

തെയ്യത്തിന്‍റെ അടിയേറ്റ് ബോധരഹിതനായി യുവാവ്; സംഭവിച്ചതെന്ത്‍?
നീലേശ്വരം: തെയ്യത്തിന്‍റെ പരിച കൊണ്ടുള്ള അടിയേറ്റ് യുവാവ് ബോധരഹിതനായി വീഴുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യഥാർഥത്തിൽ സംഭവിച്ചതെന്തെന്നറിയാം. കാസർഗോഡ് പള്ളിക്കര പാലരക്കീഴിലെ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പൂമാരുതൻ ദൈവത്തിന്‍റെ വെള്ളാട്ടമാണ് നടന്നിരുന്നത്. തട്ടും വെള്ളാട്ടമെന്നാണ് ഇതറിയപ്പെടുന്നത് വെള്ളാട്ടത്തിനിടെ ആചാരത്തിന്‍റെ ഭാഗമായി ആളുകളെ ഭയപ്പെടുത്തുന്നതിനായി പരിച കൊണ്ടുന്നത് പതിവാണ്. തെയ്യത്തിന്‍റെ തട്ടു കൊള്ളാതെ എല്ലാവരും മാറി നിൽക്കുകയാണ് പതിവ്. ചിലർ പ്രകോപിപ്പിക്കാനായി നിന്നിടത്ത് തന്നെ നിൽക്കാറുമുണ്ട്.
എന്നാൽ അപ്രതീക്ഷിതമായി മരം കൊണ്ട് നിർമിച്ച പരിച യുവാവിന്‍റെ തലയ്ക്കു പിന്നിൽ അടിക്കുകയായിരുന്നു. പ്രദേശവാസിയായ മനുവിനാണ് പരിച കൊണ്ട് അടിയേറ്റത്. ഉടൻ തന്നെ മനു ബോധരഹിതനായി നിലത്തു വീണു.
നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ മനുവിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് വെള്ളാട്ടം റദ്ദാക്കിയിരുന്നു.