അബ്ദുൾ റഷീദ്: മഹാദേവന്‍റെ ദ്വാരപാലകൻ

ജമ്മു കശ്മീരിലെ ഗാന്ദർബൽ ജില്ലയിൽ മാനസ്‌ബൽ തടാകത്തിന്‍റെ തീരത്ത് പാതി മുങ്ങിയ നിലയിൽ ഒരു ശിവക്ഷേത്രമുണ്ട്. 1200 വർഷമാണ് പഴക്കം. അതിന്‍റെ കാവലാളാണ് അബ്ദുൾ റഷീദ്.

വി.കെ. സഞ്ജു

പെരിയാറിൽ വെള്ളം പൊങ്ങുമ്പോഴാണ് ആലുവ തേവരുടെ ആറാട്ട്. അങ്ങു വടക്കുവടക്ക്, ഹിമാലയൻ മലനിരകൾ അതിരിട്ടു നിൽക്കുന്ന മാനസ്‌ബൽ തടാകത്തിന്‍റെ തീരത്തുമുണ്ടൊരു ശിവക്ഷേത്രം. അവിടത്തെ തേവർക്ക് എന്നും ആറാട്ടാണ്; ശ്രീകോവിലും പ്രതിഷ്ഠയുമെല്ലാം എപ്പോഴും വെള്ളത്തിനടിയിൽ. പിരമിഡ് രൂപത്തിൽ മേൽക്കൂരയുടെ അഗ്രഭാഗം മാത്രം പുറത്തുകാണാം. ചുറ്റും കൽഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇപ്പോൾ കണ്ടാൽ കുളത്തിൽ മുങ്ങിപ്പോയ ഒരമ്പലം പോലെ!

ഇതു വെള്ളത്തിനടിയിൽ പണിതതാണോ അതോ പിന്നീട് മുങ്ങിപ്പോയതാണോ എന്നൊക്കെ സഹയാത്രികരുമായി അദ്ഭുതം കൂറി നിൽക്കുമ്പോൾ അതാ ശ്രീകോവിലിനു മുന്നിൽ നിന്ന് ഒരാൾ മേൽവസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നു. ബർമുഡയും അരക്കൈയൻ ബനിയനുമിട്ട് നൊടി നേരത്തിനിടെ അയാൾ വെള്ളത്തിലേക്ക് എടുത്തു ചാടി! മുകളിൽ നിന്നു നോക്കുമ്പോൾ മുട്ടൊപ്പമെന്നു തോന്നിച്ച വെള്ളത്തിനടിയിലേക്ക് അയാൾ ഊളിയിട്ടു പോയിരിക്കുന്നു. വിചാരിച്ചതിലധികം ആഴമുണ്ട്. മുങ്ങിപ്പോയ ശ്രീകോവിലിന്‍റെ ചെറിയ ദ്വാരം പോലെ ശേഷിച്ച വാതിലിലൂടെ അയാൾ ഉള്ളിലേക്ക്.‌

ഏതാനും നിമിഷം സന്ദർശകരാകെ ശ്വാസം അടക്കിപ്പിടിച്ചു നിന്നു. പെട്ടെന്നയാൾ വെള്ളത്തിൽ നിന്നു പൊങ്ങിവന്നു. കരയ്ക്കു കയറി, കൂടി നിന്നവരോടൊക്കെ ആവേശത്തോടെ സംസാരിച്ചു.

അബ്ദുൾ റഷീദ് എന്നാണ് പേര്. ഈ പുരാതന ക്ഷേത്രത്തിന്‍റെ കെയർടേക്കറാണ്. വെള്ളത്തിനടിയിലേക്ക് നീന്തിച്ചെന്ന്, മുങ്ങിത്താഴ്ന്ന കൽമണ്ഡപത്തിന്‍റെ ഉള്ളിലേക്കു കടന്ന്, അവിടെയുള്ള ചെറിയ ശിവലിംഗത്തിൽ തൊട്ടു വന്ദിച്ചാണ് അയാൾ തിരികെ കരയിലേക്ക് കയറുന്നത്.

മാനസ്‌ബൽ സർപ്രൈസ്

The Guardian of the Sunken Shiva

മാനസ്‌ബൽ തടാകത്തിലെ ശിക്കാര വള്ളം.

