
മഴയല്ലേ ചൂട് സൂപ്പുണ്ടാക്കാം; വെറും അര മണിക്കൂർ!
മഴക്കാലത്ത് ചൂടു ചായ കുടിച്ച് മടുത്തെങ്കിൽ ഇനി അൽപ്പം സൂപ്പാകാം. നല്ല തക്കാളിയും കുരുമുളകും ചേർത്ത സൂപ്പ് കുടിച്ചാൽ തണുപ്പ് മാത്രമല്ല ചെറിയ പനിയും ചുമയും തൊണ്ട വേദനയുമെല്ലാം പമ്പ കടക്കും. ടുമാറ്റോ പെപ്പർ ക്ലിയർ സൂപ്പ് വെറും അര മണിക്കൂർ കൊണ്ട് ഉണ്ടാക്കാം.
ചേരുവകൾ
ഇടത്തരം തക്കാളി-3
ചതച്ചെടുത്ത കുരുമുളക്- 10
അരിഞ്ഞ വെളുത്തുള്ളി-4 അല്ലി
ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്,
ചെറിയ കറുവപ്പട്ട,
ചെറിയുള്ളി അരിഞ്ഞത്-3
ബട്ടർ അല്ലെങ്കിൽ എണ്ണ, ഉപ്പ് എന്നിവ പാകത്തിന്
സൂപ്പ് ഉണ്ടാക്കുന്ന വിധം
തക്കാളി, കറുകപ്പട്ട, ചതച്ച കുരുമുളക് എന്നിവയെല്ലാം 250 മില്ലി വെള്ളത്തിൽ തിളപ്പിക്കുക. തക്കാളി വെന്തു പാകമായാൽ തീ അണയ്ക്കാം. പിന്നീട് ഈ മിശ്രിതം തണുപ്പിച്ചതിനു ശേഷം തക്കാളി അതിൽ തന്നെ നന്നായി ഉടച്ചെടുക്കുക.
ഒരു പാനിൽ എണ്ണയോ ബട്ടറോ ചൂടാക്കിയതിനു ശേഷം അരിഞ്ഞെടുത്ത വെളുത്തുള്ളിയും ചുവന്നുള്ളിയും ചെറു തീയിൽ നന്നായി വഴറ്റി എടുക്കുക. അതിലേക്ക് വേവിച്ചു വച്ച തക്കാളിയും അൽപ്പം ഉപ്പും ചേർത്ത് ഒന്നു കൂടി തിളപ്പിക്കാം. മുകളിൽ പുതിനയിലകളും കുരുമുളകു പൊടിയും തൂവി ചൂടോടെ വിളമ്പാം.