തം ശ്രദ്ധേയമാണ്. രാമൻ കൊല്ലപ്പെട്ടുവെന്ന വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സീതയുടെ ആത്മവിശ്വാസം ഇല്ലാതാക്കാനായിരുന്നു രാവണന്‍റെ ശ്രമം. എന്നാൽ സരമ യാഥാർഥ്യം വ്യക്തമാക്കിക്കൊണ്ട് ആ ദുരുദ്ദേശത്തെ പരാജയപ്പെടുത്തുന്നു. പ്രത്യാശ നഷ്ടപ്പെടാതെ കാത്തിരിക്കാനുള്ള ആത്മവിശ്വാസമാണ് അവൾ സീതയ്ക്ക് പകരുന്നത്. സത്യത്തിന്‍റെ ഒരു വാക്കിന് ചിലപ്പോൾ ആയിരം ആയുധങ്ങളെക്കാൾ ശക്തിയുണ്ടെന്ന് സരമയുടെ ഈ ഇടപെടൽ തെളിയിക്കുന്നു.
സരമയുടെ വ്യക്തിത്വത്തിലെ ഏറ്റവും തിളക്കമാർന്ന ഗുണം ധാർമിക ധൈര്യമാണ്. അധികാരത്തിന്‍റെ സമീപത്തായിരുന്നിട്ടും അധികാര ദുർവിനിയോഗത്തെ അവൾ അനുകൂലിച്ചില്ല. രാവണന്‍റെ കുടുംബാംഗമെന്ന ബന്ധമോ ലങ്കയിലെ സുരക്ഷിതമായ ജീവിതമോ അവളെ സത്യത്തിൽ നിന്ന് അകറ്റിയില്ല. ധർമത്തിനു വേണ്ടി നിലകൊള്ളുക എന്നത് എല്ലായ്പ്പോഴും യുദ്ധഭൂമിയിൽ വാൾ വീശുന്നതല്ല; അനീതിയുടെ മുമ്പിൽ മൗനം പാലിക്കാതിരിക്കുന്നതും ധൈര്യമാണ്. സരമ അതാണ് ചെയ്തത്. അവളുടെ നിശബ്ദമായ പ്രതിരോധം ധാർമികതയുടെ ഏറ്റവും ശക്തമായ പ്രഖ്യാപനമായി മാറുന്നു.
ഈ സന്ദർഭത്തിൽ സരമയും വിഭീഷണനും പരസ്പരം പൂരകങ്ങളായ കഥാപാത്രങ്ങളാണ്. വിഭീഷണൻ തുറന്നു പറഞ്ഞ് രാവണനെ എതിർക്കുന്നു; സരമ ശബ്ദമുയർത്താതെ സത്യത്തിന്‍റെ പക്ഷത്ത് ഉറച്ചുനിൽക്കുന്നു. ഒരാൾ ധർമത്തിന്‍റെ പൊതുമുഖമാണെങ്കിൽ മറ്റൊരാൾ അതിന്‍റെ അന്തർമുഖമാണ്. ഇരുവരുടെയും ജീവിതം ചേർന്നാണ് യഥാർഥ വിശ്വസ്തത വ്യക്തികളോടല്ല, ധർമത്തോടും നീതിയോടുമാണെന്ന രാമായണ സന്ദേശം കൂടുതൽ ശക്തമാകുന്നത്.
സരമയുടെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത അവളുടെ വിവേകവും ബുദ്ധിശക്തിയുമാണ്. ലങ്കയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി മനസിലാക്കി സീതയ്ക്ക് ആവശ്യമായ വിവരങ്ങൾ കൈമാറാൻ അവൾക്ക് കഴിയുന്നു. അറിവും വിവേകവും ഭരണാധികാരികൾക്കോ യോദ്ധാക്കൾക്കോ മാത്രമുള്ള സ്വത്തല്ലെന്ന് സരമ തെളിയിക്കുന്നു. അധികാരമോ ആയുധബലമോ ഇല്ലാത്ത ഒരാൾക്കും സത്യബോധവും ശരിയായ തിരിച്ചറിവും കൊണ്ട് ചരിത്രത്തിൽ സ്ഥാനം നേടാനാകുമെന്ന് അവളുടെ ജീവിതം പഠിപ്പിക്കുന്നു.