Metro Vaartha

ജമ്മു കശ്മീരിലെ സഫാപുരയിൽ സ്ഥിതി ചെയ്യുന്ന സെൻട്രൽ സിൽക്ക് ബോർഡിന്‍റെ (CSB) പി-4 ബേസിക് സീഡ് ഫാം കണ്ടു മടങ്ങുന്ന വഴിയായിരുന്നു ഈ സർപ്രൈസ്. സിഎസ്‌ബി മാനസ്‌ബൽ മേധാവി ഡോ. രാജേഷ് കുമാർ മധുരമുള്ള കുൾച്ചയും പാലൊഴിച്ച കശ്മീരി കാവയും തന്നു സ്വീകരിച്ചിരുത്തിയ ശേഷം തന്ന വാഗ്ദാനമായിരുന്നു മാനസ്‌ബൽ തടാകത്തിലൂടെയുള്ള ശിക്കാര റൈഡ്. ഈ പ്രദേശത്തിന്‍റെയാകെ സൗന്ദര്യം നുകരാൻ ഏറ്റവും നല്ല മാർഗം അതാണത്രെ. വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അമ്പലവും കാണാമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.

രോഗൻ ജോഷും ഗുഷ്താബയും രിസ്തയുമൊക്കെ ചേർന്ന കശ്മീരി വസ്വാൻ കഴിച്ചുകൊണ്ടിരിക്കുമ്പോൾ, മാനസ്‌ബലിലെ സെറി ടൂറിസം വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ടിരുന്നു രാജേഷ് കുമാർ. ഭക്ഷണം കഴിഞ്ഞ് ചുറ്റിനടന്ന് അവിടെയുള്ള ഔഷധച്ചെടികളുടെയൊക്കെ പേര് പറഞ്ഞു തന്നു. അവിടെ നിന്ന് ഝരോഖാ ബാഗ് എന്ന മുഗൾ ഗാർഡിനിലേക്ക് ചെറിയൊരു ഡ്രൈവ്. നിലം തുടയ്ക്കാൻ ഉപയോഗിക്കുന്ന ലോഷനിൽ അല്ലാതെ യഥാർഥ ലാവൻഡർ ഗന്ധം എന്താണെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അദ്ദേഹം പറിച്ചെടുത്ത് ഞെരടി കൈയിൽ വച്ചു തന്നെ ചെടിയിൽനിന്നാണ്.

തട്ടുതട്ടായി താഴേക്കിറങ്ങിച്ചെന്ന് മുഗൽ ഗാർഡന്‍റെ ചുവട്ടിൽ നിന്നാണ് ശിക്കാരയിൽ കയറുന്നത്.

''നീന്താനൊക്കെ അറിയാമല്ലോ അല്ലേ...?''

വള്ളക്കാരന്‍റെ ചോദ്യം കേട്ട് ഞെട്ടാതിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ ശുദ്ധജല തടാകമാണ് മാനസ്‌ബൽ ലേക്ക്. 43 അടി ആഴമുണ്ട്. ശുദ്ധജലമെന്ന് വെറുതേ പറയുന്നതല്ല. ആഴം കുറവുള്ള ഭാഗങ്ങളിൽ അടിത്തട്ടിലെ ഉരുളൻകല്ലുകളും പായലും പച്ചപ്പുമെല്ലാം തെളിഞ്ഞുകാണാം. മഞ്ഞ് പുതച്ചു തുടങ്ങിയിട്ടില്ലാത്ത ഹിമാലയം അതിരിട്ടു നിൽക്കുന്ന മനോഹര ജലാശയം. പാതി വിരിഞ്ഞ താമരകളും അവയുടെ ഇലകളിൽ വിശ്രമിക്കുന്ന നീർപ്പക്ഷികളും.

അകലത്തെ അദ്ഭുതം

The Guardian of the Sunken Shiva

താമരപ്പാടം പോലെയാണ് മാനസ്‌ബൽ തടാകത്തിന്‍റെ ചില ഭാഗങ്ങൾ. അവിടെ നീർപ്പക്ഷികളും സമൃദ്ധം.

Metro Vaartha

തടാകത്തിനു നടുവിലെ ഫ്ളോട്ടിങ് പ്ലാറ്റ്‌ഫോമിൽ ഫോട്ടൊ എടുക്കാൻ നിർത്തിയപ്പോഴും ക്ഷേത്രത്തിന്‍റെ ലക്ഷണങ്ങളൊന്നും എവിടെയും കാണാനില്ല. കരയ്ക്കു കയറി കുറച്ചു നടന്നാലേ കാണാൻ കഴിയൂ എന്ന് വള്ളക്കാരനോടു ചോദിച്ചു മനസിലാക്കി.

