

രാജാവില്‍ നിന്ന് ഋഷിയിലേക്ക് സ്വയമുയര്‍ന്ന വിശ്വാമിത്രന്‍
വി.കെ. ലീലാമണി
രാമായണ മാസം നമ്മെ ഓർമിപ്പിക്കുന്നത് രാമന്‍റെ കഥയോ രാമരാവണ യുദ്ധമോ മാത്രമല്ല, ആ കഥയ്ക്കു ചോദനയേകി മിഴിവും വഴിയും തെളിച്ച മഹാ ഗുരുക്കന്മാരുടെ കഥ കൂടിയാണ്.വിശ്വാമിത്ര മഹർഷി അതിലൊരാളാണ്. കുശരാജവംശത്തിലെ രാജാവായിരുന്ന അദ്ദേഹം പിന്നീടു ബ്രഹ്മർഷിയായി ഉയർന്നു. അന്ന് രാജ്യവും സൈന്യവും അളവറ്റ ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉണ്ടായിരുന്നിട്ടും വിശ്വാമിത്രൻ തെരഞ്ഞെടുത്തത് വേറിട്ടൊരു വഴിയാണ്- ജ്ഞാനത്തിന്‍റെ വഴി. ഗർവും അഹങ്കാരവും മദമാത്സര്യവും കൊണ്ട് ഉന്മത്തനായിത്തീർന്ന അദ്ദേഹം നിരന്തരം വസിഷ്ഠ മഹർഷിയോടു പൊരുതിക്കൊണ്ടിരുന്നു. ഓരോ തോൽവിയും ഏറ്റുവാങ്ങി മടുത്തപ്പോൾ അദ്ദേഹം മനസിലാക്കി; യഥാർഥ ശക്തി, ജ്ഞാനം ആയുധത്തിലും അഹങ്കാരത്തിലും മത്സരത്തിലും വിദ്വേഷത്തിലുമല്ല തപശ്ചക്തിയിലാണെന്ന്. അതിനു ശേഷം ആയിരക്കണക്കിനു വർഷത്തെ തപസ്. രാജപദവി ഉപേക്ഷിച്ച്, കഠിനമായ വ്രതങ്ങൾ അനുഷ്ഠിച്ച്, സ്വയം പണിതെടുത്ത മനുഷ്യൻ.
വിശ്വാമിത്രൻ നമ്മെ പഠിപ്പിക്കുന്നത് ധൈര്യമാണ്. "ഞാൻ ആരാണ്' എന്ന് സ്വയം തീരുമാനിക്കാനുള്ള ധൈര്യം. സമൂഹം നൽകുന്ന ലേബൽ പൊട്ടിച്ചെറിയാനുള്ള ധൈര്യം. രാജാവിൽ നിന്നു ഋഷിയിലേക്കുള്ള അദ്ദേഹത്തിന്‍റെ പ്രയാണം നമ്മുടെയുള്ളിലെ മാറ്റത്തിനുള്ള സാധ്യതയെ കാണിച്ചുതരുന്നു.
ബാലകരായ ശ്രീരാമ ലക്ഷ്മണന്മാരെ കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി, ലോകവൈരികളായ ആസുര ശക്തികളെ നേരിടാൻ കരുത്തും കരുതലും നൽകി, ബലയും അതിബലയും പരിശീലിപ്പിച്ച് യമ, നിയമാദികൾ ചൊല്ലിക്കൊടുത്ത് ഉത്തമ പുരുഷന്മാരായി, ലോകോപകാരികളായി വളർത്തിയെടുത്ത മഹാഗുരു.
"കൗസല്യാ സുപ്രജാ രാമ!
പൂർവാ സന്ധ്യാ പ്രവർത്തതേ
ഉത്തിഷ്ഠ നരശാർദ്ദൂല!
കർത്തവ്യം ദൈവമാഹ്നികം'
അർഥം- ""കൗസല്യാദേവിയുടെ പുണ്യപുത്രനായ ശ്രീരാമാ! കിഴക്കേ ദിക്കിൽ പ്രഭാതം പൊട്ടിവിരിഞ്ഞിരിക്കുന്നു. നരശ്രേഷ്ഠനായ അങ്ങ് എഴുന്നേറ്റാലും. ലോകോപകാര്യാർഥമായി ചെയ്യേണ്ട കർത്തവ്യത്തിലേക്കു കടന്നാലും''.
