തിരുവൈരാണിക്കുളത്ത് ശ്രീപാർവ്വതിദേവിയുടെ നടതുറന്നു; ഭക്തർക്കായി പ്രത്യേക ബസ് സർവീസുകൾ

ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും.
 Thiruvairanikkulam temple opens, special ksrtc service for devotees route details
തിരുവൈരാണിക്കുളത്ത് ശ്രീപാർവ്വതിദേവിയുടെ നടതുറന്നപ്പോൾ ദർശനത്തിനെത്തിയ ഭക്തർ
Updated on

ധനുവിലെ തിരുവാതിര നാളിൽ ഭക്തർക്ക് ദർശനപുണ്യം നൽകി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതിദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങൾ ഉമാമഹേശ്വര അനുഗ്രഹത്താൽ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള വർണാഭമായ തിരുവാഭരണ ഘോഷയാത്ര ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂർ മനയിൽ നിന്നാണ് ആരംഭിച്ചത്.

മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം അകവൂർ ചാത്തന്‍റെ സന്നിധിയിലെ കെടാവിളക്കിൽ നിന്ന് അധൃത് പരമേശ്വർ പകർന്നു നൽകിയ ദീപവും മനയിലെ കാരണവർ അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാടിന്‍റെ പക്കൽ നിന്ന് ഉമാമഹേശ്വരന്മാർക്ക് ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് പി.യു. രാധാകൃഷ്ണൻ, സെക്രട്ടറി എ.എൻ. മോഹനൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച രഥത്തിൽ പ്രതിഷ്ഠിച്ചു. വിവിധ വാദ്യമേളങ്ങളുടെയും പൂക്കാവടികളുടെയും അകമ്പടിയോടെ പഞ്ചാക്ഷരീ മന്ത്രങ്ങൾ ഉരുവിട്ട് നീങ്ങിയ ഘോഷയാത്രയിൽ നൂറുകണക്കിന് ബാലികമാരും യുവതികളും പൂത്താലങ്ങളേന്തി അണിനിരന്നു. മൂന്നര മണിക്കൂർ പിന്നിട്ട് ഘോഷയാത്ര രാത്രി ഏഴര മണിയോടെ ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നപ്പോൾ ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി രഥത്തിൽ നിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളിൽ അണിയിച്ചു. തിരുമുഖത്തോടൊപ്പം ചെറുതാലിക്കൂട്ടം, കാശാലി, പൂത്താലി, നാഗപടത്താലി, പാലയ്ക്ക, കെട്ടരമ്പ് എന്നിവ ചാർത്തി ദേവിയെ സർവ്വാഭരണ വിഭൂഷിതയാക്കി. ശ്രീമഹാദേവനെയും ആഭരണങ്ങൾ അണിയിച്ചു. ക്ഷേത്ര ഊരാൺമക്കാരായ അകവൂർ, വെടിയൂർ, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴി സങ്കല്പമായ പുഷ്പണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ദേവിയുടെ തിരുനടയുടെ മുന്നിലെത്തിയതോടെ നട തുറക്കുന്നതിനായുള്ള ചടങ്ങുകൾ ആരംഭിച്ചു.

തിരുവൈരാണിക്കുളത്ത് ശ്രീപാർവ്വതിദേവിയുടെ നടതുറന്നു; ഭക്തർക്കായി പ്രത്യേക ബസ് സർവീസുകൾ
തിരുവൈരാണിക്കുളത്ത് ശ്രീപാർവ്വതിദേവിയുടെ നടതുറന്നു; ഭക്തർക്കായി പ്രത്യേക ബസ് സർവീസുകൾ

ക്ഷേത്രാചാരപ്രകാരമുള്ള പരമ്പരാഗത ചടങ്ങുകൾ പൂർത്തിയാക്കി സമുദായ തിരുമേനിയുട നിർദ്ദേശപ്രകാരം ബ്രാഹ്മണിയമ്മ നടതുറന്നാലും എന്ന് പറയുകയും മേൽശാന്തി ശ്രീ പാർവതീ ദേവിയുടെ നട തുറന്നു. തിരുനട ദർശനത്തിനായി തുറന്നപ്പോൾ പഞ്ചാക്ഷരീ മന്ത്രങ്ങളാലും ദേവി സ്തുതികളാലും ക്ഷേത്ര പരിസരം മുഖരിതമായി. ഒരു വർഷം നീണ്ട കാത്തിരിപ്പിന്‍റെ ദർശനസാഫല്യത്തിനും ചടങ്ങുകൾ കാണുന്നതിനുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തിങ്ങിനിറഞ്ഞിരുന്നത്. ദർശനത്തിനുശേഷം രാത്രി 10 ന് നട അടച്ച് ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചു. പിന്നീട് ദേവിയെ സ്തുതിച്ചു കൊണ്ടുള്ള തിരുവാതിര കളിയും പൂത്തിരിവാതിര ചടങ്ങുകളും പാതിരാപൂ ചൂടലും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്‍റ് പി.കെ. നന്ദകുമാർ, പബ്ലിസിറ്റി കൺവീനർ എം.എസ്. അശോകൻ, മാനേജർ എം.കെ. കലാധരൻ, ഊരാൺമ കുടുംബാംഗങ്ങളായ അകവൂർ ശങ്കരൻ നമ്പൂതിരിപ്പാട്, അകവൂർ ഹരിദാസ് നമ്പൂതിരിപ്പാട് തപൻ അകവൂർ, ക്ഷേത്ര ട്രസ്റ്റ് അംഗം എ. മോഹൻകുമാർ തുടങ്ങിയവർ നടതുറപ്പ് ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.

ഭക്തജനങ്ങൾക്ക് പുഷ്പാഞ്ജലികൾ, ധാര, ബ്രാഹ്മണിപ്പാട്ട് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനും പട്ട്, പുടവ, ഇണപുടവ, താലി, തൊട്ടിൽ, വാൽക്കണ്ണാടി എന്നിവ ദേവിക്ക് സമർപ്പിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ദേവിപ്രസാദമായ അരവണ പായസം, അപ്പം, അവൽ നിവേദ്യം എന്നിവ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ നിന്ന് ലഭിക്കും. ദേവിയുടെ പ്രധാന വഴിപാടായ മഞ്ഞൾ പറ, മഹാദേവന് എള്ള് പറ മുതലായ പറകൾ നിറയ്ക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദിവസവും ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകും.

നടതുറപ്പ് വേളയിൽ രാവിലെ 4 മുതൽ ഉച്ചക്ക് 1.30 വരേയും 2 മുതൽ രാത്രി 9 വരെയുമാണ്ദർശനം സാധ്യമാകുക. കെ എസ് ആർ ടി സി ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി മുതലായ ഡിപ്പോകളിൽ നിന്നും തിരുവൈരാണിക്കുളത്തേക്ക് പ്രത്യേക ബസ് സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവയിൽ നിന്നും പെരുമ്പാവൂരിൽ നിന്നും വരുന്ന ഭക്തജനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് റൂട്ടിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിച്ച് മാറമ്പള്ളി ജംഗ്ഷനിൽ എത്തി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. കാലടി വഴി വരുന്നവർ കാലടി ആലുവ റോഡിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിച്ച് ശ്രീമൂലനഗരം വല്ലം റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരാം. ദേശീയ പാത വഴി വരുന്നവർക്ക് ദേശം, ചൊവ്വര, ശ്രീമൂലനഗരം വഴിയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. നടതുറപ്പ് മഹോത്സവം 23 നാണ് സമാപിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com