ചില അർഥതലങ്ങൾ|രാമായണ ചിന്തകൾ - 11

അമിത കാമാവേശം ബലവാനായ ബാലിയേയും ത്രിലോക ചക്രവർത്തിയായ രാവണനേയും ഏതു വിധിയിലേക്കാണ് എത്തിച്ചതെന്നും രാമായണം വ്യക്തമാക്കുന്നുണ്ട്.
Some Levels of Meaning | Ramayana Thoughts - 11

ചില അർഥതലങ്ങൾ|രാമായണ ചിന്തകൾ - 11

Updated on

വെണ്ണല മോഹൻ

ശ്രീരാമൻ അവതാരമാണെങ്കിലും അവതാരമെടുത്തത് മനുഷ്യനായിട്ടാണല്ലോ. അതുകൊണ്ടുതന്നെ അവതാരം എന്ന ആവരണം മാറ്റി തികച്ചും മനുഷ്യസഹജമായ ജീവിതമാണ് രാമായണത്തിലൂടെ രാമൻ എന്ന കഥാപാത്രം ചൊല്ലിയാടുന്നത്. മനുഷ്യനുണ്ടാകുന്ന ഏതു വികാരവിചാരങ്ങളും രാമനിലൂടെ കാണാനാകും. അവ എങ്ങനെയായിരിക്കണം നോക്കിക്കാണേണ്ടത്, ഓരോ സന്ദർഭങ്ങളിലും എന്താണു ചെയ്യേണ്ടത് എന്നു കൃത്യമായി മനസിലാക്കിത്തരുമ്പോൾ നാം പല കാമനകളേയും നേരായ രീതിയിൽ മനസിലുറപ്പിക്കാൻ നിതാന്തശ്രദ്ധാലുക്കളായി മാറുന്നു.

അവിടെയാണ് അവതാരോദ്ദേശ്യം പൂർത്തീകരിക്കുന്നത് എന്നും പറയാം. കേവലം രാവണൻ എന്ന ഭരണകർത്താവിനെ വധിക്കുന്നതു മാത്രമല്ല, മനുഷ്യകുലത്തിനു വേണ്ട ദിശാബോധം നൽകുന്നതും കൂടിയാണ് ഈ അവതാരോദ്ദേശ്യം എന്ന് രാമായണം വ്യക്തമാക്കിത്തരുന്നു. മനുഷ്യ ജീവിതത്തിലെ പല ഘട്ടങ്ങളും രാമൻ അനുഭവിക്കുന്നത് നമുക്ക് ഈ കൃതിയിൽ കാണാം. മുൻ പറഞ്ഞതുപോലെ അവതാരം എന്ന മേൽമറ മാറ്റി അതു ശ്രദ്ധിക്കപ്പെടേണ്ടതുമാണ്.

തോണിയിൽ ഗുഹൻ ഗംഗയുടെ തെക്കേക്കരയിൽ ശ്രീരാമനേയും സീതയേയും ലക്ഷ്മണനേയും എത്തിച്ചു. തുടർന്ന് വനഭൂമി ലക്ഷ്യമാക്കി മൂവരും നടന്നു.

"ലക്ഷ്മണാ, നാം ഘോര വനത്തിലാണ്. രാത്രിയിൽ തളർന്ന് ഉറങ്ങിപ്പോകരുത്. അതാണ് ഇനിയെന്നും പാലിക്കേണ്ടത്. കഴിഞ്ഞ കഥകൾ ഓരോന്നും ഓർത്തുപോവുകയാണ്. സൗമിത്രേ, ധർമാർഥങ്ങളേക്കാൾ കാമത്തിനു തന്നെയാണു ശക്തി. അതല്ലേ നാം കണ്ടത്. അച്ഛൻ വൃദ്ധനാണ്. വല്ലതും സംഭവിച്ചു പോകുമോ എന്നു ഭയമുണ്ട്. ഏക പുത്രന്‍റെ ശുശ്രൂഷ ലഭിക്കാൻ ഭാഗ്യമില്ലാതെ പോയ അമ്മയെപ്പറ്റി എന്തു പറയാൻ..?'

ഹൃദയമാഥികളായ വാക്കുകൾ പറഞ്ഞുകൊണ്ട് ആ ശത്രുമർദനൻ തെല്ലുനേരം ദുഃഖിതനായി ഇരിക്കുന്ന സന്ദർഭം. ഏതു വരുംവരായ്മകളും മുൻകൂട്ടി ദർശിച്ചിട്ടുള്ളവരാണ് അവതാരങ്ങളായി ജന്മമെടുത്തിട്ടുള്ളത്. എന്നാൽ, ഇവിടെ തികച്ചും മനുഷ്യന്‍റെ വികാരവിചാരങ്ങളും ഉത്ക്കണ്ഠയുമാണ് ശ്രീരാമൻ പ്രകടിപ്പിക്കുന്നത്.

