

ഷാനൻ ബേൺസ്
ലണ്ടൻ: ജോലി സംബന്ധമായ യാത്രയ്ക്കിടെ ഉറങ്ങിയതിനെ തുടർന്ന് പിരിച്ചുവിടപ്പെട്ട ടെക് മേഖലയിലെ മുൻ ഉദ്യോഗസ്ഥ ഭീമമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്ത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് 9,637 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഗിറ്റ്പോഡ് കമ്പനിയിൽ വൈസ് പ്രസിഡന്‍റായിരുന്ന ഷാനൻ ബേൺസ് എന്ന യുവതിയുടെ ആവശ്യം. ബ്രിട്ടനിലെ തൊഴിൽ ട്രൈബ്യൂണലിൽ നടന്ന കേസിലാണ് ഇത്രയും തുകയുടെ നഷ്ടപരിഹാര ആവശ്യം ഉയർന്നത്.
എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ) ഉള്ള ബേൺസ് 2023 ഏപ്രിലിൽ ഓസ്ട്രിയയിലെ ലോഫറിൽ നടന്ന ടീം ബിൽഡിങ് പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. യാത്രയ്ക്കിടെ മദ്യപിച്ചിരുന്ന അവർ മുറിയുടെ താക്കോൽ മറന്നതിനാൽ മുറിയിൽ പ്രവേശിക്കാനായില്ല. തുടർന്ന് അന്ന് രാത്രി സോണയിൽ (നീരാവി ഉപയോഗിച്ച് കുളിക്കാനുള്ള സംവിധാനം) കിടന്ന് ഉറങ്ങി. ഇതിനു പിന്നാലെ 2023 ജൂണിൽ ബേൺസിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
2025ൽ ബർമിങ്ഹാം എംപ്ലോയ്‌മെന്‍റ് ട്രൈബ്യൂണൽ ബേൺസിനെ പിരിച്ചുവിട്ടത് അവരുടെ വൈകല്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് വൈകല്യത്തിന്‍റെ പേരിൽ ബേൺസിന് അനുകൂലമായ വിധിയുണ്ടായി. ഭാവിയിൽ ലഭിക്കേണ്ടിയിരുന്ന വരുമാനത്തിലെ നഷ്ടം കണക്കിലെടുത്താണ് ഏകദേശം 9,637 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്ന് ബേൺസിന്‍റെ അഭിഭാഷക താര ഗ്രോസ്മാൻ പറഞ്ഞു.
എന്നാൽ നഷ്ടപരിഹാര ആവശ്യം 12.68 കോടി രൂപയായി പരിമിതപ്പെടുത്തണമെന്നും അതിന് മുകളിലുള്ള തുക ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും കമ്പനി വാദിച്ചു. 9,637 കോടി രൂപയുടെ നഷ്ടപരിഹാരം അസാധാരണമാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എന്നാൽ കമ്പനിയുടെ ആവശ്യം ജഡ്ജി റേച്ചൽ വെഡേഴ്സ്പൂൺ തള്ളി. ബേൺസിന് ഉയർന്ന ശമ്പളമുണ്ടായിരുന്നെന്നും ശമ്പളവും ഓഹരി മൂല്യവും ഉൾപ്പെടെയുള്ള നഷ്ടങ്ങളാണ് അവകാശവാദത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. കമ്പനിയിൽ 0.85 ശതമാനം ഓഹരി ബേൺസിനുണ്ടായിരുന്നുവെന്നതും ട്രൈബ്യൂണൽ പരിഗണിച്ചു. ആവശ്യപ്പെട്ട തുക അസാധാരണമാണെങ്കിലും അത് യുക്തിസഹജമല്ലെന്ന് ഇപ്പോൾ തന്നെ തീരുമാനിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി. അതേസമയം കേസിൽ അന്തിമ വിധി വന്നിട്ടില്ല. ടെക് മേഖല വിട്ട ബേൺസ് ഇപ്പോൾ തെറാപ്പിസ്റ്റാകാനുള്ള പരിശീലനത്തിലാണ്.