അതതു സമയത്തു ചെയ്യേണ്ട കർത്തവ്യങ്ങളെക്കുറിച്ച്, ധർമത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ഉത്തമമായ ഗുരുധർമമെന്ന് ഉദ്ഘോഷിക്കുന്നു ഈ ശ്ലോകം.
ഇന്നു നമ്മളെത്തി നിൽക്കുന്ന ഈ വർത്തമാന കാലത്ത് ധർമച്യുതിയുടെയും മൂല്യ ശോഷണത്തിന്‍റെയും അതിർവരമ്പു വിട്ടു വിഹരിക്കുമ്പോൾ സനാതന ധർമത്തിന്‍റെ നൂലിഴകളെ കോർത്തിണക്കാൻ, രാഷ്‌ട്ര ധർമത്തെ നിലനിർത്താൻ, ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻ ഉയർന്ന ജോലിയുപേക്ഷിച്ച് സേവനത്തിനിറങ്ങുന്നവർ, പണം വേണ്ട, സമാധാനം മതി എന്ന് പറയുന്നവർ, അടുത്ത തലമുറയ്ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുന്ന മഹാമനീഷികൾ! കാഹളമോ കുഴലൂത്തുകളോ ഇല്ലാതെ നിശബ്ദസേവനത്തിനിറങ്ങുന്നവർ ഗുരുവിനെപ്പോലെ, നിശബ്ദമായി ഇന്നും ലോകത്തെ നന്നാക്കുന്നുണ്ട്.
ഇന്നിന്‍റെ നേർക്കാഴ്ചയിലേക്ക് നാം കണ്ണു തുറക്കുമ്പോൾ കാണുന്നത് അശാന്തിയുടെ പുകപടലങ്ങളാണ്. യുവതലമുറകളുടെ മസ്തിഷ്കത്തെ പരിപോഷിപ്പിച്ച് ബോധമണ്ഡലത്തെ ഉണർത്തി താന്താങ്ങളുടെ കർത്തവ്യബോധത്തെ ഉണർത്താൻ നമ്മുടെ ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ഗുരുപരമ്പരകൾ ചെലുത്തിയ പങ്ക് വർണനാതീതമാണ്.
"അകക്കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം' എന്ന മഹാവാക്യവും ഇത്തരുണത്തിൽ ശ്രദ്ധേയമാണ്
രാമായണ മാസത്തിൽ വിശ്വാമിത്രനെ ഓർക്കുമ്പോൾ നമ്മൾ ചോദിക്കണം, എന്‍റെ ജീവിതത്തിലെ "തപസ്' എന്താണ്? ഞാൻ ആരാകാൻ ആഗ്രഹിക്കുന്നു? പുറത്തുനിന്നുള്ള ബഹുമതികൾക്കപ്പുറം, എന്‍റെ ഉള്ളിലെ ഋഷിയെ ഞാൻ തിരിച്ചറിയുന്നുണ്ടോ? കാരണം വിശ്വാമിത്രൻ പറഞ്ഞുതരുന്നത് ഇതാണ്: നമ്മൾ ജനിച്ചത് എന്താകാനാണെന്ന് വിധി ഒന്നും തീരുമാനിക്കുന്നില്ല, മറിച്ച് നമ്മൾതന്നെയാണ് ആ തീരുമാനത്തിലെത്തേണ്ടതെന്നാണ്. നമ്മുടെ ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും കൊണ്ട് നമുക്കു കൈവരിക്കാൻ കഴിയാത്തതൊന്നുമില്ല എന്നുള്ള ഉദാത്തമായ പാഠം! ഇന്നു യുവതലമുറ നേരിടുന്ന അനേകം പ്രശ്നങ്ങൾക്കും വൈതരണികൾക്കും ഹേതുവായ അജ്ഞാനത്തെ മറികടക്കാൻ, യഥാർഥ ജ്ഞാനം കണ്ടെത്താൻ കാലം കടന്നും രാമായണവും ഗുരുവര്യരും നമുക്കു വഴികാട്ടികളാകുന്നു.
ഓം ഗുരുഭ്യോ നമ