ഇതിനിടെ മറ്റൊന്നു കൂടി പറഞ്ഞതു ശ്രദ്ധിക്കുക. ധർമാർഥങ്ങളേക്കാൾ കാമത്തിനാണ് ശക്തി എന്ന പ്രസ്താവന.

ആ പ്രസ്താവന ശരിവയ്ക്കുന്നതല്ലേ രാമായണത്തിൽ പല സന്ദർഭങ്ങളിലും കാണാൻ കഴിയുന്നത്.

കാമത്തിന് കണ്ണില്ല എന്നാണല്ലോ പറയാറ്. കാമബാധിതരായാൽ മറ്റൊന്നും കാണാൻ കഴിയാറില്ലന്നു സാരം. കാമവികാരം ആയിരുന്നില്ലേ ദശരഥ മഹാരാജാവ് അയോധ്യയ്ക്കു മുഴുവൻ ദുഃഖം പകർന്നു കൊടുക്കാൻ കാരണമായത്. അദ്ദേഹത്തിന്‍റെ സ്വന്തം ജീവിതത്തെ തന്നെ അതു നശിപ്പിക്കുകയും ചെയ്തു.

അമിത കാമാവേശം ബലവാനായ ബാലിയേയും ത്രിലോക ചക്രവർത്തിയായ രാവണനേയും ഏതു വിധിയിലേക്കാണ് എത്തിച്ചതെന്നും രാമായണം വ്യക്തമാക്കുന്നുണ്ട്.

കാമത്തെ കാമാഗ്നി എന്നാണു വിശേഷിപ്പിക്കാറ്. അഗ്നിയായി കാമം ജ്വലിക്കുകയാണ്! അതു സർവതിനേയും ചാമ്പലാക്കിത്തീർക്കുക മാത്രമല്ല, സ്വയം എരിയുകയും ചെയ്യുകയാണ്. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതുപോലെ, അതിസർവത്ര വർജിതമായിരിക്കണം. ഏതു വിഷയത്തിനു പുറകെയാണോ പോകുന്നത്, ഏതിലാണോ അധികം അഭിരമിക്കുന്നത് അത് തന്‍റെ തന്നെ ശത്രുവായി തീരുന്നുവെന്നു മറ്റൊരു അവതാരകൃത്യത്തിൽ പറഞ്ഞിട്ടുള്ളത് ഇവിടെ പല സംഭവങ്ങൾ കൊണ്ടും ദൃശീഭവിപ്പിക്കുന്നു. അതുകൊണ്ട് അമിതാസക്തി ഒഴിവാക്കുക എന്ന സന്ദേശം കൂടി രാമായണം നൽകുന്നു.

ജനപ്രിയ കൃതികളും ജനപക്ഷ കൃതികളും ഏറ്റവും സുലഭമാണ്. താത്കാലിക ആനന്ദം നൽകുന്ന ജനപ്രിയ കൃതിയിൽ നിൽക്കുമ്പോൾ ജനത്തിനു വേണ്ട ഉൾവെളിച്ചം നൽകി ജനപക്ഷ കൃതികൾ നിലനിൽക്കുന്നു. ജനപ്രിയവും ജനപക്ഷവും ഒത്തിണങ്ങിയ കൃതിയാണു രാമായണം. അതുകൊണ്ടുതന്നെ കാലമെത്ര കഴിഞ്ഞാലും രാമായണം പ്രസക്തമായിത്തന്നെ നിലകൊള്ളും, നിശ്ചയം.

മറ്റൊന്ന്, അനുഭവിക്കേണ്ടതായ കാര്യങ്ങൾ എല്ലാം സ്വസ്ഥമായി തന്നെ അനുഭവിക്കുക എന്നതും പ്രസക്തം.

"ദുഃഖം സുഖം നിജ കർമ വശാഗത-

മൊക്കെയൊന്നുൾക്കാമ്പു കൊണ്ടു നിനച്ചതിൻ

യദ്യദ്യദാഗതം തത്രകാലാന്തരേ

തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം.

ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട

ഭോഗം വിധികൃതം വർജിക്കയും വേണ്ട'.

രാമായണത്തിൽ ശ്രീരാമൻ മനുഷ്യലീലകൾ ആടിത്തിമർക്കുമ്പോൾ ഒരു ജീവിതവും കാലവും കർത്തവ്യങ്ങളും എടുത്തുകാട്ടുമ്പോഴൊക്കെ രാമായണം വായനക്കാർക്ക് ജീവിതഗതിക്കു വേണ്ട മൊഴിമുത്തുകൾ അറിയാതെ വിതറുന്നുമുണ്ട്. അഥവാ, പറയാതെ പറയുന്നു. അതുകൂടി കണ്ടെത്താൻ ശ്രമിക്കുമ്പോൾ രാമായണ വായനയ്ക്ക് മറ്റൊരു അർഥതലം സൃഷ്ടിക്കാനാകും.

(നാളെ: ധാർമികതയുടെ പ്രതിഫലനം)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com