കറിവേപ്പില മണക്കുന്ന, മുന്തിരി വിളയുന്ന, മെൽബണിലെ മലയാളിത്തോട്ടം

കിട്ടുന്ന ഒരു തണ്ട് കറിവേപ്പില പോലും യോദ്ധ സിനിമയിലെ ലാമയെ പോലെ നുള്ളിയും പിച്ചിയും ഉപയോഗിച്ച് അഞ്ജുവിന് മടുത്തിരുന്നു...
kitchen garden in Melbourne that smells of curry leaves and grows grapes

മെൽബണിലെ തോട്ടം

Updated on

മനു ഷെല്ലി

കാര്യം കഴിഞ്ഞാൽ കറിവേപ്പില പോലെ എന്നൊരു ചൊല്ലുതന്നെയുണ്ട് മലയാളത്തിൽ. പക്ഷേ, കറിവേപ്പില ഇല്ലാതെ മലയാളികൾക്ക് ഒരു ജീവിതമില്ല. എന്ത് കറിയായാലും അതിൽ രണ്ടുതണ്ട് കറിവേപ്പില കൂടി വേണം, അതിപ്പോ മട്ടാഞ്ചേരിയാണെങ്കിലും മെൽബണാണെങ്കിലും മലയാളികൾക്ക് നിർബന്ധമാണ്. അതുതന്നെയാണ് പോളിന്‍റെയും അഞ്ജുവിന്‍റെയും കുടുംബം ഇന്ന് ചർച്ചാവിഷയമാകുന്നതും. മെൽബണിലെ ക്രെയ്ഗിബേണിൽ കഴിഞ്ഞ ഇരുപത് വർഷത്തിലേറെ സ്ഥിരതാമസമാണെങ്കിലും, തനിനാടൻ കറികളോടാണ് ഫോഡ് മോട്ടോർ കമ്പനിയുടെ പ്രോഡക്‌റ്റ് ഡെവല്മെന്‍റ് ഡിവിഷനിൽ ജോലിചെയ്യുന്ന പോൾ എം. ജോസഫിനും ഭാര്യ അഞ്ജുവിനും പ്രിയം. എന്നാൽ, പച്ചക്കറികൾക്കാവട്ടെ തീവിലയും.

കിട്ടുന്ന ഒരു തണ്ട് കറിവേപ്പില പോലും യോദ്ധ സിനിമയിലെ ലാമയെ പോലെ നുള്ളിയും പിച്ചിയും ഉപയോഗിച്ച് അഞ്ജുവിന് മടുത്തു. ഒടുവിൽ അതങ്ങ് വീട്ടിൽ കൃഷി ചെയ്തുണ്ടാക്കിയാലോ എന്ന ചിന്തയായി. അങ്ങനെ കിട്ടിയ ഒരു വേപ്പിലത്തൈ നട്ട് കറിവേപ്പിന്‍റെ ആ ക്ഷാമം ഇല്ലാതാക്കി. ഒപ്പം മറ്റൊരു നിർണായക തീരുമാനവും അവരെടുത്തു. പ്രതികൂല കാലാവസ്ഥയിലും കറിവേപ്പില തഴച്ച് വളരുന്നുവങ്കിൽ മറ്റെന്തെങ്കിലും കൂടി എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ എന്നായി ചിന്ത. ഇന്ന് തന്‍റെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും ആപ്പിളും മുന്തിരിയും ഉൾപ്പെടെയുള്ള പഴങ്ങളുമെല്ലാം പോളും അഞ്ജുവും തങ്ങളുടെ കൊച്ചുപുരയിടത്തിൽ കൃഷി ചെയ്തെടുക്കുന്നു.

ഒരു തണ്ട് കറിവേപ്പിലയ്ക്കായി തങ്ങളോടിയ നെട്ടോട്ടമോർത്തിട്ടാവണം അയലത്തുകാർക്കും തന്‍റെ തഴച്ചുവളർന്ന കറിവേപ്പിൽ നിന്ന് സൗജന്യമായി വേണ്ടത് നൽകാനും പോളും കുടുംബവും മറക്കാറില്ല. കൃഷി അവർക്കൊരു വരുമാനമാർഗമല്ല. അതങ്ങനെ ആക്കാൻ പോളിനും അഞ്ജുവിനും മക്കളായ നിവേദിതയ്ക്കും നികിതയ്ക്കും താത്പര്യവുമില്ല. കൃഷിയോടുള്ള ഇഷ്ടവും തന്‍റെ അടുക്കളയിലേക്ക് വിഷരഹിതമായ പച്ചക്കറികൾ വിളയിച്ചെടുക്കാമെന്നുള്ള ആത്മവിശ്വാസവും പോളിന്‍റെ വിളയ്ക്ക് വളമാകുന്നു. ഒരാള്‍ എന്തെങ്കിലും നേടാന്‍ വേണ്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, ഈ പ്രപഞ്ചം മുഴുവന്‍ ആ സ്വപ്നസാക്ഷാത്കാരത്തിനായി അവന്‍റെ ഒപ്പമുണ്ടാകും എന്ന പൗലോ കൊയ്ലോയുടെ ആൽക്കമിസ്റ്റിലെ വാചകം പോളും കുടുംബവും നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.

logo
Metro Vaartha
www.metrovaartha.com