അങ്ങനെ മാനസ്‌ബൽ തടാകത്തിന്‍റെ മറുകരയിലൂടെയുള്ള നടത്തമാണ് ആദ്യം പറഞ്ഞ കുളത്തിന്‍റെ കരയിലേക്കു നയിച്ചത്. ഗാന്ദർബൽ ജില്ലയിലുള്ള വുളളാർ മാനസ്‌‌ബൽ ഡെവലപ്‌മെന്‍റ് അഥോറിറ്റി (WMDA) ഓഫിസിനു തൊട്ടുമുന്നിലാണ് അതുപുരാതനമായ ഈ അപൂർവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടം പുനരുദ്ധരിച്ച്, സംരക്ഷണഭിത്തി കെട്ടി സന്ദർശകർക്കു തുറന്നു കൊടുക്കുന്നത് 2023-ൽ മാത്രമാണ്.

''വർഷങ്ങളോളം ഈ അത്ഭുത നിർമിതി തടാകത്തിലെ തെളിനീരിനടിയിൽ പകുതിയോളം മുങ്ങിപ്പോയ നിലയിലായിരുന്നു'', അബ്ദുൾ റഷീദ് പറയുന്നു.

കല്ലിൽ കൊത്തിയ കാവ്യശില്പം

The Guardian of the Sunken Shiva

ശ്രീകോവിലിനുള്ളിലേക്ക് കടക്കാവുന്ന ദ്വാരം.

Metro Vaartha

ചാര നിറത്തിലുള്ള കൂറ്റൻ കല്ലുകളിൽ കൊത്തിയെടുത്ത ഈ പുരാതന സ്മാരകം കാശ്മീരിന്‍റെ പരമ്പരാഗത വാസ്തുവിദ്യയുടെ ഉജ്വലമായ പ്രതീകമാണ്. ഒൻപതാം നൂറ്റാണ്ടിൽ കശ്മീരിലെ ഉത്പല രാജവംശത്തിന്‍റെ സ്ഥാപകനായ അവന്തിവർമൻ നിർമിച്ച ക്ഷേത്രമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

''നൂറ്റാണ്ടുകളുടെ ചരിത്രവും നിഗൂഢതയുമാണ് ഈ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്'', പ്രദേശവാസിയായ ഗുലാം റസൂൽ കൂട്ടിച്ചേർക്കുന്നു.

ക്ഷേത്രത്തിന് ചുറ്റുമുള്ള കുളത്തിലെ വെള്ളത്തിന് പ്രത്യേക മധുരവും ഔഷധഗുണവുമുണ്ടെന്നു വിശ്വസിക്കുന്നവർ ഏറെ. രാജേഷ് കുമാർ ഞങ്ങൾക്ക് ഇവിടത്തെ പ്രകൃതിദത്ത നീരുറവയിൽ നിന്നുള്ള വെള്ളം കുപ്പിയിൽ പിടിച്ച് തരുകയും ചെയ്തു. മടിയോടെയാണെങ്കിലും കുടിച്ചു നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

മതസൗഹാർദത്തിന്‍റെ കശ്മീർ മോഡൽ

The Guardian of the Sunken Shiva

മാനസ്‌ബൽ തടാക തീരത്ത് പാതി മുങ്ങിയ നിലയിലുള്ള പുരാതന ശിവക്ഷേത്രം.

Metro vaartha

''ഈ ക്ഷേത്രം കശ്മീരിലെ ഹിന്ദു-മുസ്ലിം സഹോദര്യത്തിന്‍റെ മനോഹരമായ ഉദാഹരണമാണ്. മതങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യരെ ഒന്നിച്ചുനിർത്തുന്ന സ്ഥലം'', റസൂൽ അഭിമാനത്തോടെ പറയുന്നു.

ഭീതിയുടെയും ഭിന്നിപ്പിന്‍റെയും കഥകൾക്കിടയിൽ, ഈ പുരാതന ശിവക്ഷേത്രം സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമായാണ് നിലകൊള്ളുന്നത്. നിത്യപൂജയും നിവേദ്യവും ഒന്നുമില്ലെങ്കിലും, ഇവിടെ ശേഷിക്കുന്ന ചെറിയ ശിവലിംഗത്തെ ദിവസവും വാത്സല്യത്തോടെ തൊട്ടു തലോടാൻ ഒരു അബ്ദുൾ റഷീദാണുള്ളത്. യഥാർഥ കാശ്മീരിയത്തിന്‍റെ ഹൃദയമിടിപ്പാണ് റഷീദ്.

logo
Metro Vaartha
www.metrovaartha.com