

വെള്ളത്തിനൊപ്പം കൂറ്റൻ പാമ്പും താഴേക്ക്, വീണത് കൈക്കുഞ്ഞുമായി വെള്ളച്ചാട്ടം കാണാൻ നിന്ന യുവാവിന്‍റെ ദേഹത്തേക്ക്; വിഡിയോ
മുംബൈ: കൈക്കുഞ്ഞുമായി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്‍റെ മേലേക്ക് കൂറ്റൻ പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവമുണ്ടായത്. വെള്ളച്ചാട്ടത്തിന്‍റെ മുകളിൽ നിന്ന് യുവാവിന്‍റെ തോളിലേക്ക് പാമ്പ് വീഴുകയായിരുന്നു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
കൈ കുഞ്ഞുമായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് യുവാവ് വരുമ്പോഴാണ് സംഭവമുണ്ടായത്. മുകളിലെ പാറയിൽ നിന്നാണ് പാമ്പ് യുവാവിന്‍റെ തോളിലേക്ക് പതിച്ചത്. തുടർന്ന് താഴേക്ക് വഴുതി വീഴുകയായിരുന്നു. പാറകൾക്ക് ഇടയിലൂടെ പാമ്പ് ഇഴഞ്ഞു പോകുന്നതും വിഡിയോയിലുണ്ട്.
പാറക്കെട്ടിൽ സ്ത്രീകൾ ഇരിക്കുന്നതും വിഡിയോയിൽ കാണാം. പാമ്പിനെ കണ്ടതോടെ ആളുകൾ ആശങ്കയിലാവുകയായിരുന്നു. മൂർഖൻ പാമ്പാണെന്ന് ഒരാൾ വിളിച്ചു പറയുന്നതും വിഡിയോയിൽ കേൾക്കാം. എന്നാൽ ഏത് പാമ്പാണ് എന്നതിൽ വ്യക്തതയില്ല.