എഴുത്തച്ഛന്‍റെ അധ്യാത്മ രാമായണത്തിൽ സരമയുടെ സാന്നിധ്യം കരുണയുടെ സാന്നിധ്യമായാണ് അനുഭവപ്പെടുന്നത്. ഭീഷണികളുടെയും ഭയത്തിന്‍റെയും നടുവിൽ അവൾ സീതയ്ക്ക് ആശ്വാസമാകുന്നു. പ്രത്യാശയുടെ ചെറിയൊരു കിരണം പോലും മനുഷ്യനെ തകർച്ചയിൽ നിന്ന് രക്ഷിക്കുമെന്ന മഹത്തായ സന്ദേശം സരമയുടെ കഥാപാത്രം നമുക്ക് നൽകുന്നു.
ഇന്നത്തെ സമൂഹത്തിലും സരമയുടെ കഥാപാത്രം ഏറെ പ്രസക്തമാണ്. അനീതി കാണുമ്പോൾ മൗനം പാലിക്കുന്നവരുടെ എണ്ണം വർധിക്കുന്ന കാലമാണിത്. അധികാരത്തിന്‍റെയും സ്വാർഥതയുടെയും ഭയത്തിന്‍റെയും മുന്നിൽ സത്യം പലപ്പോഴും തോറ്റു പോകുന്നു. അത്തരം സാഹചര്യങ്ങളിൽ സരമ നമ്മെ പഠിപ്പിക്കുന്നത്, സത്യത്തിന്‍റെ പക്ഷത്ത് നിൽക്കാൻ വലിയ സ്ഥാനമോ അധികാരമോ ആവശ്യമില്ല; നല്ല മനസും ധാർമിക ധൈര്യവും മാത്രം മതി എന്നതാണ്. തിന്മയുടെ നടുവിൽ ജീവിക്കുമ്പോഴും തിന്മയുടെ ഭാഗമാകാതെ നന്മയുടെ വിത്തായി നിലകൊള്ളാൻ ഓരോ മനുഷ്യനും കഴിയുമെന്ന് അവൾ ഓർമപ്പെടുത്തുന്നു.
രാവണന്‍റെ ലങ്ക തിന്മയുടെ വൻമരങ്ങളാൽ നിറഞ്ഞ കാടായിരുന്നുവെങ്കിൽ, അതിനിടയിൽ പച്ചപിടിച്ച നന്മയുടെ തളിർനാമ്പായിരുന്നു സരമ. കരുണ, സഹാനുഭൂതി, ധൈര്യം, വിവേകം, വിശ്വസ്തത, സത്യസന്ധത, ധർമനിഷ്ഠ-ഈ എല്ലാ സദ്ഗുണങ്ങളുടെയും അപൂർവ സമന്വയമാണ് അവളുടെ ജീവിതം.
രാമായണം അവസാനിച്ചിട്ടും സരമയുടെ സന്ദേശം അവസാനിക്കുന്നില്ല. ഓരോ കാലഘട്ടത്തിലും തിന്മയുടെ വനങ്ങൾ പുതുരൂപങ്ങളിൽ വളർന്നുകൊണ്ടിരിക്കും. എന്നാൽ അവയ്ക്കിടയിൽ നന്മയുടെ ഒരു തളിർ പൊട്ടിവിരിയുമെന്ന് വിശ്വസിക്കാനുള്ള ആത്മവിശ്വാസമാണ് സരമ നമ്മിൽ നട്ടുവയ്ക്കുന്നത്. മനുഷ്യന്‍റെ യഥാർഥ ശക്തി അവന്‍റെ പേശികളിലോ പദവികളിലോ അല്ല; മനസാക്ഷിയിലും ധാർമികബോധത്തിലുമാണെന്ന് ഓർമിപ്പിക്കുന്ന ശാന്തവും പ്രകാശപൂർണവുമായ ഒരു സാന്നിധ്യമാണ് സരമ. അതുകൊണ്ടുതന്നെ, രാമായണത്തിലെ ചെറുകഥാപാത്രങ്ങളുടെ നിരയിൽ അവൾ ഒരു ചെറിയ പേരല്ല; നന്മയുടെ അനശ്വര പ്രതീകമാണ്.