

മരപ്പട്ടിയെ തോളിലേറ്റി നടന്നുപോകുന്ന പെൺകുട്ടി, കൂട്ടായി മുള്ളൻപന്നിയും: വൈറലായി അപൂർവ സൗഹൃദം
ചില വിഡിയോകൾ കാണുമ്പോൾ അത് എഐ നിർമിതമാണോ എന്ന് നമുക്ക് തോന്നും. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ അപൂർവ സൗഹൃദത്തിന്‍റെ വിഡിയോയുണ്ട്. പാടവരമ്പിലൂടെ മരപ്പട്ടിയേയും തോളിലേറ്റി നടക്കുന്ന പെൺകുട്ടി, അവളെ പിൻതുടരുന്ന മുള്ളൻപന്നി. ബംഗ്ലാദേശിലെ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം എന്ന് പറഞ്ഞാണ് ഈ വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഇത് ബംഗ്ലാദേശിൽ നിന്നുള്ളതല്ല. ശ്രീലങ്കയിൽ നിന്നുള്ളതാണ്.
പട്ടിയും പൂച്ചയും കോഴിയും താറാവുമൊക്കെയായി സൗഹൃദത്തിലാവുന്ന കുട്ടികളുടെ വിഡിയോ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല. മുള്ളൻപന്നിയും മരപ്പട്ടിയുമൊക്കെയാണ് ഈ പെൺകുട്ടിയുടെ സുഹൃത്തുക്കൾ. തന്‍റെ സുഹൃത്തുക്കൾക്കൊപ്പം കറങ്ങാൻ ഇറങ്ങിയതാണ് ഇവൾ. മരപ്പട്ടിയെ തോളത്ത് എടുത്താണ് കുട്ടി പാടത്തിന് നടുവിലൂടെ നടക്കുന്നത്. ഇവളെ പിന്തുടരുന്ന മുള്ളൻപന്നിയേയും വിഡിയോയിൽ കാണാം. ഇടയ്ക്ക് മുള്ളൻപന്നിയെ അവൾ നിലത്ത് വയ്ക്കുന്നുണ്ട്. എന്നാൽ മുള്ളൻപന്നി തന്‍റെ കൂട്ടുകാരിക്ക് പിന്നാലെ വച്ചുപിടിക്കുകയാണ്.
ഇവരുടെ സൗഹൃദം കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. ഇതുപോലെയുള്ള സൗഹൃദങ്ങൾ താൻ ഡിസ്നി സിനിമകളിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്നാണ് പലരുടേയും കമന്‍റുകൾ. ഈ കുട്ടി ഒരു ഡിസ്നി പ്രിൻസസ് ആണെന്നും പലരും കുറിക്കുന്നു. വിഡിയോ ബംഗ്ലാദേൽ നിന്നുള്ളതാണ് എന്ന് പറഞ്ഞാണ് പ്രചരിക്കപ്പെട്ടത്. എന്നാൽ യഥാർഥത്തിൽ വിഡിയോ ശ്രീലങ്കയിൽ നിന്നുള്ളതാണ്. വിഡിയോയിൽ കുട്ടി സിംഹള ഭാഷയിൽ സംസാരിക്കുന്നത് കേൾക്കാം. ശ്രീലങ്കൻ സ്വദേശിയായ പ്രഭാത് സിൽവയാ ആണ് 2026 ജൂൺ 11ന് വിഡിയോ ആദ്യമായി പങ്കുവച്ചത്. ചെറിയ മുള്ളൻപന്നി സഹോദരൻ അവന്‍റെ മൂത്ത സഹോദരിക്കൊപ്പം വയലിൽ പോകുന്നു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.